Connect with us

Articles

മംഗള്‍യാന്റെ പിന്നില്‍ കച്ചവട ലക്ഷ്യമോ?

Published

|

Last Updated

1998ല്‍ വാജ്പയ് ഇന്ത്യന്‍ പ്രധാനമന്ത്രിയായി വാണിരുന്ന കാലത്താണ് പൊക്രാനില്‍ ഇന്ത്യയുടെ ആണവായുധ പരീക്ഷണം നടന്നത്. 1974നു ശേഷം ആദ്യമായി നാം നടത്തിയ ഒന്ന്. ഇന്ത്യ ഹൈഡ്രജന്‍ ബോംബ് വിജയകരമായി പരീക്ഷിച്ചു എന്നായിരുന്നു അന്നത്തെ അവകാശവാദം. പാക്കിസ്ഥാനേക്കാള്‍ നാം ഒരടി മുന്നിലെത്തിയെന്നു കാണിക്കുന്ന ഒരു തരം ദേശാഭിമാന പ്രകടനമായിരുന്നു അത്. ബി ജെ പിയുടെ സംഘപരിവാര്‍ രാഷ്ട്രീയത്തിന് അതനിവാര്യമായിരുന്നു. ആ പരീക്ഷണം വന്‍ പരാജയമായിരുന്നുവെന്ന് അന്നു തന്നെ പലരും കണ്ടെത്തിയിരുന്നു. അതേ സംബന്ധിച്ച് അതു തന്നെ ഈ ലേഖകനും എഴുതുകയുണ്ടായി. പക്ഷേ, ഈ “ആരോപണ”ങ്ങളെല്ലാം ശക്തമായി അധികൃതര്‍ നിഷേധിച്ചു. അതിന്റെ തുടര്‍ച്ചയായാണ് “ഇന്ത്യ തിളങ്ങുന്നു” തുടങ്ങിയ മുദ്രാവാക്യങ്ങള്‍ അവര്‍ മുന്നോട്ട് വെച്ചത്. അതൊക്കെ ജനങ്ങള്‍ തള്ളിക്കളഞ്ഞത് ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം.
ഈ ആണവ പരീക്ഷണത്തിന്റെ സാങ്കേതികത്തട്ടിപ്പിന്റെ സത്യം പിന്നീട് അധികൃതര്‍ വഴി തന്നെ ലോകം അറിഞ്ഞു. രണ്ടാഴ്ചക്കകം പാക്കിസ്ഥാന്‍ ആദ്യമായി ആണവായുധ പരീക്ഷണം നടത്തുക കൂടി ചെയ്തതോടെ ഇന്ത്യയുടെ “മേല്‍ക്കൈ” എന്നതില്ലാതായി എന്നതു സൈനികമായ പരാജയം. (രണ്ട് രാജ്യങ്ങളും ആണവായുധ ശേഷിയുള്ളവയെങ്കില്‍ പരമ്പരാഗത സൈനിക മേഖലയില്‍ ഇന്ത്യക്കുള്ള മേല്‍കൈ അപ്രസക്തമായി എന്നര്‍ഥം.) ഇത്തരം ശാസ്ത്ര സാങ്കേതിക വിദ്യാ നേട്ടങ്ങളുടെ യാഥാര്‍ഥ്യം തുറന്നുകാട്ടാന്‍ ആ സര്‍ക്കാറിന്റെ കടുത്ത വിമര്‍ശകരായിരുന്ന പ്രതിപക്ഷത്തിന് (ഇടതുപക്ഷമടക്കം) കഴിഞ്ഞില്ല. ലോകത്ത് പല രാജ്യങ്ങളും ഒളിഞ്ഞും തെളിഞ്ഞും പല വട്ടം പരീക്ഷിച്ചു വിജയിച്ച ഒരു സാങ്കേതിക വിദ്യ, വളരെ കുറഞ്ഞ നിലവാരത്തില്‍ പരീക്ഷിച്ചതിനെ മഹത്തായ സാങ്കേതിക വിജയമായി കാണുകയാണ് ഇടതുപക്ഷത്തുള്ള പലരും ചെയ്തത്. അതെത്രമാത്രം വലിയ രാഷ്ട്രീയാബദ്ധമായിരുന്നുവെന്ന് ഇന്ത്യ – യു എസ് ആണവ കരാര്‍ ചര്‍ച്ചാ ഘട്ടത്തിലാണ് ബോധ്യപ്പെട്ടത്.
