Connect with us

Ongoing News

43ാം വയസില്‍ മൊന്‍ഡാഗ്രന്‍ വല കാത്തു; ലോകകപ്പ് ചരിത്രം

Published

|

Last Updated

ബ്രസീലിയ: ഫൈനല്‍ വിസില്‍ മുഴങ്ങാന്‍ അഞ്ച് മിനുട്ട് ശേഷിക്കുന്നു. കൊളംബിയയുടെ കോച്ച് ജോസ് പെക്കര്‍മാന്‍ ഗോളി ഡേവിഡ് ഓസ്പിനയെ തിരിച്ചുവിളിച്ച് 1994 ല്‍ ലോകകപ്പ് കളിക്കാന്‍ തുടങ്ങിയ ഫാറിഡ് മൊന്‍ഡാഗ്രോനെ കളത്തിലിറക്കുന്നു. സ്യൂബയിലെ അരീന പാന്റനല്‍ സ്റ്റേഡിയം മൊന്‍ഡാഗ്രോനെയെ നിറഞ്ഞ മനസ്സോടെ, വന്‍ ഹര്‍ഷാരവത്തോടെ ഗ്രൗണ്ടിലേക്ക് ആനയിച്ചു. കാരണമുണ്ടായിരുന്നു. അയാളുടെ പ്രായം. കഴിഞ്ഞ ശനിയാഴ്ച 43 വയസ് ആഘോഷിച്ച മോന്‍ഡ്രാഗന്‍ ജപ്പാനെതിരെ കളത്തിലിറങ്ങുമ്പോള്‍ പ്രായം മൂന്ന് ദിവസം കൂടി പിന്നിട്ടു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ കളിക്കാരന്‍ എന്ന ഖ്യാതി ഈ കൊളംബിയന്‍ ഗോളിക്ക് സ്വന്തം.
ഇരുപത് വര്‍ഷമായി കാമറൂണിന്റെ റോജര്‍ മില്ലയുടെ പേരിലിരുന്ന റെക്കോര്‍ഡ്. 1994 ലോകകപ്പില്‍ അമേരിക്കക്കെതിരെ മില്ല കളിക്കാനിറങ്ങുമ്പോള്‍ പ്രായം 42. അതിന് ശേഷം മില്ലയോളം പ്രായമുള്ളവര്‍ക്ക് ലോകകപ്പ് വഴങ്ങിയില്ല. എന്നാല്‍, പ്രായത്തെ വെല്ലുന്ന മെയ്‌വഴക്കവുമായി, യുവതാരങ്ങള്‍ക്ക് പ്രചോദനമാകുന്ന മൊന്‍ഡ്രാഗനെ കോച്ച് പെക്കര്‍മാന്‍ തന്റെ ലോകകപ്പ് സ്‌ക്വാഡിലുള്‍പ്പെടുത്തി. ഒന്നാം ഗോളിയായി ഡേവിഡ് ഒസ്പിന ഭൂരിഭാഗം സമയവും വല കാത്തപ്പോള്‍, ജപ്പാനെതിരെ വെറ്ററന്‍ ഗോളിക്ക് അവസരം നല്‍കുകയായിരുന്നു പെക്കര്‍മാന്‍. ഞങ്ങള്‍ അനുയോജ്യ സമയത്തിനായി കാത്തിരിക്കുകയായിരുന്നു. ജപ്പാനെതിരെ ആധിപത്യം ഉറപ്പാക്കിയതോടെ വെറ്ററന്‍ ഗോളിക്ക് ലോകകപ്പിലെ ചരിത്രതാരമാകാനുള്ള അവസരമൊരുങ്ങി – പെക്കര്‍മാന്‍ പറഞ്ഞു.
ലോകകപ്പോടെ കരിയര്‍ അവസാനിപ്പിക്കുന്ന മൊന്‍ഡ്രാഗനുള്ള ആദരമായിരുന്നു ഈ ക്യാപ്. കൊളംബിയക്കായി അമ്പത്താറാം മത്സരമായിരുന്നു ഇത്. 1994, 1998 ലോകകപ്പുകളില്‍ ചിലി ടീമംഗമായിരുന്ന മൊന്‍ഡ്രാഗന്‍ ഫ്രാന്‍സ് ലോകകപ്പില്‍ ആദ്യ മൂന്ന് കളിയിലും വല കാത്തു. കൊളംബിയ പക്ഷേ, നോക്കൗട്ട് കാണാതെ മടങ്ങി. പിന്നീടിപ്പോഴാണ് അവരുടെ തിരിച്ചുവരവ്.
അവസാന മത്സരത്തില്‍ ജപ്പാനെ 1-4ന് തകര്‍ത്ത് കൊളംബിയ, ഗ്രൂപ്പില്‍ മൂന്ന് കളിയും ജയിച്ച് ഒമ്പത് പോയിന്റോടെ ചാമ്പ്യന്‍മാരായി. ജുവാന്‍ കൊഡ്രാഡോ (17മിനുട്ട്) പെനാല്‍റ്റിയിലൂടെ ലീഡെടുത്തു. 55, 82 മിനുട്ടുകളില്‍ ജാക്‌സന്‍ മാര്‍ട്ടിനിസിന്റെ ഡബിള്‍. 90താം മിനുട്ടില്‍ ജെയിംസ് റോഡ്രിഗസിന്റെ ഗോള്‍. ജപ്പാന്റെ ആശ്വാസ ഗോള്‍ ഷിന്‍ജി ഒകസാകി ആദ്യപകുതിയിലെ ഇഞ്ചുറി ടൈമില്‍ നേടി. ഒരു പോയിന്റ് മാത്രം നേടിയാണ് ഏഷ്യന്‍ ചാമ്പ്യന്‍മാരായ ജപ്പാന്‍ മടങ്ങിയത്. 3-0ന് ഗ്രീസിനെയും 2-1ന് ഐവറികോസ്റ്റിനെയും തോല്‍പ്പിച്ച കൊളംബിയ ഗ്രൂപ്പ് റൗണ്ടില്‍ ഒമ്പത് ഗോളുകളാണ് അടിച്ചുകൂട്ടിയത്. പ്രീക്വാര്‍ട്ടറില്‍ ഉറുഗ്വെയാണ് എതിരാളി.

 

Latest