Connect with us

National

ഇന്ത്യയില്‍ പത്തില്‍ ആറ് പുരുഷന്‍മാരും ഭാര്യമാരെ പീഡിപ്പിക്കുന്നതായി യു എന്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പത്തില്‍ ആറ് പുരുഷന്‍മാരും തങ്ങളുടെ ഭാര്യമാരെ പീഡിപ്പിക്കുന്നതായി സര്‍വേ. സാമ്പത്തിക പ്രതിസന്ധിയില്‍ പ്രയാസം നേരിടുന്നവരും കുട്ടിക്കാലത്ത് വിവേചനം അനുഭവിച്ചവരുമായ പുരുഷന്‍മാരാണ് പീഡനത്തില്‍ മുന്നിലെന്നും യുനൈറ്റഡ് നാഷണ്‍ വേള്‍ഡ് പോപ്പുലേഷന്‍ ഫണ്ട്(യു എന്‍ എഫ് പി എ)യും വാഷിംഗ്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഫോര്‍ വുമണ്‍ എന്ന സംഘടനയും തയ്യാറാക്കിയ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളില്‍ നിന്നായി 18നും 49നും ഇടയിലുള്ള 9,205 പേര്‍ക്കിടയിലാണ് സര്‍വേ നടത്തിയത്.
നിന്ദിക്കല്‍, ഭീഷണിപ്പെടുത്തല്‍, ശാരീരിക പീഡനം, തൊഴിക്കല്‍, ലൈംഗികമായ പീഡനം തുടങ്ങിയ രീതിയിലെല്ലാം ഭര്‍ത്താക്കന്‍മാരുടെ ആക്രമണങ്ങള്‍ക്ക് പങ്കാളികള്‍ വിധേയരാകുന്നു. കുട്ടിക്കാലത്തെ അനുഭവങ്ങളും സാമൂഹിക സാമ്പത്തിക ചുറ്റുപാടുകളും ആണത്തത്തെ ക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളുമെല്ലാമാണ് ആക്രമണത്തിന് കാരണമാകുന്നത്. ഭാര്യമാര്‍ക്കെതിരെ ആക്രമണത്തിന് മുതിരുന്ന പുരുഷന്‍മാരില്‍ ഭൂരിഭാഗവും സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നവരാണ്. പുരുഷന്‍മാരാണ് കുടുംബത്തിന് സാമ്പത്തിക ഭദ്രത നല്‍കേണ്ടതെന്ന ധാരണയാണ് ഇതിന് കാരണമെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.
ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ഒഡീഷ, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് സര്‍വേ നടത്തിയിരുന്നത്. ഉത്തര്‍പ്രദേശിലും ഒഡീഷയിലുമാണ് ഭാര്യമാര്‍ ഏറ്റവും കൂടുതല്‍ ഭര്‍തൃ പീഡനത്തിന് ഇരയാകുന്നത്. ഇവിടങ്ങളിലെ 70ശതമാനം ഭര്‍ത്താക്കന്‍മാരും ഭാര്യമാരോട് അതിക്രമം കാണിക്കുന്നവരാണ്. 2013ല്‍ സ്ത്രീകള്‍ക്കെതിരെ നടന്ന മൊത്തം ആക്രമണ കേസുകളില്‍, 38 ശതമാനവും ഭര്‍ത്താക്കന്‍മാര്‍ തന്നെയാണ് പ്രതിസ്ഥാനത്തുള്ളതെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡസ് ബ്യൂറോ പറയുന്നു. 1,18,866 കേസുകളാണ് ഈയിനത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്.

---- facebook comment plugin here -----

Latest