Connect with us

Kozhikode

സ്പീഡ് ബോള്‍ കേരളത്തിലും വേരുറപ്പിക്കുന്നു

Published

|

Last Updated

താമരശ്ശേരി: ഈജിപ്തില്‍ നിന്ന് ഇന്ത്യയിലെത്തിയ സ്പീഡ് ബോള്‍ കേരളത്തിലും സജീവമാകുന്നു. ദേശീയ സ്‌കൂള്‍ കായിക മേളയില്‍ അംഗീകാരമായതോടെയാണ് സ്പീഡ് ബോള്‍ പരിശീലനത്തിന് കൂടുതല്‍ പേര്‍ രംഗത്തെത്തുന്നത്. കോണ്‍ക്രീറ്റില്‍ സ്ഥാപിച്ച ഇരുമ്പ് പൈപ്പിന് മുകളില്‍ പ്ലാസ്റ്റിക് കയര്‍ ബന്ധിച്ച് കയറിന്റെ അറ്റത്ത് ഘടിപ്പിച്ച ചെറിയ പന്തില്‍ ബാറ്റുകള്‍കൊണ്ട്് അടിക്കുന്നതാണ് കളി.

ഈജിപ്തില്‍ രൂപം കൊണ്ട സ്പീഡ് ബോള്‍ ഇന്ത്യയിലെത്തിയിട്ട് പത്ത്‌വര്‍ഷത്തിലേറെയായി. അഞ്ച് വര്‍ഷത്തോളമായി കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ സ്പീഡ് ബോള്‍ നടക്കാറുണ്ട്. 2013ല്‍ ദേശീയ സ്‌കൂള്‍ കായിക മേളയില്‍ സ്പീഡ് ബോളിന് അംഗീകാരം നല്‍കിയതോടെ സ്‌കൂള്‍ തലങ്ങളില്‍ സ്പീഡ് ബോള്‍ പരിശീലനം ആരംഭിച്ചു. സിംഗിള്‍സ്, ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ്, സോളോ, റിലേ എന്നിങ്ങനെ അഞ്ച് ഇനങ്ങളിലാണ് മത്സരം.
നവംബര്‍ അവസാനവാരം ജമ്മു കാശ്മീരില്‍ നടക്കുന്ന ആദ്യ ദേശീയ സ്‌കൂള്‍ മീറ്റില്‍ കേരളത്തെ പ്രതിനിധീകരിച്ച് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള ഏഴ് ആണ്‍കുട്ടികളും ഏഴ് പെണ്‍കുട്ടികളും പങ്കെടുക്കും. ആദ്യ മീറ്റില്‍ തന്നെ വിജയം ഉറപ്പിക്കാനായി ഇവര്‍ കോടഞ്ചേരിയില്‍ പരിശീലനം നേടിവരികയാണ്. കായികാധ്യാപകനും കോടഞ്ചേരി സ്വദേശിയുമായ പി എം എഡ്വേഡാണ് കേരള ടീമിനെ പരിശീലിപ്പിക്കുന്നത്. കേരളത്തില്‍ വലിയ പ്രചാരമില്ലെങ്കിലും സ്‌കൂള്‍ മീറ്റില്‍ അംഗീകാരം ലഭിച്ചതിനാല്‍ കൂടുതല്‍ സ്‌കൂളുകള്‍ സ്പീഡ് ബോള്‍ പരിശീലനത്തില്‍ താത്പര്യം കാണിച്ചേക്കും.

---- facebook comment plugin here -----

Latest