Connect with us

Ongoing News

രഹസ്യ മൊഴിയുടെ പകര്‍പ്പിന് അന്വേഷണ സംഘം അപേക്ഷ നല്‍കി

Published

|

Last Updated

തിരുവനന്തപുരം: എ പി അബ്ദുല്ലക്കുട്ടി എം എല്‍ എക്കെതിരായ പരാതിയില്‍ സോളാര്‍ കേസിലെ പ്രതി സരിതാ എസ് നായര്‍ കോടതിയില്‍ നല്‍കിയ രഹസ്യ മൊഴിയുടെ പകര്‍പ്പിന് വേണ്ടി പ്രത്യേക അന്വേഷണ സംഘം ഇന്നലെ കോടതിയില്‍ അപേക്ഷ നല്‍കി.
പ്രത്യേക അന്വേഷണ സംഘത്തലവനായ കെ ഇ ബൈജുവാണ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. സരിതയുടെ മൊഴിയില്‍ അബ്ദുല്ലക്കുട്ടിക്കെതിരെ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ക്ക് തെളിവുണ്ടോയെന്ന് പരിശോധിക്കും. അതിന് ശേഷം അബ്ദുല്ലക്കുട്ടിയെ ചോദ്യം ചെയ്യും. സരിതയുടെ മൊഴി പ്രകാരം തെളിവുണ്ടെങ്കില്‍ അന്വേഷണ സംഘത്തിന് അബ്ദുല്ലക്കുട്ടിയെ അറസ്റ്റ് ചെയ്യേണ്ടി വരും.
ഏഴു തവണ കോടതി ആവശ്യപ്പെട്ടിട്ടും അബ്ദുല്ലക്കുട്ടിക്കെതിരെ മൊഴി നല്‍കാതെ ഒഴിഞ്ഞ് മാറി നിന്നിരുന്ന സരിത എട്ടാം തവണ ചൊവ്വാഴ്ചയാണ് കോടതിയില്‍ രഹസ്യമൊഴി നല്‍കിയത്. ചൊവ്വാഴ്ച ഉച്ചക്ക് ശേഷം 2.45 നാണ് കേസ് പരിഗണിച്ചത്. സരിതയുടെ അഭ്യര്‍ഥന പ്രകാരം അഭിഭാഷകരേയും കോടതി ജീവനക്കാരേയും ഒഴിവാക്കി അതീവ രഹസ്യമായാണ് സരിത മൊഴി രേഖപ്പെടുത്തിയത്. ഇത് വൈകുന്നേരം 4.15 വരെ നീണ്ടു. മൊഴി ഇന്ന് സി ജെ എം കോടതിയിലെത്തും.
സോളാര്‍ പാനല്‍ സ്ഥാപിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വിളിച്ചു വരുത്തി തന്നെ മാനഭംഗപ്പെടുത്തിയെന്ന് കാട്ടി കഴിഞ്ഞ മാര്‍ച്ച് പത്തിനാണ് സരിത പോലീസില്‍ പരാതി നല്‍കിയത്.