Connect with us

Ongoing News

സോളാര്‍ കേസില്‍ തുടരന്വേഷണമാകാം: കോടതി

Published

|

Last Updated

തിരുവനന്തപുരം: സരിത എസ് നായരും ബിജു രാധാകൃഷ്ണനും പ്രതികളായ സോളാര്‍ തട്ടിപ്പ് കേസില്‍ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു. കേസില്‍ സരിതയുടെ മാതാവിനെക്കൂടി ഉള്‍പ്പെടുത്തി അന്വേഷണം വേണമെന്നാവശ്യപ്പെട്ട് തട്ടിപ്പിനിരയായ ബാലരാമപുരം സ്വദേശി ആര്‍ ജെ അശോക് കുമാര്‍ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്.
കാറ്റാടി യന്ത്രം സ്ഥാപിച്ചു നല്‍കുന്ന കമ്പനിയുടെ ഡീലര്‍ഷിപ്പ് വാഗ്ദാനം ചെയ്താണ് സരിതയുടെയും ബിജുവിന്റെയും നേതൃത്വത്തില്‍ തട്ടിപ്പ് നടന്നത്. ഇടുക്കി പീരുമേടിലുള്ള ഭൂമിയില്‍ കാറ്റാടിയന്ത്രം സ്ഥാപിച്ച് നല്‍കാമെന്നും കമ്പനിയുടെ ഡീലര്‍ഷിപ്പ് നല്‍കാമെന്നും വാഗ്ദാനം നല്‍കി പലപ്പോഴായി നാലര ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.
സരിതയുടെ മാതാവ് ഇന്ദിരാദേവി കൂടി ഉള്‍പ്പെട്ട സംഘമാണ് തട്ടിപ്പ് നടത്തിയതെന്ന് പരാതി നല്‍കിയെങ്കിലും ഉന്നത സ്വാധീനം കാരണം കാര്യമായ അന്വേഷണം ഉണ്ടായില്ല. കുറ്റപത്രം കോടതിയിലെത്തിയപ്പോള്‍ സരിതയും ബിജുവും മാത്രമാണ് പ്രതികളായത്. സരിതയുടെ മാതാവ് ഇന്ദിരാ ദേവിയെയും ഡ്രൈവര്‍ ഷൈജു സുരേന്ദ്രനെയും പോലീസ് ഒഴിവാക്കി.
ഇതിനെതിരെയാണ് തട്ടിപ്പിനിരയായ അശോക് കുമാര്‍ കോടതിയെ സമീപിച്ചത്. ജനറല്‍ മാനേജര്‍ ആണെന്ന് പറഞ്ഞ് തന്നെ സമീപിച്ചത് ഇന്ദിരാ ദേവിയാണെന്ന് അശോക് കുമാര്‍ പറഞ്ഞു. ഇവര്‍ തന്റെ നാട്ടുകാരിയും രണ്ട് സൃഹൃത്തുക്കളുടെ സഹോദരിയുമാണെന്നു കൂടി അറിഞ്ഞതോടെ അവര്‍ ആ ബന്ധം പരമാവധി ഉപയോഗിക്കുകയായിരുന്നു.
ബിജു രാധാകൃഷ്ണന്റെ പിതാവിന്റെ പേര് കുറ്റപത്രത്തില്‍ തിരുത്തിയെന്നും കേസ് സംബന്ധിച്ച നിര്‍ണായക രേഖകള്‍ പോലീസ് പിടിച്ചെടുത്തില്ലെന്നും അശോക് കുമാര്‍ പറഞ്ഞു. സര്‍ക്കാറിന്റെ വാദം കൂടി കേട്ടശേഷം തുടരന്വേഷണത്തിന് കോടതി ഉത്തരവിടുകയായിരുന്നു. വലിയതുറ പോലീസിനാണ് അന്വേഷണ ചുമതല.