Connect with us

Kozhikode

പേനപ്പാറ- തെയ്യപ്പാറ റോഡ് നവീകരണ പ്രവൃത്തി തുടങ്ങി

Published

|

Last Updated

താമരശ്ശേരി: പുതുപ്പാടി, കോടഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പേനപ്പാറ- തെയ്യപ്പാറ റോഡിന്റെ നവീകരണ പ്രവൃത്തി ആരംഭിച്ചു.
പേനപ്പാറ മുതല്‍ തെയ്യപ്പാറ, പടുപുറം വഴി കുരിശിങ്കല്‍ വരെയുള്ള 4.35 കിലോമീറ്റര്‍ റോഡ് എട്ട് മീറ്ററില്‍ വീതികൂട്ടി ടാറിംഗ് നടത്താനായി മൂന്നേമുക്കാല്‍ കോടിയുടെ പദ്ധതിക്കാണ് അനുമതി ലഭിച്ചത്. നവീകരണ പ്രവൃത്തി എം ഐ ഷാനവാസ് എം പി ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ സി എ ലത മുഖ്യാതിഥിയായിരുന്നു. പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആഇശക്കുട്ടി സുല്‍ത്താന്‍, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്റണി നീര്‍വേലില്‍, ജില്ലാ പഞ്ചായത്ത് അംഗം വി ഡി ജോസഫ് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ സംബന്ധിച്ചു.
എം പി യും ജില്ലാ കലക്ടറും സംബന്ധിച്ച ഉദ്ഘാടന ചടങ്ങില്‍ വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രമാണ് പങ്കെടുത്തത്. അധ്യക്ഷത വഹിക്കേണ്ട സി മോയിന്‍കുട്ടി എം എല്‍ എ സ്ഥലത്തെത്തി മടങ്ങുകയായിരുന്നു. തെയ്യപ്പാറ ഭാഗത്ത് റോഡിന് ഭൂമി വിട്ടുകൊടുത്തില്ലെന്നാരോപിച്ച് അന്‍പതോളം പേര്‍ സംഘടിച്ച് അഞ്ചുപേരുടെ കൃഷി ഭൂമി കൈയേറുകയും വിളകള്‍ വെട്ടി നശിപ്പിക്കുകയും ചെയ്തിരുന്നു. ഇരുപതിലേറെ തെങ്ങ്, റബര്‍ എന്നിവ ഉള്‍പ്പെടെയാണ് വെട്ടിനശിപ്പിച്ചത്. സംഭവത്തില്‍ നിരവധി പേര്‍ക്കെതിരെ കേസ് നിലവിലുണ്ട്. അക്രമത്തിന് അന്‍പതോളം പേര്‍ പങ്കെടുത്തെങ്കിലും റോഡിന്റെ പ്രവൃത്തി ഉദ്ഘാടനത്തിന് അന്‍പതുപേര്‍പോലും പങ്കെടുക്കാതിരുന്നത് നാട്ടില്‍ ചര്‍ച്ചയായിരിക്കുകയാണ്.

Latest