Connect with us

Malappuram

തീതുപ്പുന്ന വെടിയുണ്ടകളുടെ ഓര്‍മകളുമായി മലബാര്‍ കലാപം

Published

|

Last Updated

തിരൂരങ്ങാടി: ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ധീര അധ്യായമായ മലബാര്‍ കലാപത്തിന് 93 വര്‍ഷം.
1921ലെ മലബാര്‍ കലാപത്തിലെ രക്തരൂക്ഷമായ പോരാട്ടമാണ് തിരൂരങ്ങാടിക്ക് പറയാനുള്ളത്. ബ്രിട്ടീഷുകാരില്‍ നിന്ന് ഭാരതത്തെ മോചിപ്പിക്കുന്നതിനായി മഹത്മാ ഗാന്ധിജിയുടെ ആഹ്വാനമേറ്റെടുത്ത് നടന്ന സമരത്തിന്റെ ഭാഗമായിട്ടാണ് ഖിലാഫത്ത് പ്രസ്ഥാനം ഉടലെടുത്തത്. സമരത്തിന്റെ ഭാഗമായി തിരൂരങ്ങാടിയിലും പരിസര പ്രദേശങ്ങളിലും തുല്യതയില്ലാത്ത വിധം ബ്രിട്ടീഷ് വിരുദ്ധ പോരട്ടമാണ് ആരംഭിച്ചത്.
ബ്രിട്ടീഷ് വിരുദ്ധ നിലപാടുകളിലൂടെയും കടുത്ത ചെറുത്തുനില്‍പ്പിലൂടെയും സ്വാതന്ത്ര്യത്തിനായി കൊതിച്ച തിരൂരങ്ങാടിയും പരിസര പ്രദേശങ്ങളും ബ്രിട്ടീഷുകാരുടെ പ്രധാന ശ്രദ്ധാകേന്ദ്രവും കണ്ണിലെ കരടുമായി മാറി. 1921 ആഗസ്റ്റ് രണ്ടാംവാരത്തോടെ ബ്രിട്ടീഷ് സൈന്യം തിരൂരങ്ങാടി ലക്ഷ്യമാക്കി നീങ്ങി. പിറന്ന നാടിന്റെ സ്വാതന്ത്ര്യത്തിനായി ജനങ്ങളെ സംഘടിപ്പിച്ച്. പോരാട്ടത്തിനിറങ്ങിയ ആലിമുസ്‌ലിയാരേയും അദ്ദേഹത്തിന്റെ അനുയായികളേയും പിടികൂടിയാല്‍ തിരൂരങ്ങാടിയിലെ സ്വാതന്ത്ര്യസമരം അടിച്ചമര്‍ത്താമെന്നായിരുന്നു ബ്രിട്ടീഷുകാരുടെ കണക്കുകൂട്ടല്‍.
ആലി മുസ്‌ലിയാരേയും ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരേയും പിടികൂടാനായി കൂടുതല്‍ പട്ടാളം തിരൂരങ്ങാടിയില്‍ എത്തി. ആലി മുസ്‌ലിയാര്‍ ദര്‍സ് നടത്തിയിരുന്ന തിരൂരങ്ങാടിയിലെ തെക്കേ പള്ളിയിലും മറ്റും പട്ടാളം പരിശോധന നടത്തി.
ആലി മുസ്‌ലിയാരെ പട്ടാളം അറസ്റ്റുചെയ്തുവെന്നും തിരൂരങ്ങാടി പള്ളി തകര്‍ത്തുവെന്നുമുള്ള ശ്രുതി പരന്നു. അതിനിടെ നിരവധിയാളുകളെ പട്ടാളം അറസ്റ്റുചെയ്തിട്ടുണ്ടായിരുന്നു. ഇതോടെ പലഭാഗങ്ങളില്‍ നിന്നായി ജനങ്ങള്‍ തിരൂങ്ങാടിയിലേക്ക് ഒഴുകി.
