Connect with us

International

കൊബാനെയില്‍ നൂറുകണക്കിനു പേര്‍ കുടുങ്ങിക്കിടക്കുന്നതായി യു എന്‍

Published

|

Last Updated

ഡമസ്‌കസ്: സിറിയയിലെ കുര്‍ദിഷ് ശക്തികേന്ദ്രമായ കൊബാനെയിലെ അതിര്‍ത്തിയില്‍ 700ല്‍ അധികം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സിറിയയിലെ യു എന്‍ പ്രത്യേക ദൗത്യസംഘം. കൊബാനയിലെ നിയന്ത്രണത്തിന് വേണ്ടി ഇസില്‍ തീവ്രവാദികള്‍ മേഖലയില്‍ പോരാട്ടം ശക്തിപ്പെടുത്തിയിരിക്കുകയാണ്. കൊബാന്‍ നഗരത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ സിറിയയിലേക്ക് വളണ്ടിയര്‍മാരെ അയക്കണമെന്ന് യു എന്‍ പ്രതിനിധി സ്റ്റഫാന്‍ ഡി മിസ്തുര തുര്‍ക്കിയോട് ആവശ്യപ്പെട്ടു. നഗരത്തിലെ തുര്‍ക്കിഷ് കേന്ദ്രങ്ങള്‍ ഇസില്‍ തീവ്രവാദികള്‍ കൈയടക്കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇത് കുര്‍ദിഷ് ഉദ്യോഗസ്ഥര്‍ നിഷേധിച്ചു. മൂന്ന് ആഴ്ചയിലേറെയായി കുര്‍ദിഷ് നഗരത്തിന് വേണ്ടി ഇസില്‍ തീവ്രവാദികള്‍ ശക്തമായ പോരാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിനാളുകള്‍ ഏറ്റുമുട്ടലിനെ തുടര്‍ന്ന് അയല്‍ രാജ്യമായ തുര്‍ക്കിയിലേക്ക് പാലായനം ചെയ്തിട്ടുണ്ട്. ഇസില്‍ തീവ്രവാദികള്‍ക്കെതിരെയുള്ള പോരാട്ടത്തിന് യു എസ് സംഖ്യത്തിന്റെ വ്യോമാക്രമണ സഹായം ലഭിച്ചുകൊണ്ടിരിക്കുന്ന കുര്‍ദിഷ് സൈന്യം കൂടുതല്‍ ആയുധങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു വഴിയിലൂടെയല്ലാതെ നഗരത്തില്‍ നിന്നും രക്ഷപ്പെടാന്‍ മറ്റ് വഴികളില്ലാത്ത വിധം ഇസില്‍ തീവ്രവാദികള്‍ വലയം ചെയ്തതോടെയാണ് നൂറുക്കണക്കിനാളുകള്‍ ഇവിടെ കുടുങ്ങിക്കിടക്കുന്നത്. നഗരം ഇസില്‍ തീവ്രവാദികള്‍ക്ക് കീഴ്‌പ്പെട്ടാല്‍ ഇവിടെ ശക്തമായ സിവിലിയന്‍ കൂട്ടക്കൊല അരങ്ങേറുമെന്ന് മിസ്തൂര മുന്നറിയിപ്പ് നല്‍കി. 1995ല്‍ നടന്ന സെബ്രേനികയോടാണ് ഇതിനെ അദ്ദേഹം ഉപമിച്ചത്. സെബ്രേനിക്കയില്‍ ബോസ്‌നിയന്‍ സെര്‍ബ് സൈനികരാല്‍ ആയിരക്കണക്കിന് മുസ്‌ലികളും കുട്ടികളും മരിച്ചിരുന്നു.
സിറിയന്‍- തുര്‍ക്കി അതിര്‍ത്തി പ്രദേശമായ ദക്ഷിണ കിഴക്കന്‍ ഗ്രാമമായ മുര്‍സിത്പിനാറില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. തുര്‍ക്കി വളണ്ടിയര്‍മാര്‍ കൊബാനയില്‍ കടന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും കുടുങ്ങിക്കിടക്കുകയും ചെയ്യുന്നവരെ രക്ഷപ്പെടുത്തണമെന്ന് മിസ്തൂര വ്യക്തമാക്കി. അതോടൊപ്പം കൊബാനയിലെ ഇസില്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി വ്യോമാക്രമണം നടത്തുന്ന അമേരിക്കന്‍ സംഖ്യത്തോടൊപ്പം ചേര്‍ന്ന് ആക്രമണത്തില്‍ പങ്കോളിയാകാനും തുര്‍ക്കിയോട് അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, കൊബാനിയിലുള്ള മുഴുവന്‍ കുര്‍ദ് സിവിലിയന്‍മാരും നേരത്തെ തുര്‍ക്കിയിലെത്തിയിട്ടുണ്ടെന്ന് തുര്‍ക്കി ഭരിക്കുന്ന എ കെ പാര്‍ട്ടിയുടെ വൈസ് ചെയര്‍മാര്‍ യാസീന്‍ അക് തെ മാധ്യമങ്ങളോട് പറഞ്ഞു. കുര്‍ദ് തീവ്രവാദികള്‍ വെറുതെ ഒച്ചവെക്കുകയാണെന്നും അവിടെ വലിയ ദുരന്തം ഇപ്പോള്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

Latest