Connect with us

Kozhikode

ലോക പരിസ്ഥിതിദിനം എസ് വൈ എസ് സംരക്ഷണ ദിനമായി ആചരിക്കും

Published

|

Last Updated

കോഴിക്കോട്: പരിസ്ഥിതി സംരക്ഷണം മൗലിക ബാധ്യതയായി ജനങ്ങള്‍ ഏറ്റെടുക്കണമെന്ന് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എസ് വൈ എസ് സംസ്ഥാന സമിതി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
ആധുനിക മനുഷ്യന്റെ ദുരയും വിനാശകരമായ വികസനങ്ങളുമാണ് പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ മുഖ്യഹേതു. വനസമ്പത്ത് നശിപ്പിച്ചും നീരുറവകളുടെ ഒഴുക്ക് തടസ്സപ്പെടുത്തിയുമുള്ള പ്രകൃതി കൈയേറ്റങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണം. പ്രകൃതി വിഭവങ്ങള്‍ക്കു മേല്‍ അധികാരം സ്ഥാപിക്കാനുള്ള മുതലാളിത്തത്തിന്റെ കിടമത്സരങ്ങള്‍ മനുഷ്യന്റെ നിലനില്‍പ്പുതന്നെ അപകടപ്പെടുത്തുകയാണ്. കൊടും ചൂടില്‍ വിയര്‍ത്തു വലഞ്ഞാണ് ഈ വേനല്‍ക്കാലത്ത് കേരളീയര്‍ ജീവിച്ചത്. പരിസ്ഥിതിക്കുമേലുള്ള ഏതു കൈയേറ്റവും ജൈവസമ്പത്തിനെ നശിപ്പിക്കുമെന്ന തിരിച്ചറിവ് നഷ്ടപ്പെട്ടതിന്റെ പ്രത്യാഘാതമാണ് കൊടും ചൂടും പ്രകൃതി ദുരന്തങ്ങളും. ജനങ്ങള്‍ക്കിടയില്‍ പ്രകൃതിസ്‌നേഹവും പരിസ്ഥിതികാവബോധവും സൃഷ്ടിക്കുന്നതിന് സര്‍ക്കാറും-സന്നദ്ധ സംഘടനകളും കര്‍മ പദ്ധതികളാവിഷ്‌കരിക്കണം.
വൃക്ഷത്തൈകള്‍ നട്ടും നീരുറവകള്‍ സംരക്ഷിച്ചും പരിസ്ഥിതി ദിന പരിപാടികളില്‍ ജനങ്ങള്‍ പങ്കാളികളാവണം. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളംബരപ്പെടുത്തുന്ന നിരവധി തിരുവചനങ്ങളുണ്ടെന്നിരിക്കെ, മുസ്‌ലിംകളെ സംബന്ധിച്ച് ഇത് ഒരു സുപ്രധാനമായ ധര്‍മംകൂടിയാണ്. അതുള്‍ക്കൊണ്ട് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഭാഗവാക്കാകാന്‍ മുഴുവന്‍ എസ് വൈ എസ് പ്രവര്‍ത്തകരം രംഗത്തിറങ്ങണമെന്നും എസ് വൈ എസിന്റെ 60-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ലോക പരിസ്ഥിതി ദിനമായ നാളെ എല്ലാ പ്രദേശങ്ങളിലും മരം നട്ടുപിടിപ്പിക്കണമെന്ന് എസ് വൈ എസ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു. ഇതു സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു, കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, മജീദ് കക്കാട്, അബ്ദുര്‍റഹ്മാന്‍ ഫൈസി മാരായമംഗലം, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി,സയ്യിദ് ത്വാഹാ സഖാഫി, ഡോ.മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, എന്‍ അലി അബ്ദുല്ല പങ്കെടുത്തു.

 

Latest