Connect with us

Wayanad

ജില്ലയിലെ 35 അനാഥാലയങ്ങളുടെ രേഖകള്‍ പരിശോധിച്ചു

Published

|

Last Updated

കല്‍പ്പറ്റ: ജില്ലാ ബാലക്ഷേമ സമിതി (സി.ഡബ്ല്യു.സി) കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടത്തിയ സിറ്റിങ്ങില്‍ ജില്ലയിലെ 35 അനാഥാലയങ്ങളിലെ കുട്ടികളുടെ രേഖകള്‍ പരിശോധിച്ചു. കുട്ടികളുടെ അഡ്മിഷന്‍ നമ്പര്‍, തീയതി, ജനന തീയതി, പ്രായം, മതം, മാതാപിതാക്കളുടെ പേര് വിവരം, വിലാസം, തിരിച്ചറിയല്‍ അടയാളങ്ങള്‍, ഇപ്പോള്‍ പഠിക്കുന്ന സ്‌കൂളുകളുടെ പേര്, വിലാസം, ഡിവിഷന്‍ എന്നിവയാണ് പരിശോധിച്ചത്.
ജില്ലയിലെ വിവിധ ഓര്‍ഫനേജുകളിലായി സംസ്ഥാനത്തിന് പുറത്ത് നിന്ന് 175 കുട്ടികളും മറ്റ് ജില്ലകളില്‍ നിന്നുള്ള 157 കുട്ടികളും പഠിക്കുന്നതായി ബാലക്ഷേമ സമിതി അറിയിച്ചു. ജില്ലയിലെ എട്ട് അനാഥാലയങ്ങളില്‍ മാത്രമാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പഠിക്കുന്നത്. ഇതില്‍ നാലെണ്ണത്തില്‍ ഓരോ കുട്ടികള്‍ വീതമാണ് പഠിക്കുന്നത്. രേഖകള്‍ ഹാജരാക്കാത്തവര്‍ക്ക് ജൂണ്‍ 25 ന് രേഖകള്‍ ഹാജരാക്കാന്‍ വീണ്ടും അവസരം നല്‍കും. ആവശ്യമാണെങ്കില്‍ സ്ഥാപനങ്ങളിലെത്തി കുട്ടികളെ സംബന്ധിച്ച കാര്യങ്ങള്‍ സമിതി പരിശോധിക്കും. ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്റെ (ബാലനീതി നിയമം) 2006 ലെ ഭേദഗതിയനുസരിച്ച് റൂള്‍ 34 ഉപവകുപ്പ് 3 പ്രകാരം കുട്ടികള്‍ താമസിക്കുന്ന എല്ലാ സ്ഥാപനങ്ങളും ബാലനീതി നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്യണം.
അനാഥാലയങ്ങള്‍ നടത്തുന്നവരെ വിശ്വാസത്തിലെടുത്താകും ബാലക്ഷേമ സമിതി മുന്നോട്ടുപോവുകയെന്നും നിയമം നടപ്പാക്കുന്നതില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും ബാലക്ഷേമ സമിതി ചെയര്‍മാന്‍ അഡ്വ. തോമസ് ജോസഫ് തേരകം പറഞ്ഞു. സാമൂഹിക നീതി വകുപ്പിന്റെ സഹകരണത്തോടെയാണ് രേഖകള്‍ പരിശോധിച്ചത്. മെമ്പര്‍മാരായ ഡോ. പി. ലക്ഷ്മണന്‍, ഡോ. ബെറ്റിജോസ്, പി.ബി. സുരേഷ്, അഡ്വ. ബാലസുബ്രഹ്മണ്യന്‍, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ പി.ബിജു, ഐ.സി.ഡി.എസ്. സീനിയര്‍ സൂപ്രണ്ട് കെ.മധുസൂദനന്‍, ഗവ. ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് എം.സന്തോഷ്ബാബു, ജോയ്‌സി സ്റ്റീഫന്‍, അഡ്വ. നിഷ.എന്‍.ഭാസി തുടങ്ങിയവര്‍ പങ്കെടുത്തു.

Latest