Connect with us

Thrissur

തെക്കേ ഗോപുര നടയില്‍ ഭീമന്‍ അത്തപ്പൂക്കളം

Published

|

Last Updated

തൃശൂര്‍: സൂര്യനുദിക്കും മുമ്പേ തെക്കേ ഗോപുര നടയില്‍ പൂക്കളുടെ വലിയ ഏഴാം സൂര്യനുദിച്ചു. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ തെക്കേ ഗോപുര നടയില്‍ ഒത്തുചേരുന്ന സായാഹ്ന സൗഹൃദകൂട്ടായ്മയുടെ നേതൃത്വത്തില്‍ ഏഴാംതവണ ഒരുക്കിയ ഭീമന്‍ പൂക്കളം കറുത്തുപോയ അത്തത്തിലെ വര്‍ണക്കാഴ്ചയായി. ഈ ഭീമന്‍ പൂക്കളം കാണാന്‍ പുലര്‍ച്ചെ മുതല്‍ തന്നെ നിരവധിപേര്‍ എത്തിയിരുന്നു. വിട്ടൊഴിയാതെ നിന്ന മഴയെ തോല്‍പ്പിച്ച് സായാഹ്ന സൗഹൃദക്കൂട്ടായ്മയിലെ അംഗങ്ങള്‍ ഒത്തൊരുമിച്ച് പൂക്കളം തീര്‍ക്കാന്‍ രണ്ടും കല്‍പ്പിച്ച് തെക്കേ ഗോപുരനടയില്‍ നിന്നതോടെ മഴ പെയ്തും പെയ്‌തൊഴിഞ്ഞും കലിപ്പു തീര്‍ത്തു. അഞ്ഞൂറ് കിലോയിലധികം പൂക്കള്‍ കൊണ്ട് തീര്‍ത്ത ഭീമന്‍ പൂക്കളത്തിന്റെ അഴക് കണ്ട് അത്തപ്പുലരിയില്‍ ഉദിച്ചുയര്‍ന്ന സാക്ഷാല്‍ സൂര്യന്‍ പോലും വിസ്മയിച്ചിട്ടുണ്ടാകാം. അത്രയും മനോഹരമായാണ് തേക്കിന്‍കാടിന്റെ മാറില്‍ വലിയ പൂക്കളം വിരിഞ്ഞത്. തൃശൂരിന്റെ സായാഹ്നങ്ങളില്‍ ഒന്നിക്കുന്ന സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവര്‍ അത്തപ്പുലരിയില്‍ ഒത്തുചേര്‍ന്ന് ഇത്തരത്തില്‍ വലിയ പൂക്കളമിടാന്‍ തുടങ്ങിയത് ഏഴ് വര്‍ഷം മുമ്പാണ്. പല കോണില്‍ നില്‍ക്കുന്നവര്‍ അത്തപ്പുലരിയില്‍ ഈ പൂക്കളത്തിന് മുന്നില്‍ ഒന്നായി മാറും. അഞ്ഞൂറു കിലോയിലധികം പൂക്കള്‍ കൊണ്ട് വലിയ വട്ടത്തില്‍ തീര്‍ത്ത ഭീമന്‍ പൂക്കളം കനത്തും തിമര്‍ത്തും പെയ്ത മഴയിലും നാശമായില്ല. ആനന്ദന്‍ മണ്ണുത്തിയാണ് അമ്പതടി വ്യാസമുള്ള പൂക്കളത്തിന്റെ ഡിസൈന്‍ വരച്ചത്. ചെത്തി, മന്ദാരം, തുളസി, പിച്ചകം, ചെണ്ടുമല്ലി, ജമന്തി, വാടാമല്ലി, സൈപ്രസ് ഇലകള്‍ എന്നിവയ്്ക്ക് പുറമെ വിവിധ തൊടികളില്‍ നിന്നും ശേഖരിച്ച നാടന്‍ പൂക്കളും ഭീമന്‍പൂക്കളത്തില്‍ ഇടം പിടിച്ചു. പൂക്കളം കാണാന്‍ സമൂഹത്തിലെ വിവിധ മേഖലകളില്‍ പെട്ടവര്‍ രാവിലെ മുതല്‍ തന്നെ എത്തിയിരുന്നു.