ഈ വിഷയം ഇവിടെ എഴുതിയത് ഇതേ രീതിയിലുള്ള മറ്റൊരു തെറ്റ് ആവര്‍ത്തിക്കപ്പെടുന്നതിനാലാണ്. ഇക്കഴിഞ്ഞ ദിവസം ഇന്ത്യ നടത്തിയ മംഗള്‍യാന്‍ എന്ന ചൊവ്വാ ഗ്രഹ നിരീക്ഷണ ഉപഗ്രഹ പരീക്ഷണമാണ് വിഷയം. ഇതിനെ വലിയൊരു ശാസ്ത്ര നേട്ടമായി അവതരിപ്പിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചത്. സത്യയത്തില്‍ ഇവിടെ ശാസ്ത്ര രംഗത്തെ ഒരു വളര്‍ച്ചയുമല്ല, മറിച്ച് സാങ്കേതിക വിദ്യയുടെ പ്രയോഗ വൈദഗ്ധ്യം മാത്രമാണ് കാണാനാകുക. ഇതും അത്ര ദീര്‍ഘകാല ഗവേഷണമൊന്നും വേണ്ട വിഷയല്ല. മറിച്ച് ഇതിന്റെ വിശദാംശങ്ങള്‍ ഇന്ന് ലോകത്തെവിടെയും ലഭ്യവുമാണ്. കേവല സാങ്കേതിക വിദ്യയെ “ശാസ്ത്ര”മെന്ന രീതിയില്‍ അവതരിപ്പിച്ച് പലരെയും “ശാസ്ത്രജ്ഞര്‍” എന്നു വിളിക്കുന്ന രീതി നമ്മുടെ ഇടയിലുണ്ട്. പ്രശ്‌നം അതല്ല, സാങ്കേതികവിദ്യകള്‍ അരാഷ്ട്രീയമാണെന്ന സമീപനത്തിലാണ് പ്രശ്‌നമുള്ളത്. ഏത് പുതിയ സാങ്കേതികവിദ്യയും വരട്ടെ, അതൊക്കെ “ശരിയായി” ഉപയോഗിച്ചാല്‍ മതി എന്ന ഒരു തരം വാദമുണ്ട്. ഉപയോഗ- ദുരുപയോഗ മാതൃകയാണിവിടെ സ്വീകാര്യമാകുന്ന ത്. ഇതു വെച്ചുകൊണ്ടാണ് മോദി സര്‍ക്കാര്‍ കെട്ടിഘോഷിക്കുന്ന “ശാസ്ത്ര വിജയത്തിന്” ഡി വൈ എഫ് ഐയും മറ്റും അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നത്. മേല്‍പ്പറഞ്ഞ ഉപയോഗ ദുരുപയോഗ മാതൃക ഇന്ന് സാര്‍വത്രികമായി പ്രയോഗിക്കുന്നതു ശരിയല്ല. ആര്‍ ഉപയോഗിച്ചാലും ചില സാങ്കേതികവിദ്യകള്‍ മാനവരാശിക്കും അതിന്റെ പല തലമുറകള്‍ക്കും ദുരന്തമുണ്ടാക്കും എന്നതാണ് സത്യം. കീടനാശനികളും മറ്റും പ്രയോഗിക്കുന്ന രാസകൃഷി, ആണവ സാങ്കേതിക വിദ്യ, ലോകത്തെ വന്‍ ദുരന്തത്തിലാക്കുന്ന പ്ലാസ്റ്റിക്ക് പോലുള്ള രാസവസ്തുക്കള്‍… ഇങ്ങനെ പലതും ഈ വിഭാഗത്തില്‍ പെടുന്നു. യു എസും സോവിയറ്റ് യൂനിയനും ചേരി തിരിഞ്ഞ് ശീതസമരം നടത്തിയിരുന്ന കാലത്ത് കമ്മ്യൂണിസ്റ്റുകാര്‍ സോവിയറ്റ് ബോംബിനെ സോഷ്യലിസ്റ്റ് ബോംബായും യു എസ് ബോംബിനെ മുതലാളിത്ത-സാമ്രാജ്യത്വ ബോംബായും അവതരിപ്പിച്ചു. തിരിച്ച് കമ്മ്യൂണിസ്റ്റ്‌വിരുദ്ധരാകട്ടെ യു എസിന്റേതു ജനാധിപത്യ ബോംബാണെന്നും സോവിയറ്റിന്റേത് സമഗ്രാധിപത്യ ബോംബാണെന്നും തിരിച്ചടിച്ചു. ഇതുസംബന്ധിച്ച് പ്രമുഖ എഴുത്തുകാരനായിരുന്ന ഒ വി വിജയന്‍ ഒരു ഫലിതം പറഞ്ഞു: ‘”സോഷ്യലിസ്റ്റ് ബോബിട്ടാല്‍ തൊഴിലാളിവര്‍ഗത്തിപ്പെട്ടവരെ ബാധിക്കില്ലേ…?