Connect with us

International

സുപ്രീം കോടതി മുന്‍ ജഡ്ജി ദ. കൊറിയയുടെ പുതിയ പ്രധാനമന്ത്രി

Published

|

Last Updated

സിയൂള്‍: സുപ്രീം കോടതി മുന്‍ ജഡ്ജി ദക്ഷിണ കൊറിയയിലെ പുതിയ പ്രധാനമന്ത്രിയാകും. 59കാരനായ ആന്‍ ഡെയ് ഹീയെ പ്രസിഡന്റ് പാര്‍ക്ക് ഗ്യുന്‍ ഹേ പ്രധാനമന്ത്രിയായി നാമനിര്‍ദേശം ചെയ്തു. ബോട്ട് ദുരന്തം കൈകാര്യം ചെയ്യുന്നതില്‍ അമ്പേ പരാജയപ്പെട്ട സര്‍ക്കാറിനെതിരെ വന്‍ പ്രതിഷേധം അരങ്ങേറുന്നതിനിടെയാണ് സമൂലമായ അഴിച്ചു പണിക്ക് പ്രസിഡന്റ് തയ്യാറായിരിക്കുന്നത്.
രാജ്യത്ത് അടുത്ത് തന്നെ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ദേശീയ സുരക്ഷാ മേധാവിയുടെയും രഹസ്യാന്വേഷണ മേധാവിയുടെയും രാജി പ്രസിഡന്റ് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ദേശീയ സുരക്ഷാ കൗണ്‍സില്‍ മേധാവി കിം ജാംഗ് സൂ, ദേശീയ രഹസ്യാന്വേഷണ മേധാവി നാം ജേ ജൂണ്‍ എന്നവര്‍ക്കാണ് പുറത്തേക്ക് വഴിയൊരുങ്ങിയിരിക്കുന്നത്. ബോട്ട് ദുരന്തത്തിന് ശേഷം ഒന്നും ചെയ്യാന്‍ തയ്യാറാകാത്ത ഇവര്‍ക്കെതിരെ രൂക്ഷ വിമര്‍ശമുയര്‍ന്നിരുന്നു.
300 പേരുടെ മരണത്തിനിടയാക്കിയ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നിലവിലെ പ്രധാനമന്ത്രി ചുംഗ് ഹോംഗ് വുണ്‍ രാജി സന്നദ്ധത അറിയിച്ചിരുന്നു. മുന്‍ ജഡ്ജി ആന്‍ ഡെയ് രാജ്യത്തെ ശരിയായി മുന്നോട്ട് നയിക്കാന്‍ ഏറ്റവും ഫലപ്രദമായ വ്യക്തിയാണെന്ന് പ്രസിഡന്റിന്റെ വക്താവ് പറഞ്ഞു. സര്‍ക്കാറിന്റെ വിവിധ ഘടകങ്ങളെ ഏകോപിപ്പിക്കാനും ശക്തിപ്പെടുത്താനും തെറ്റായ പ്രവണതകളെ ചെറുക്കാനും അദ്ദേഹത്തിന് സാധിക്കുമെന്ന് വക്താവ് പ്രത്യാശ പ്രകടിപ്പിച്ചു. ആന്‍ ഡെയിയുടെ നാമനിര്‍ദേശത്തിന് പാര്‍ലിമെന്റായ നാഷനല്‍ അസംബ്ലിയുടെ അംഗീകാരം ആവശ്യമാണ്. അത് തികച്ചും ഔപചാരികത മാത്രമായിരിക്കും. കാരണം, ഭരണകക്ഷിയായ സെനൂരി പാര്‍ട്ടിക്ക് പാര്‍ലിമെന്റില്‍ മൃഗീയ ഭൂരിപക്ഷം ഉണ്ട്.
ജൂണ്‍ നാലിനാണ് തദ്ദേശ തിരഞ്ഞെടുപ്പ്. ഇതിനിടെ നടന്ന അഭിപ്രായ സര്‍വേകളിലെല്ലാം പ്രസിഡന്റ് പാര്‍ക്കിന്റെ ജനപ്രീതി കുത്തനെ ഇടിഞ്ഞിരുന്നു. ബോട്ട് ദുരന്തം തന്നെയാണ് അവര്‍ക്ക് വിനയായത്. രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും സമയത്ത് ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനും പാര്‍ക്ക് സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമായിരുന്നു. പാര്‍ക്ക് 16 മാസം മുമ്പാണ് തിരഞ്ഞെടുക്കപ്പെട്ടത്. അതിന് ശേഷം നടക്കുന്ന രാജ്യവ്യാപക തിരഞ്ഞെടുപ്പെന്ന നിലയില്‍ അടുത്തമാസം നടക്കുന്ന തദ്ദേശ വോട്ടെടുപ്പ് അവരുടെ “ഹിതപരിശോധന”യാകുമെന്നാണ് വിലയിരുത്തല്‍.

Latest