അറസ്റ്റുചെയ്യപ്പെട്ടവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ആഗസ്റ്റ് 20ന് ജനങ്ങള്‍ ചെമ്മാട്ടെ ഹജൂര്‍ കച്ചേരിക്ക് മുന്നില്‍ തടിച്ചുകൂടി. പിടികൂടിയവരെ ഉടന്‍ വിട്ടയക്കാമെന്ന മറുപടിയാണ് ബ്രിട്ടീഷ് പട്ടാള മേധാവികളില്‍ നിന്ന് ലഭിച്ചത്. ഇത് വിശ്വസിച്ച ജനം അവിടെ തന്നെ നിന്നു. എന്നാല്‍ യാതൊരു മുന്നറിപ്പുമില്ലാതെ ആള്‍കൂട്ടത്തിലേക്ക് ബ്രിട്ടീഷ് പട്ടാളം വെടിവെക്കുകയാണുണ്ടായത്. എതിരെ വരുന്ന വെടിയുണ്ടകളെ ഒട്ടുംവകവെക്കാതെ നെഞ്ചുറപ്പോടെ ജനം നേരിടുകയായിരുന്നു. വെടിയേറ്റ് ഒട്ടേറെ പേര്‍ മരിച്ചുവീണു. ബ്രീട്ടീഷ് പട്ടാള മേധാവി ജോണ്‍ ഡെങ്കണ്‍ റൗളി വില്യം റിഥര്‍ ഫാഡി മഷറ്റ് ജോണ്‍സ്റ്റണ്‍ തുടങ്ങിയവര്‍ കൊല്ലപ്പെട്ടു. ഇതില്‍ ചിലരുടെ ശവക്കല്ലറകള്‍ ഇപ്പോള്‍ താലൂക്ക് ഓഫീസ് പ്രവര്‍ത്തിക്കുന്ന ഹജൂര്‍ കച്ചേരിക്ക് മുന്നിലും. തിരൂരങ്ങാടി ചന്തപ്പടിയിലുമായി നിലകൊള്ളുന്നുണ്ട്.
അവസാനം ബ്രിട്ടീഷ് പട്ടാളം ആലി മുസ്‌ലിയാരെ പിടികൂടാനായി തിരൂരങ്ങാടി വലിയപള്ളി വളഞ്ഞു. പള്ളിക്ക് നേരെ വെടിവെച്ചു.
എന്നാല്‍ പള്ളിക്ക് പോറലേല്‍ക്കരുതെന്ന് കരുതി ആലിമുസ്‌ലിയാരും 40ഓളം പേരും പട്ടാളത്തിന് കീഴടങ്ങുകയായിരുന്നു. ്രബിട്ടീഷുകാരുടെ തീതുപ്പുന്ന വെടിയുണ്ടക്കള്‍ക്ക് മുന്നില്‍ നെഞ്ചുനിവര്‍ത്തി വീരമൃത്യുവരിച്ച ധീര ദേശാഭിമാനികളുടെ ശേഷിപ്പുകളെല്ലാം കാലത്തിന്റെ ഒഴുക്കിനിടയില്‍ തിരിച്ചു കിട്ടാനാവാത്ത വിധം നശിച്ചുകൊണ്ടിരിക്കുകയാണ്. ബ്രിട്ടീഷുകാരുടെ കുതിരകളെ കെട്ടിയിരുന്ന കുതിരലായനം പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. ഹജൂര്‍ കച്ചേരിയായി പ്രവര്‍ത്തിച്ചിരുന്ന ഇന്നലെ താലൂക്ക് ഓഫീസ് പൈതൃക സ്മാരകമായി നിലനില്‍ത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പൂര്‍ത്തിയായിട്ടില്ല.
മലബാര്‍ കലാപ സ്മാരകമായി തിരൂരങ്ങാടി ഗ്രാമപഞ്ചായത്ത് ചന്തപ്പടിയില്‍ നിര്‍മിച്ച കമ്മ്യൂനിറ്റി ഹാള്‍ മാത്രമണ് സ്മാരകമായി ഉള്ളത്. അതും അവഗണനയുടെ പര്യായമായി മാറിയിരിക്കുകായണ്. ഒരു അനുസ്മരണ പരിപാടിപോലും നടക്കാതെയാണ് 93ാം വാര്‍ഷികം കടന്നുപോകുന്നത്. ജില്ലയിലെ ബ്രിട്ടീഷ് പട്ടാളക്കാരുടെ ശവക്കല്ലറകള്‍ സര്‍ക്കാര്‍ അറിയാതെ കഴിഞ്ഞ വര്‍ഷം ബ്രിട്ടീഷ് സംഘടനയുടെ ആളുകള്‍ വന്ന് നന്നാക്കിയത് വിവാദമായിരുന്നു.