Connect with us

Kozhikode

സംസ്ഥാനത്തെ പ്രഥമ സമ്പൂര്‍ണ ആരോഗ്യ സാക്ഷര ഗ്രാമമായി മാറാന്‍ നൊച്ചാട് പഞ്ചായത്ത്

Published

|

Last Updated

പേരാമ്പ്ര: സംസ്ഥാനത്തെ പ്രഥമ സമ്പൂര്‍ണ ആരോഗ്യ സാക്ഷര ഗ്രാമമായി നൊച്ചാട് പഞ്ചായത്തിനെ മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലെത്തിയതായും പദ്ധതിയുടെ ഉദ്ഘാടനം ഈ മാസം 16ന് മന്ത്രി എം കെ മുനീര്‍ നിര്‍വഹിക്കുമെന്നും ഗ്രാമപഞ്ചായത്ത് ഭരണസമിതിയും സംഘാടകരും സംയുക്ത വാര്‍ത്താ സമ്മേളനത്തിലറിയിച്ചു.
മുളിയങ്ങല്‍ ചെറുവാളൂര്‍ ഗവ. എല്‍ പി സ്‌കൂളില്‍ വൈകീട്ട് മൂന്നിന് നടക്കുന്ന പരിപാടിയില്‍ കെ കുഞ്ഞമ്മദ് എം എല്‍ എ അധ്യക്ഷത വഹിക്കും.
മംഗള്‍യാന്‍ ദൗത്യത്തില്‍ പങ്കെടുത്ത ഗ്രാമപഞ്ചായത്തിലെ വാല്ല്യക്കോട് സ്വദേശികളായ എ കെ സിജു, പി കെ ബാബു, ദേശീയ വോളിബോള്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചാലിക്കരയിലെ കെ കെ ഫാസില്‍ എന്നിവരെ ചടങ്ങില്‍ അനുമോദിക്കും. മുന്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം, ആരോഗ്യ രംഗവുമായി ബന്ധപ്പെട്ടു പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പ്രകാശനം എന്നിവയും ചടങ്ങിനോടനുബന്ധിച്ചുണ്ടാകും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജമീല, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി കെ മോഹനന്‍, ഡി ഡി പി. എന്‍ സുരേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ കെ പി ഷീബ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ സംബന്ധിക്കും. ആരോഗ്യ ഗ്രാമം പദ്ധതി പ്രഖ്യാപനത്തിന്റെ വിളംബരം പ്രമേഹ ദിനമായ ഇന്ന് വൈകീട്ട് മൂന്നിന് കൂട്ടനടത്തം സംഘടിപ്പിച്ച് നടത്താന്‍ തീരുമാനിച്ചതായും ഇവര്‍ പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന വൈശാഖ്, അംഗങ്ങളായ ബിന്ദു അമ്പാളി, എടവന സുരേന്ദ്രന്‍, ഇ വത്സല, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ കെ വിനോദ്കുമാര്‍, സംഘാടക സമിതി കോ- ഓര്‍ഡിനേറ്റര്‍ അഡ്വ. കെ കെ രാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Latest