തിരിച്ച് ജനാധിപത്യബോംബ് കമ്മ്യൂണിസ്റ്റ്‌വിരുദ്ധര്‍ക്ക് നാശമുണ്ടാക്കില്ലേ..” ഇതൊരു ഫലിതമായിരുന്നില്ല. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരം നടത്തുന്നവര്‍ മറ്റു കീടനാശിനികള്‍ കുഴപ്പമില്ലാത്തവ ആണെന്നു കരുതുന്നുവോ?
നമുക്കു ബഹിരാകാശ പദ്ധതിയിലേക്കുവരാം. ഇന്ത്യയെപ്പോലൊരു ദരിദ്ര രാജ്യം ഇത്രയധികം തുക മുടക്കി ഇത്തരം ഒരു പണി ചെയ്യണമായിരുന്നോ എന്ന ചോദ്യമുണ്ട്. ശൂന്യാകാശ ഗവേഷണം ഒരു “ശൂന്യ”ശ്രമമാണെന്നു ശക്തമായി വാദിക്കുന്നവര്‍ സമ്പന്ന രാജ്യമായ യു എസിലുമുണ്ട്. എല്ലാ ദാരിദ്ര്യങ്ങളും ഇല്ലാതാക്കിയിട്ടു മാത്രമേ ശാസ്ത്ര- സാങ്കേതിക പരീക്ഷണങ്ങള്‍ പാടുള്ളൂവെന്ന വാദത്തെ തോല്‍പ്പിക്കാന്‍ എളുപ്പമാണ്. എന്നാല്‍ എല്ലാ മനുഷ്യര്‍ക്കും ശുദ്ധ വായുവും വെള്ളവും ഭക്ഷണവും ഉറപ്പാക്കാത്ത ഒന്നിനെ (പ്രത്യേകിച്ചും അതിനു തടസ്സമാകുന്നവയെ) വികസനം എന്നു വിളിക്കാമോ എന്ന ചോദ്യം പ്രസക്തമാണ്. ഭൂമിയാകെ മനുഷ്യ പ്രവൃത്തി കൊണ്ടു നശിച്ചാല്‍ നമുക്കുപാര്‍ക്കാവുന്ന ബദല്‍ ഇടമായി ചൊവ്വയെ വളര്‍ത്തിയെടുക്കല്‍ തുടങ്ങിയ “കപട സ്വപ്‌നങ്ങ”ളുടെ കള്ളത്തരം ആര്‍ക്കും ബോധ്യമാകേണ്ടതാണ്. ചൊവ്വയിലേക്ക് ഉപഗ്രഹമയക്കാന്‍ വേണ്ടി വരുന്ന ചെലവുകൊണ്ട് ഇന്ത്യയിലെ ആയിരക്കണക്കിന് സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് ശുദ്ധജലമെത്തിക്കാം. ഈ ഭൂമിയെ, അതിന്റെ പാരിസ്ഥിതിക സന്തുലനത്തെ, സംരക്ഷിക്കുന്നതിന്റെ പല ലക്ഷം മടങ്ങ് ചെലവാക്കിയാല്‍ പോലും കുറച്ച് പേര്‍ക്ക് ചൊവ്വ ഗ്രഹത്തില്‍ എത്തിച്ചേരാനാകില്ല. ലോകത്ത് പല രാജ്യങ്ങളും തങ്ങളുടെ ശൂന്യാകാശ ഗവേഷണ പദ്ധതികള്‍ നിര്‍ത്തിവെച്ചിരിക്കുന്നു, സൈന്യത്തിനും വാര്‍ത്താവിനിമയത്തിനും വേണ്ടവ ഒഴികെ.
