Connect with us

Ongoing News

മാഞ്ചസ്റ്ററിന് നാണംകെട്ട തോല്‍വി

Published

|

Last Updated

ലണ്ടന്‍: ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കഷ്ടകാലം തീരുന്നില്ല.  കാപ്പിറ്റല്‍ ലീഗ് കപ്പില്‍ മൂന്നാം ഡിവിഷന്‍ ക്ലബായ മില്‍ട്ടണ്‍ കീന്‍സ് ഡോണ്‍സിനോട് മറുപടിയില്ലാത്ത നാലു ഗോളിന് മാഞ്ചസ്റ്റര്‍ തരിപ്പണമായി. സ്‌ട്രൈക്കര്‍ വില്‍ ഗ്രിഗിന്റേയും ബെനിക് അഫോബെയുടേയും ഇരട്ട ഗോളുകളുടെ മികവിലാണ് ഡോണ്‍സ് മാഞ്ചസ്റ്ററിനെ തകര്‍ത്തത്.
ആദ്യ പകുതിയുടെ 25ാം മിനിറ്റില്‍ ഗ്രിഗിലൂടെ ഡോണ്‍സ് മുന്നിലെത്തി. രണ്ടാം പകുതിയിലായിരുന്നു മറ്റു മൂന്നു ഗോളുകളും. തോല്‍വിയോടെ മാഞ്ചസ്റ്റര്‍ ലീഗ് കപ്പില്‍നിന്ന് പുറത്തായി. പത്തൊന്‍പതു വര്‍ഷത്തിനു ശേഷമാണ് മാഞ്ചസ്റ്റര്‍ ലീഗ് കപ്പിന്റെ മൂന്നാം റൗണ്ടില്‍ കടക്കാതെ പുറത്താകുന്നത്. കഴിഞ്ഞ ദിവസം പ്രീമിയര്‍ ലീഗ് മത്സരത്തില്‍ സണ്ടര്‍ ലാന്റിനോട് സമനില വഴങ്ങിയതിനു പിന്നാലെയാണ് മാഞ്ചസ്റ്ററിന്റെ തോല്‍വി. സ്വാന്‍സി സിറ്റിയോടും മാഞ്ചസ്റ്റര്‍ തോറ്റിരുന്നു.
മുന്‍ മാനേജര്‍ അലക്‌സ് ഫെര്‍ഗൂസന്‍ രാജിവെച്ചതിനു പിന്നാലെ കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗില്‍ ഏഴാമതായിരുന്നു മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഹോളണ്ടിന്റെ കോച്ചായിരുന്ന ലൂയി വാന്‍ഗാലിനെ കൊണ്ടുവന്നിട്ടും ടീമിന്റെ പ്രകടനം ആശാവഹമല്ലെന്നാണ് സീസണില്‍ ഇതുവരെയുള്ള പ്രകടനം തെളിയിക്കുന്നത്.
അര്‍ജന്റീനയുടെ മധ്യനിരതാരം എയ്ഞ്ചല്‍ ഡി മരിയയെ മാഞ്ചസ്റ്റര്‍ റെക്കോര്‍ഡ് തുകയക്ക് ടീമില്‍ എത്തിച്ചിട്ടുണ്ട്. 75 ദശലക്ഷം യൂറോയ്ക്കാണ് മരിയയെ റയലില്‍ നിന്നും മാഞ്ചസ്റ്റര്‍ സ്വന്തമാക്കിയിരിക്കുന്നത്.