Connect with us

Editorial

സപ്ലൈക്കോയില്‍ കൊള്ളവില

Published

|

Last Updated

നിത്യോപയോഗ സാധനങ്ങള്‍ക്ക് സപ്ലൈക്കോ വില കുത്തനെ ഉയര്‍ത്തിയിരിക്കയാണ്. സബ്‌സിഡി 20 മുതല്‍ 30 ശതമാനം വരെ മതിയെന്ന സര്‍ക്കാര്‍ ഉത്തരവിന്റെ മറവിലാണ് 87 ശതമാനം വരെ സപ്ലൈക്കോ വില വര്‍ധന പ്രഖ്യാപിച്ചത്. സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്തിരുന്ന ഉത്പന്നങ്ങളില്‍ വറ്റല്‍ മുളക് ഒഴികെയുള്ള എല്ലാറ്റിന്റെയും വിലയില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. ഇതോടെ പൊതുവിപണിയിലെയും സപ്ലൈക്കോ കടകളിലെയും നിത്യോപയോഗ സാധനങ്ങളുടെ വിലയിലെ അന്തരം നാമമാത്രമായി.
ക്രമാതീതമായി ഉയര്‍ന്നു കൊണ്ടിരിക്കുന്ന നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാനാണ് കേരള സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ മാവേലി സ്റ്റോറുകളും സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റുസളും ആരംഭിച്ചത്. സപ്ലൈക്കോ കടകളില്‍ പൊതുവിപണിയേക്കാള്‍ സാധനങ്ങള്‍ക്ക് വന്‍വിലക്കുറവുണ്ടായിരുന്നതിനാല്‍ സാധാരണക്കാര്‍ക്ക് ഈ സംരംഭം വലിയ ആശ്വാസമായിരുന്നുവെന്ന് മാത്രമല്ല, പൊതുവിപണിയിലെ വില പിടിച്ചുനിര്‍ത്താന്‍ സഹായകവുമായിരുന്നു. രാജ്യത്ത് സാമ്പത്തിക നയത്തില്‍ വന്ന പരിഷ്‌കരണത്തോടെ സബ്‌സിഡി വെട്ടിക്കുറയ്ക്കുന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി സപ്ലൈക്കോ മാര്‍ക്കറ്റുകളില്‍ അടുത്ത കാലത്തായി സാധനങ്ങളുടെ വില അടിക്കടി വര്‍ധിപ്പിക്കുകയും തന്മൂലം ഇവയുടെ സ്ഥാപിതലക്ഷ്യം നഷ്ടപ്പെടു കയുമാണ്. കഴിഞ്ഞ ഓണത്തിന് മുമ്പായി പല സാധനങ്ങള്‍ക്കും സപ്ലൈക്കോ വില വര്‍ധിപ്പിച്ചതാണ്. അത് കഴിഞ്ഞു ഏറെ താമസിയാതെയാണ് ഇപ്പോള്‍ വീണ്ടും വന്‍വര്‍ധന പ്രഖ്യാപിച്ചത്.
സപ്ലൈക്കോ കടകളില്‍ വിതരണം ചെയ്യുന്ന ഉത്പന്നങ്ങളുടെ നിലവാരവും മോശമാണ്. മുളക്, മല്ലി, പഞ്ചസാര, പയര്‍ വര്‍ഗങ്ങള്‍ തുടങ്ങി പല സാധനങ്ങളും പൊതുവിപണികളിലേതിനെ അപേക്ഷിച്ചു പാടേ നിലവാരമില്ലാത്തതാണെന്ന് വ്യാപകമായ പരാതിയുണ്ട്. മാത്രമല്ല, ഒരേ സാധനം തന്നെ സബ്‌സിഡി നിരക്കിലും ഉയര്‍ന്ന നിരക്കിലും വിതരണം ചെയ്യുന്ന രീതി നടപ്പിലായതോടെ സബ്‌സിഡി സാധനങ്ങളുടെ വിതരണം നാമമാത്രമാവുകയും ചെയ്തു. 21 രൂപക്ക് മാസത്തില്‍ 5 കിലോ വീതം നല്‍കുന്ന കുറുവ, മട്ട അരികള്‍ 30 രൂപ നിരക്കില്‍ സപ്ലൈക്കോ കടകളില്‍ യഥേഷ്ടം ലഭിക്കുന്നുണ്ട്. സബ്‌സിഡി വിലക്ക് വിതരണം ചെയ്യാനായി എത്തിച്ച സാധനങ്ങളാണ്, ആ നിലയില്‍ വില്‍പ്പന നടത്താതെ “സ്‌പെഷ്യല്‍” പട്ടികയില്‍പ്പെടുത്തി ഉയര്‍ന്ന വിലക്ക് വില്‍പന നടത്തുന്നത്. സപ്ലൈകോ ഗോഡൗണുകളില്‍ ആവശ്യത്തിന് അരി