Connect with us

National

ലഡാക്കില്‍ നിന്ന് പിന്‍മാറിയ ചൈനീസ് സൈനികര്‍ മണിക്കുറുകള്‍ക്കകം തിരിച്ചെത്തി

Published

|

Last Updated

CHINAലേ/ ന്യൂഡല്‍ഹി: ലഡാക്കിലെ ചുമാര്‍ മേഖലയില്‍ നിന്ന് ചൈനീസ് സൈനികര്‍ പിന്‍മാറ്റം ആരംഭിച്ചെങ്കിലും അല്‍പ്പസമയത്തിനകം 35 സൈനികര്‍ അതിര്‍ത്തി കടന്നു. ഇവര്‍ ഒരു കുന്നിന്റെ മുകളില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. നാല് ദിവസത്തെ സംഘര്‍ഷാവസ്ഥക്ക് ശേഷമായിരുന്നു ചൈനീസ് സൈന്യത്തിന്റെ പിന്‍മാറ്റം. കഴിഞ്ഞ ദിവസം രാത്രി 9.45ഓടെ സ്വന്തം അതിര്‍ത്തിയിലേക്ക് പിന്‍മാറാന്‍ തുടങ്ങിയെന്നും മേഖലയിലെ ഇന്ത്യന്‍ സൈനികരുടെ എണ്ണം കുറച്ചെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, യഥാര്‍ഥ നിയന്ത്രണ രേഖക്ക് (എല്‍ എ സി) സമീപം ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നിലയുറപ്പിക്കുന്നതിനാല്‍ ആശങ്ക പൂര്‍ണമായും വിട്ടുമാറിയിട്ടില്ല. ഡെംചോക്കില്‍ ചൈനീസ് വംശജരായ റെബോകളുടെ സാന്നിധ്യം തുടര്‍ച്ചയായ 12 ാം ദിവസവും തുടരുകയാണ്.

ഇന്ത്യന്‍ അതിര്‍ത്തിയില്‍ 500 മീറ്ററോളം ഉള്ളിലേക്ക് മാറിയാണ് ചൈനീസ് വംശജര്‍ നിലയുറപ്പിച്ചത്. ഇവര്‍ ടെന്റുകള്‍ കെട്ടിയിരിക്കുകയാണ്. മേഖലയിലെ ഗ്രാമീണര്‍ക്ക് ജലസേചനാവശ്യത്തിന് കനാല്‍ നിര്‍മിക്കുന്നതിനെതിരെ സൈന്യത്തിന്റെ സഹായത്തോടെ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് ചൈനീസ് വംശജര്‍ അതിര്‍ത്തി കടന്നത്. ഡെംചോക്കിലും ചുമാറിലും ഇരുസൈന്യവും മുഖാമുഖം നിലയുറപ്പിച്ചത്, കഴിഞ്ഞ ദിവസത്തെ ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കൂടിക്കാഴ്ചക്ക് കരിനിഴല്‍ പടര്‍ത്തിയിരുന്നു.
വ്യാഴാഴ്ച രാവിലെയായപ്പോഴേക്കും അതിര്‍ത്തിയില്‍ ചൈന കൂടുതല്‍ സൈനികരെ വിന്യസിക്കുകയും ഇന്ത്യന്‍ സൈനികര്‍ പ്രദേശം വിടണമെന്ന് എഴുതിയ ബാനറുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഹെലികോപ്റ്ററുകളില്‍ സൈനികര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുകയുമുണ്ടായി. ലഡാക്കിലെ ദെംചൗക്ക് മേഖലയില്‍ ടെന്റുകളും സ്ഥാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ നടന്ന കൂടിക്കാഴ്ചക്കിടെയും അതിര്‍ത്തി പ്രശ്‌നം മോദി ഉന്നയിച്ചിരുന്നു. പരസ്പര വിശ്വാസത്തോടെയും സഹകരണത്തോടെയും പ്രവര്‍ത്തിച്ച് അതിര്‍ത്തി പ്രശ്‌നം പരിഹരിക്കാനാകുമെന്ന് സി ജിന്‍പിംഗ് പറഞ്ഞിരുന്നു. ഇന്ത്യന്‍ പ്രദേശത്ത് നിന്ന് പോയിട്ടില്ലെങ്കില്‍ വിചാരണാ നടപടികള്‍ നേരിടേണ്ടി വരുമെന്ന് ചൈനീസ് വംശജര്‍ക്ക് സൈനികര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.