Connect with us

Kozhikode

വെള്ളയില്‍ പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം താളംതെറ്റുന്നു

Published

|

Last Updated

കോഴിക്കോട്: അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തത മൂലം വെള്ളയില്‍ പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം താളം തെറ്റുന്നു. ലോക്കപ്പും വനിതകളടക്കുള്ള പോലീസുകാര്‍ക്ക് വിശ്രമ സൗകര്യവും സ്റ്റേഷനിലില്ല. രണ്ട് വാഹനങ്ങളുണ്ടെങ്കിലും ഒരു ഡ്രൈവറേയുള്ളൂ. ഇയാള്‍ അവധിയിലായാല്‍ വാഹനമോടിക്കുന്നത് ഡ്രൈവിംഗ് അറിയുന്ന പോലീസുകാരാണ്.
കോഴിക്കോട്ടെ തീരദേശ മേഖലയുടെ സുരക്ഷക്കായി 2007ലാണ് വെള്ളയില്‍ പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചത്. നടക്കാവ് സ്റ്റേഷനില്‍ നിന്ന് സി ഐ, എസ് ഐ, എ എസ് ഐ, രണ്ട് പോലീസ് ഓഫീസര്‍മാര്‍, പത്ത് കോസ്റ്റബിള്‍മാര്‍ എന്നിവരെ ഇവിടേക്ക് വിന്യസിപ്പിക്കുകയായിരുന്നു. രണ്ട് വീതം എസ് ഐ, എ എസ് ഐ, സീനിയര്‍ സി പി ഒ, ഒമ്പത് സി പി ഒമാര്‍, മൂന്ന് വനിതാ പോലീസുകാര്‍ എന്നിരാണ് ഇപ്പോള്‍ സ്റ്റേഷനിലുള്ളത്. നടക്കാവ് സ്റ്റേഷനില്‍ നിന്ന് അറ്റാച്ച് ചെയ്ത നാല് സീനിയര്‍ സി പി ഒ, ആറ് സി പി ഒമാരുമുണ്ട്. ഇതില്‍ തന്നെ രണ്ട് പേര്‍ക്ക് നടക്കാവ് സി ഐ ഓഫീസിലായിരിക്കും ചുമതല. രണ്ട് പേരെ സ്ഥിരമായി മാറാട് ഡ്യൂട്ടിക്കും അയക്കണം. അറ്റാച്ച് ചെയ്തവര്‍ സ്ഥലം മാറിപ്പോയാലും പകരം ആളെ കിട്ടില്ല. ഇങ്ങനെ സ്ഥലംമാറിപ്പോയവരുടെ മൂന്ന് ഒഴിവുമുണ്ട്.
തീരദേശ മേഖലയിലെ പുതിയങ്ങാടി, പുതിയാപ്പ റെയില്‍വേ ലൈന്‍, ഭട്ട് റോഡ്, ബംഗ്ലാദേശ് കോളനി, ഗവ. ബീച്ച് ആശുപത്രി എന്നീ പ്രദേശങ്ങളാണ് സ്റ്റേഷന്റെ അതിര്‍ത്തിയില്‍ വരുന്നത്. കോഴിക്കോട് ബീച്ച്, ഭട്ട് റോഡ് ബീച്ച് എന്നിവിടങ്ങളില്‍ സായാഹ്നം ചെലവിടാന്‍ വരുന്നവരുടെ സുരക്ഷയും ബീച്ച് ഓപണ്‍ എയര്‍ സ്റ്റേജ് പരിപാടികളുടെ നിയന്ത്രണവും വെള്ളയില്‍ പോലീസിനാണ്. സാമൂഹിക- രാഷ്ട്രീയ അന്തരീക്ഷം വളരെ സങ്കീര്‍ണമായ ഈ പ്രദേശങ്ങളില്‍ പോലീസ് ഓഫീസര്‍മാരുടെ കുറവ് പലപ്പോഴും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. സേനാബലം കുറവായതുകൊണ്ടുതന്നെ പല പ്രശ്‌നങ്ങളും വിളിച്ചറിയിക്കുമ്പോള്‍ സമയത്തിന് എത്തിപ്പെടാനാകാറില്ലെന്ന് സ്റ്റേഷന്‍ അധികൃതര്‍ പറയുന്നു. ഫിഷറീസിന്റെ പഴയ കെട്ടിടത്തിലാണ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്.

Latest