ഇപ്പോള്‍ നടത്തിയത് ഒരു “തട്ടിക്കൂട്ട്” പരിപാടിയായിരുന്നെന്നും ഇതില്‍ സാങ്കേതിക രംഗത്തിന്റെ ചെറിയ ഒരു കുതിച്ചുചാട്ടം പോലുമുണ്ടായില്ലെന്നും സമര്‍ഥിക്കുന്നത് ശാസ്ത്രജ്ഞര്‍ തന്നെയാണ്. (സര്‍വീസില്‍ നിന്നു പിരിഞ്ഞവര്‍) ഇതിനെ കേവലം കൊതിക്കെറുവായി മാത്രം കാണുന്നതു ശരിയോ? ഇതു ലോകത്തെ ഏറ്റവും ചെലവ് കുറഞ്ഞ ചൊവ്വ പരീക്ഷണ ഉപഗ്രഹമാണെന്ന വാദം തന്നെ നോക്കുക. ഇതില്‍ “ചെലവ്” എന്ന് പറയുന്നത് ശാസ്ത്രജ്ഞരുടെ ശമ്പളമടക്കമുള്ള ഗവേഷണച്ചെലവുകള്‍ ഒഴിവാക്കിയാണ്. യന്ത്രഭാഗങ്ങള്‍ നിര്‍മിക്കാന്‍ നടത്തിയ ചെലവുകള്‍ മാത്രമേ കണക്കാക്കിയിട്ടുള്ളൂ. ചന്ദ്രയാന്‍- ഒന്നിനുപയോഗിച്ച അതേ റോക്കറ്റു സംവിധാനം തന്നെയാണിവിടെയും ഉപയോഗിച്ചത്. ചന്ദ്രയാന്‍- രണ്ട് പദ്ധതി ഇതോടെ തകര്‍ന്നുപോയി. ഈ യന്ത്രം ചൊവ്വാ ദൗത്യത്തിനാവശ്യമായ ശേഷിയില്ലാത്ത ഒന്നാണെന്നും വിദഗ്ധര്‍ പറയുന്നു. കുറഞ്ഞ ഭാരം കയറ്റാന്‍ മാത്രം കഴിയുന്നതിനാല്‍ ഇതില്‍ കൊണ്ടുപോകാവുന്ന ഇന്ധനത്തിനും ചെറുകിട റോക്കറ്റുകളുടെ എണ്ണത്തിനും പരിമിതിയുണ്ട്. തൊട്ടടുത്ത ദിവസങ്ങളില്‍ (മുമ്പ്) യു എസ് ചൊവ്വ പരീക്ഷണത്തിനുപയോഗിച്ച “മേവന്‍” എന്നതുമായി നമ്മുടെ ഉപഗ്രഹത്തെ താരതമ്യം ചെയ്താല്‍ സത്യം മനസ്സിലാകും. ഇന്ത്യ വിട്ട ഉപഗ്രഹത്തിന്റെ ശേഷിയും നിലവാരവും വളരെ കുറഞ്ഞതിനാലാണ് ചെലവ് കുറഞ്ഞതെന്നര്‍ഥം.