സ്റ്റോക്കുണ്ടെങ്കിലും കുറഞ്ഞ ഭാഗം മാത്രമാണ് സബ്‌സിഡി നിരക്കില്‍ വിതരണത്തിന് നല്‍കുന്നത്. ഇതുവഴി ലഭിക്കുന്ന കൊള്ളലാഭം എത്തിച്ചേരുന്നത് ഉദ്യോഗസഥരുടെ കീശയിലും. ഇതുകൊണ്ടെല്ലാം സപ്ലൈക്കോ കടകളെ ആശ്രയിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു വരികയാണ്. മുന്‍കാലങ്ങളില്‍ സാധാരണക്കാരില്‍ അധികപേരും സപ്ലൈക്കോയുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തിയിരുന്നു. മാവേലി സ്റ്റോറുകള്‍ക്കും സപ്ലൈക്കോ കടകള്‍ക്കും മുന്നില്‍ ഉപഭോക്താക്കളുടെ നീണ്ട നിരയും അന്ന് ദൃശ്യമായിരുന്നു. സപ്ലൈക്കോ സ്ഥാപങ്ങളെ ആശ്രയിക്കുന്നവര്‍ ഇന്ന് വിരളമാണ്. ഇപ്പോള്‍ പ്രഖ്യാപിച്ച കൊള്ളവില അവ നോക്കുകുത്തികളായി മാറാന്‍ ഇടയാക്കുകയും ചെയ്യും.
സബ്‌സിഡിയില്‍ സര്‍ക്കാര്‍ വരുത്തിയ വെട്ടിക്കുറവ് സ്ഥാപനത്തിനുണ്ടാക്കുന്ന സാമ്പത്തിക നഷ്ടം പരിഹരിക്കാനാണ് എന്നാണ് അധികൃതരുടെ ഭാഷ്യം. എന്നാല്‍, സബ്‌സിഡിയിലെ കുറവ് മാത്രമല്ല സപ്ലൈക്കോയെ തകര്‍ച്ചയിലെത്തിച്ചത്. മുഖ്യമായും ഉദ്യോഗസ്ഥരുടെ അഴിമതിയും കെടുകാര്യസ്ഥതയുമാണ്. ടെന്‍ഡര്‍ ക്ഷണിച്ച് ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ അപേക്ഷകരില്‍ നിന്നായിരിക്കണം സപ്ലൈക്കോ സാധനങ്ങള്‍ വാങ്ങേണ്ടതെന്നാണ് ചട്ടം. നിലവില്‍ അത് പാലിക്കപ്പെടുന്നില്ല. ഏജന്‍സികള്‍ സ്ഥാപനത്തിലെ ഉന്നതോദ്യോഗസ്ഥരെ അവിഹിത മാര്‍ഗേണ സ്വാധീനിച്ചാണ് തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് ഓര്‍ഡര്‍ സമ്പാദിക്കുന്നത്. കുറഞ്ഞ തുകക്കുള്ള ടെന്‍ഡറുകാരെ തഴഞ്ഞ് കൂടിയ തുകക്കുള്ളവരെയാണ് മിക്കപ്പോഴും പരിഗണിക്കപ്പെടാറ്. ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന കൈക്കൂലിയുടെ കനമാണ് ഇവിടെ തിരഞ്ഞെടുപ്പിന്റെ മാനദണ്ഡം. കഴിഞ്ഞ വര്‍ഷം ഒരു വാര്‍ത്താ ചാനല്‍ ഈ അഴിമതി പുറത്തു കൊണ്ടുവന്നിരുന്നു. സപ്ലൈക്കോ കടകളില്‍ നിലവാരം കുറഞ്ഞ സാധനങ്ങള്‍ എത്തുന്നതിന്റെ കാരണവുമിതാണ്.
സംസ്ഥാനത്തെ പൊതുവിതരണ രംഗത്ത് സ്തുത്യര്‍ഹമായ പങ്ക് വഹിച്ചിരുന്ന ഈ സ്ഥാപനത്തെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റണമെങ്കില്‍ നടത്തിപ്പ് കാര്യക്ഷമമാക്കുകയും അഴിമതി തുടച്ചു നീക്കുകയും വേണം. അതിനുമപ്പുറം സപ്ലൈക്കോ മാര്‍ക്കറ്റുകള്‍ ലാഭം ലക്ഷ്യമാക്കി നടത്തുന്ന കേവലം കച്ചവട സ്ഥാപനങ്ങളല്ലെന്നും പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിനുള്ള സേവന സംരംഭം കൂടിയാണെന്നുമുള്ള വസ്തുത കണക്കിലെടുത്ത് അടിക്കടി സബ്‌സിഡി വെട്ടിക്കുറയ്ക്കുന്ന ജനദ്രോഹകരമായ നടപടി സര്‍ക്കാറും അവസാനിപ്പിക്കേണ്ടതുണ്ട്.

---- facebook comment plugin here -----

Latest