Connect with us

Gulf

ദുബൈയില്‍ ചെക്ക് കേസുകള്‍ വര്‍ധിക്കുന്നു

Published

|

Last Updated

ദുബൈ: ദുബൈയില്‍ ചെക്ക് കേസുകള്‍ വര്‍ധിച്ചതായി പോലീസ്. കഴിഞ്ഞ വര്‍ഷം 940 കോടി ദിര്‍ഹമിന്റെ 79,525 ചെക്ക് മടങ്ങല്‍ കേസുകളാണ് പോലീസ് കൈകാര്യം ചെയ്തത്. തൊട്ട് മുന്‍വര്‍ഷത്തേക്കാള്‍ പതിനായിരത്തോളം കേസുകളുടെ വര്‍ധനവുണ്ട്. 2012ല്‍ ഇത് 122 കോടി ദിര്‍ഹമിന്റെ 68,707 കേസുകളായിരുന്നു.
ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 22.3 കോടിയുടെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിട്ടുണ്ടെന്ന് പോലീസ് അധികൃതര്‍ പോസ്റ്റ് ഡേറ്റഡ് ചെക്കുകള്‍ നല്‍കുമ്പോള്‍ പ്രസ്തുത തിയ്യതിക്ക് കാശ് അടക്കാന്‍ സാധിക്കുമെന്ന് ഉറപ്പുവരുത്തണം. സ്വദേശികളും വിദേശികളുമായ നിരവധി പേര്‍ ചെക്ക് മടങ്ങിയ കേസില്‍ ജയിലിലാവുകയാണ്. യുവാക്കളാണധികവും. യുവതികളും ഈ സാമൂഹിക പ്രശ്‌നത്തില്‍ പങ്കാളികളാവുന്നുണ്ട്- അവര്‍ പറഞ്ഞു.
ചെക്ക് മടങ്ങിയ ശേഷം പണം കൊടുത്ത് കേസില്‍ നിന്ന് ഒഴിവാക്കാന്‍ ഒരു മാസത്തെ സമയം അനുവദിക്കാറുണ്ടെന്ന് സി ഐ ഡി പോലീസ് സ്റ്റേഷന്‍സ് അഫയേര്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ മുഹമ്മദ് അല്‍ റസൂഖി പറഞ്ഞു. ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പോലീസ് ബന്ധപ്പെട്ട ആളെ വിളിച്ച് പണം നല്‍കാന്‍ ആവശ്യപ്പെടും. അതിനും തയ്യാറാകാതിരുന്നാലാണ് കേസ് പ്രോസിക്യൂഷന് കൈമാറുക. കഴിഞ്ഞ വര്‍ഷം 20,046 കേസുകള്‍ ഇങ്ങിനെ ഒത്തു തീര്‍ന്നുവെന്നും അല്‍ റസൂഖി പറഞ്ഞു.