Connect with us

Gulf

തലാസ്സീമിയ സെന്ററിന് 230 ലിറ്റര്‍ രക്തം ലഭിച്ചു

Published

|

Last Updated

ദുബൈ: വാര്‍ഷിക കാമ്പയിന്റെ ഭാഗമായി ദുബൈ തലാസ്സീമിയ സെന്ററിന് 230 ലിറ്റര്‍ രക്തം ലഭിച്ചു. എമിറേറ്റ്‌സ് സെന്‍ട്രല്‍ കൂളിംഗ് സിസ്റ്റംസ് കോര്‍പറേഷ(എംപവര്‍)ന്റെ ആഭിമുഖ്യത്തിലായിരുന്നു വാര്‍ഷിക രക്ത സ്വീകരണ കാമ്പയിന്‍ സംഘടിപ്പിച്ചത്. 300 പേരാണ് രക്തം നല്‍കാന്‍ സന്നദ്ധരായി മുന്നോട്ടു വന്നത്. രാജ്യത്തെ പൗരന്മാരില്‍ 12ല്‍ ഒരാള്‍ക്ക് തലാസ്സീമിയ ജീനുള്ളതായാണ് ഇതുമായി ബന്ധപ്പെട്ട പഠനം വ്യക്തമാക്കുന്നത്. തലാസ്സീമിയ രോഗത്താല്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് തുടര്‍ച്ചയായി രക്തം മറ്റേണ്ടി വരും. ഇതിനായാണ് രക്ത ശേഖര കാമ്പയിന്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്നത്.
രക്തത്തില്‍ ഹൈഡ്രജന്റെയും ധാതുക്കളുടെയും അമിതമായ സാന്നിധ്യമായി രോഗാവസ്ഥക്ക് ഇടയാക്കുന്നത്. ഇത് പരമ്പരാഗതമായ ഒരു ജനിതക വൈകല്യമാണ്. രാജ്യാന്തര നിലവാരത്തിലും തലാസ്സീമിയ രോഗികള്‍ രക്തം ആവശ്യമായ അളവില്‍ ലഭിക്കാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.
തലാസ്സീമിയ രോഗികള്‍ക്ക് രക്തം നല്‍കാന്‍ മുന്നോട്ടു വരുന്നതിനൊപ്പം അവരുമായി ഇടപഴകി രോഗാവസ്ഥയെക്കുറിച്ചും അവര്‍ ജീവിക്കുന്ന സാഹചര്യത്തെക്കുറിച്ചും മനസിലാക്കാനും പൊതുസമൂഹം ശ്രമിക്കണം. ഇതിലൂടെ മാത്രമേ സമൂഹത്തിലെ അവശേഷിക്കുന്നവരെയും ഈ രോഗത്തെക്കുറിച്ചും രോഗത്തിന് വിധേയരായവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും ബോധവത്‌രിക്കാന്‍ സാധിക്കൂവെന്ന് എംപവര്‍ സി ഇ ഒ അഹമ്മദ് ബിന്‍ ഷഫാര്‍ അഭിപ്രായപ്പെട്ടു.
കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടികള്‍ ദുബൈ തലാസ്സീമിയ സെന്ററിലെ അന്തേവാസികളായ കുട്ടികള്‍ക്കും സന്തോഷത്തിന് വകയേകി. മാജിക് ഷോ, റാഫിള്‍ ഡ്രോ, ഹാസ്യ പരിപാടി എന്നിവയാണ് നടന്നത്.
എംപവറിന്റെ ആസ്ഥാന മന്ദിരമായ അല്‍ ഗുബൈബ അവാര്‍ഡ്‌സ് ബില്‍ഡിംഗിലായിരുന്നു പരിപാടികള്‍. ദുബൈ നഗരസഭ, എന്‍വണ്‍മെന്റല്‍ സെന്റര്‍ ഫോര്‍ അറബ് ടൗണ്‍സ്, ദുബൈ ബ്ലഡ് ഡൊണേഷന്‍ സെന്റര്‍, ദുബൈ ഹെല്‍ത്ത് അതോറിറ്റി, ദ അറബ് ടൗണ്‍സ് ഓര്‍ഗനൈസേഷന്‍ എന്നിവയുമായി സഹകരിച്ചായിരുന്നു കാമ്പയിന്‍ സംഘടിപ്പിച്ചതെന്നും അഹമ്മദ് പറഞ്ഞു.

---- facebook comment plugin here -----

Latest