പരീക്ഷണ ഉപഗ്രഹം ചൊവ്വയെ ഏതു രീതിയില്‍ ചുറ്റുന്നു, അത് ഉപഗ്രഹത്തിന്റെ എത്ര സമീപം വരെ പോകും (പടമെടുക്കാന്‍) തുടങ്ങിയവയാണ് “ക്ഷമത”യായി പറയുന്നത്. ചൊവ്വാ ഗ്രഹത്തിന്റെ ആകര്‍ഷണത്തിനനുസരിച്ചുള്ള ദീര്‍ഘവൃത്താകൃതിയിലാണ് മംഗള്‍യാന്‍ സഞ്ചരിക്കുന്നത്. ഇത് ചൊവ്വയില്‍ നിന്നും വളരെ ദൂരെക്കു വരെ പോകും. എന്നാല്‍ യു എസ് വിട്ട മേവന്‍ ചൊവ്വയില്‍ നിന്നും 150 കീ മി അകലത്തില്‍ വൃത്താകൃതിയില്‍ കറങ്ങുന്നു. വളരെ അടുത്തു നിന്നും ഗ്രഹത്തിന്റെ എല്ലാ ഭാഗത്തേയും ചിത്രങ്ങള്‍ അതിനെടുക്കാനാകും. സാങ്കേതിക വിദ്യ പ്രയോഗിച്ച് ഈ ദൂരം പലപ്പോഴും 125 കീ. മി. വരെയുമാക്കാം. പതിനായിരക്കണക്കിനു ദൂരെ നിന്നുമുള്ള ചിത്രങ്ങള്‍ മാത്രമെടുക്കാന്‍ കഴിയുന്ന ഇന്ത്യന്‍ ഉപഗ്രഹമെവിടെ? മേവന്‍ എവിടെ? മംഗള്‍യാനു വേണ്ടി ഇന്ത്യ ഉണ്ടാക്കിക്കൊണ്ടിരുന്ന ഉപഗ്രഹം ഉപേക്ഷിച്ച് ഏറെ “തിരക്കിട്ട്” ഈ പരീക്ഷണം നടത്തിയത്തിന്റെ താത്പര്യമെന്തായിരുന്നു.
നാട് ഭരിക്കുന്നവര്‍ക്കു “കപടദേശീയത”യെന്ന മുദ്രാവാക്യം ഉയര്‍ത്തുക മാത്രമായിരുന്നോ ലക്ഷ്യം? അത് മാത്രമാകാന്‍ വഴിയില്ല. മംഗള്‍യാന്‍ “വിജയ പ്രഖ്യാപനം” നടത്തിയതിനു പിന്നാലെ പ്രധാനമന്ത്രി പറഞ്ഞു ശൂന്യാകാശ ഗവേഷണ മേഖലയില്‍ വിദേശ മൂലധനം അനുവദിക്കാന്‍ പോകുന്നുവെന്ന്. അതാണു കാര്യം. വില്‍ക്കാന്‍ വെക്കുന്ന വസ്തുക്കള്‍ “ഗംഭീര”മാണെന്ന് പറഞ്ഞ് വാങ്ങുന്നവരെ ബോധ്യപ്പെടുത്തലാണോ? അധികം വൈകാതെ പ്രധാനമന്ത്രി യു എസിലെത്തി ഇന്ത്യയുമായി സഹകരണകരാറുകള്‍ ഒപ്പിടാന്‍ യു എസിനു മേല്‍ സമ്മര്‍ദം ചെലുത്തിയെന്നും മറ്റുമാണല്ലോ നാം കേള്‍ക്കുന്ന വാര്‍ത്തകള്‍. ഇതില്‍ ശൂന്യാകാശ മേഖലയും ആണവ മേഖലയും പെടും. യു എസിലെ കൂറ്റന്‍ കമ്പനികള്‍ ഉണ്ടാക്കിവെച്ചിരിക്കുന്ന ശൂന്യാകാശ- ആണവ മേഖലയിലെ നിര്‍മ്മാതാക്കള്‍ക്കിത് ഏറെ സന്തോഷകരമാണ്. അതിനുളള കളമൊരുക്കലായിരുന്നില്ലേ മംഗള്‍യാന്‍?

---- facebook comment plugin here -----

Latest