Connect with us

National

മഹാരാഷ്ട്ര സഭയില്‍ നാടകീയത; ഒടുവില്‍ വിശ്വാസം

Published

|

Last Updated

മുംബൈ: നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയില്‍ ബി ജെ പി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി. ശബ്ദ വോട്ടോടെയാണ് സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചത്. വോട്ടെടുപ്പ് വേണമെന്ന ശിവസേനയുടെയും കോണ്‍ഗ്രസിന്റെയും ആവശ്യം സ്പീക്കര്‍ പരിഗണിച്ചില്ല. ഇതേത്തുടര്‍ന്ന് ഇരു പാര്‍ട്ടികളുടെയും അംഗങ്ങള്‍ സഭയില്‍ ബഹളം വെച്ചതോടെ സഭാ നടപടികള്‍ തടസ്സപ്പെട്ടു. ഗവര്‍ണറെ ഘെരാവോ ചെയ്ത കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് രണ്ട് ദിവസത്തേക്ക് സസ്‌പെന്‍ഷന്‍ നല്‍കുകയും ചെയ്തു.
ബി ജെ പിക്ക് നേരത്തെ പിന്തുണ പ്രഖ്യാപിച്ച എന്‍ സി പി അംഗങ്ങള്‍ പ്രതിപക്ഷ ബഹളത്തിനിടെ നിശ്ശബ്ദരായി അവരുടെ ഇരിപ്പിടങ്ങളിലിരുന്ന് ബി ജെ പിയെ സഹായിക്കുകയായിരുന്നു. പ്രത്യേകം വോട്ടെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ടതുമില്ല. ഇതോടെയാണ് വിശ്വാസപ്രമേയം പാസ്സായതായി സ്പീക്കര്‍ പ്രഖ്യാപിച്ചത്. എന്‍ സി പിയുടെ 41 അംഗങ്ങളുടെയും രാഷ്ട്രീയ സമാജ് പക്ഷിന്റെ ഒരംഗത്തിന്റെയും ഏഴ് സ്വതന്ത്ര അംഗങ്ങളുടെയും പിന്തുണ തങ്ങള്‍ക്ക് ലഭിച്ചതായി ബി ജെ പി അവകാശപ്പെട്ടു. അതേസമയം, കോണ്‍ഗ്രസും ശിവസേനയും വിശ്വാസ വോട്ടെടുപ്പ് വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രത്യേകം വോട്ടെടുപ്പ് നടത്താതെ സര്‍ക്കാറിനെ അംഗീകരിക്കില്ലെന്ന് അവര്‍ പറഞ്ഞു. ഇക്കാര്യം ഉന്നയിച്ച് ഗവര്‍ണറെ കാണുമെന്നും ഇരു പാര്‍ട്ടികളും വ്യക്തമാക്കി.
രാവിലെ നടന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ബി ജെ പിയിലെ ഹരിബാവു ബാഗ്‌ദേ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ശിവസേനയും കോണ്‍ഗ്രസും തങ്ങളുടെ സ്ഥാനാര്‍ഥികളെ പിന്‍വലിച്ചതോടെയാണ് ബാഗ്‌ദേ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ഔറംഗാബാദ് ജില്ലയിലെ പുലാംബരി മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന ബാഗ്‌ദേ ബി ജെ പിയുടെ മുതിര്‍ന്ന നേതാവാണ്.
വിശ്വാസ വോട്ടെടുപ്പില്‍ ബി ജെ പി സര്‍ക്കാറിനെതിരെ വോട്ട് ചെയ്യാന്‍ ശിവസേന അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിരുന്നു. കേവല ഭൂരിപക്ഷത്തിന് എന്‍ സി പിയുടെ പിന്തുണ സ്വീകരിക്കാന്‍ തീരുമാനിച്ച ബി ജെ പി ജനങ്ങളെ വഞ്ചിച്ചുവെന്ന് ശിവസേന ആരോപിച്ചു. മഹാരാഷ്ട്രയിലെ ഭിന്നതയുടെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രി സഭയിലെ തങ്ങളുടെ പ്രതിനിധിയെ പിന്‍വലിക്കാന്‍ ശിവസേന ആലോചിക്കുന്നുണ്ട്. ബി ജെ പിക്ക് 122 സീറ്റുകളാണുള്ളത്. ഭൂരിപക്ഷത്തിന് 145 എം എല്‍ എമാരുടെ പിന്തുണ വേണ്ടിയിരുന്നു. എന്‍ സി പിക്ക് 41 എം എല്‍ എമാരും ശിവസേനക്ക് 63 എം എല്‍ എമാരാണുള്ളത്. ജനാധിപത്യത്തെ കശാപ്പു ചെയ്ത് ബി ജെ പി നേടിയ വിജയം അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചവാന്‍ പറഞ്ഞു. ബി ജെ പി മഹാരാഷ്ട്രയിലെ ജനങ്ങളുടെ വിശ്വാസം തകര്‍ത്തിരിക്കുകയാണെന്ന് ശിവസേന നേതാവ് രാംദാസ് കാദം പറഞ്ഞു.
ബാലറ്റ് വോട്ടിംഗ് ഒഴിവാക്കി ശബ്ദവോട്ടെടുപ്പിന് ബി ജെ പിക്ക് അവസരം നല്‍കിയ ഗവര്‍ണര്‍ സി എച്ച് വിദ്യാസാഗര്‍ റാവുവിനെ കോണ്‍ഗ്രസ് എം എല്‍ എമാര്‍ ഘെരാവോ ചെയ്യുകയായിരുന്നു. നിയമസഭക്ക് പുറത്തുവെച്ച് ഇന്നലെ ഉച്ചതിരിഞ്ഞായിരുന്നു സംഭവം. എന്നാല്‍ മഹാരാഷ്ട്ര നിയമസഭയുടെ പ്രഥമ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ഗവര്‍ണര്‍ സി എച്ച് വിദ്യാസാഗര്‍ റാവുവിന് എം എല്‍ എ മാരുടെ പ്രതിഷേധത്തിനിടെ പരുക്കേറ്റതായി റവന്യൂ മന്ത്രി ഏക്‌നാഥ് ഖദ്‌സെ ആരോപിച്ചു. സംഭവത്തില്‍ രാഹുല്‍ ബോന്ദ്രെ, അമര്‍ കലെ, രജ്ഞിത് കാബ്ലി, വിജയ് വഡെത്തിവാര്‍, അബ്ദുല്‍ സത്താര്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. പ്രതിഷേധം ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ലെന്നും സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും സഭയിലെ കോണ്‍ഗ്രസ് നേതാവ് രാധാകൃഷ്ണ വിഖെ പാട്ടീല്‍ പറഞ്ഞു.

Latest