Connect with us

Ongoing News

ആനക്കൊമ്പ് കേസ്; രണ്ട് പേര്‍ കൂടി പിടിയില്‍

Published

|

Last Updated

കല്‍പ്പറ്റ: ആനക്കൊമ്പ് വില്‍പ്പന നടത്താന്‍ ശ്രമിച്ച സംഭവുമായി ബന്ധപ്പെട്ട് രണ്ട് പ്രധാന പ്രതികള്‍ കൂടി ഇന്നലെ കോടതിയില്‍ കീഴടങ്ങി. ഇതിനിടെ വില്‍പ്പനക്കായി ആനക്കൊമ്പെടുത്തത് എന്ന് കരുതപ്പെടുന്ന കൊമ്പനാനയുടെ ഭൗതികാവശിഷ്ടങ്ങള്‍ ഇന്നലെ ബേഗൂര്‍ വനത്തിനുള്ളില്‍ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. കാട്ടിക്കുളം കാളക്കൊല്ലി കോളനിയിലെ ഗോപാലന്‍ (32), ബന്ധുവായ കാവുംമന്ദം കുനിയില്‍ വെള്ളന്‍ എന്നിവരാണ് ഇന്നലെ രാവിലെ കല്‍പ്പറ്റ സി ജെ എം കോടതിയില്‍ കീഴടങ്ങിയത്. കോടതി ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കാട്ടിക്കുളം കാളക്കൊല്ലിയില്‍ നിന്ന് ആനക്കൊമ്പ് വില്‍പ്പനക്കായി കണ്ടെത്തിയത് ഗോപാലനാണെന്നാണ് കരുതുന്നത്.
നാളെ ഇവരെ രണ്ട് പേരെയും തെളിവെടുപ്പിനായി വിട്ടുകിട്ടാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിക്കും. ഇതിനിടെയാണ് ഇന്നലെ ഉച്ചയോടെ ബേഗൂര്‍ റെയ്ഞ്ച് സെക്ഷനില്‍പ്പെട്ട ആലത്തൂര്‍ റിസര്‍വ് വനത്തിനുള്ളിലെ തേക്കിന്‍ തോട്ടത്തിനുള്ളിലെ കുറ്റിക്കാടുകളില്‍ നിന്നും ആറ് വയസ് തോന്നിക്കുന്ന കൊമ്പനാനയുടെ തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കീഴടങ്ങിയ പ്രതികള്‍ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ബേഗൂര്‍ റെയ്ഞ്ച് ഓഫീസര്‍ ജി അഭിലാഷിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് കാട്ടിനുള്ളില്‍ തലയോട്ടി കണ്ടെത്തിയത്.
ധാരാളം കടുവയുള്ള സ്ഥലമായതിനാല്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കാട്ടാനയാണിതെന്നാണ് പ്രാഥമിക നിഗമനം. കാട്ടിക്കുളം ഇരുമ്പുപാലം റോഡില്‍ നിന്നും രണ്ട് കിലോ മീറ്റര്‍ മാത്രം ഉള്ളിലായിട്ടാണ് ആനയും അവശിഷ്ടങ്ങള്‍ കണ്ടത്. ഫാറസ്റ്റര്‍മാരായ കെ പി ശ്രീജിത്ത്, ടി ജി പ്രശാന്ത്, കെ രാമകൃഷ്ണന്‍, ബി നികേഷ്‌കുമാര്‍ എന്നിവരാണ് തിരച്ചില്‍ നടത്തിയത്. ഇന്നലെ വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കിയ അവശിഷ്ടങ്ങള്‍ വിദഗ്ധപരിശോധനക്കായി ഇന്ന് പൂക്കോട് വെറ്ററിനറി കോളജിലേക്ക് കൊണ്ടു പോകും.

Latest