Connect with us

Ongoing News

ആന്ധ്രയില്‍ ടി ഡി പി - ബി ജെ പി സഖ്യത്തില്‍ വിള്ളല്‍

Published

|

Last Updated

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള തെലുഗു ദേശം പാര്‍ട്ടിയും ബി ജെ പിയും തമ്മിലുണ്ടാക്കിയ ബന്ധത്തില്‍ വിള്ളല്‍. നിയമസഭയിലേക്ക് ദുര്‍ബലരായ ,സ്ഥാനാര്‍ഥികളെ ബി ജെ പി മത്സരിപ്പിക്കുന്നതാണ് ചന്ദ്രബാബു നായിഡുവിനെ ചൊടിപ്പിച്ചത്.
ഒരു വാര്‍ഡ് അംഗം പോലും ആകാന്‍ യോഗ്യതയില്ലാത്തവര്‍ എങ്ങനെ നിയമസഭയിലേക്ക് വിജയിക്കുമെന്നാണ് നായിഡു ചോദിക്കുന്നത്. ഇത് സംബന്ധിച്ച് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി ചന്ദ്രബാബു നായിഡു ടെലിഫോണില്‍ ചര്‍ച്ച നടത്തി. ഇത്തരം ദുര്‍ബലരായ സ്ഥാനാര്‍ഥികള്‍ എങ്ങനെ വിജയിക്കുമെന്നും സഖ്യത്തിന് തന്നെ ഇത് ദോഷം ചെയ്യുകയേ ഉള്ളൂവെന്നുമാണ് നായിഡുവിന്റെ അഭിപ്രായം.
ഇച്ചാപുരം, രാജമുദ്രി, കൈകലരു, ഗുണ്ടക്കല്‍ എന്നീ നിയമസഭാ മണ്ഡലങ്ങളിലെ ബി ജെ പി സ്ഥാനാര്‍ഥികളുടെ കാര്യത്തിലാണ് നായിഡു അതൃപ്തി പ്രകടിപ്പിച്ചിട്ടുള്ളത്. സ്ഥാനാര്‍ഥികളെ മാറ്റുന്നതിന് ബി ജെ പിയുമായി ചര്‍ച്ച നടത്താനും ടി ഡി പി തയ്യാറെടുക്കുന്നുണ്ട്. ടി ഡി പിയുടെ പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പ് വകവെക്കാതെയാണ് ബി ജെ പിയുമായി ടി ഡി പി സഖ്യമുണ്ടാക്കിയത്. ഇച്ചാപുരം നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായ വി ബാലകൃഷ്ണ ജയിക്കാന്‍ ഒരു സാധ്യതയുമില്ലെന്നാണ് ചന്ദ്രബാബു നായിഡു പറയുന്നതെന്ന് മുന്‍ കേന്ദ്ര മന്ത്രിയായ കെ യെരണ്‍ നായിഡുവിന്റെ മകനും ടി ഡി പിയുടെ ശ്രീകാകുളം ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥിയുമായ രാംമോഹന്‍ നായിഡു പറഞ്ഞു.
രാജമുദ്രി സീറ്റ് ടി ഡി പി മത്സരിച്ചു വന്നതാണ്. ബി ജെ പി നേതാവ് എ സത്യനാരായണക്ക് മത്സരിക്കുന്നതിനായി മുതിര്‍ന്ന നേതാവ് ഗൊരാന്‍ഡ്‌ല ബച്ചയ്യ ചൗധരിക്ക് ടി ഡി പി സീറ്റ് നിഷേധിച്ചിരുന്നു. സത്യനാരായണ വിജയിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് ടി ഡി പി നേതാക്കള്‍ പറയുന്നു. ബി ജെ പിയുമായി സഖ്യമുണ്ടാക്കിയതിനെ തുടര്‍ന്ന് കൈകലരു നിയമസഭാ മണ്ഡലത്തിലെ സിറ്റിംഗ് എം എല്‍ എയായ ജയമംഗള വെങ്കട്ട രാമണ്ണ സീറ്റ് ബി ജെ പിക്ക് നല്‍കാന്‍ തയ്യാറാകുകയായിരുന്നു. കെ ശ്രീനിവാസ റാവുവാണ് ഇവിടെ ബി ജെ പി സ്ഥാനാര്‍ഥി. ഇവിടെ വിജയ പ്രതീക്ഷയില്ലെന്നാണ് ടി ഡി പി നേതാക്കളുടെ അഭിപ്രായം.
ആദ്യ ഘട്ട തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് യോജിച്ച് പ്രവര്‍ത്തിക്കാന്‍ ടി ഡി പിയും ബി ജെ പിയും തീരുമാനിച്ചത്. ധാരണയനുസരിച്ച് സീമാന്ധ്ര മേഖലയിലെ അഞ്ച് ലോക്‌സഭാ സീറ്റുകളിലും പതിനഞ്ച് നിയമസഭാ സീറ്റുകളിലും ബി ജെ പിയാണ് മത്സരിക്കുക. തെലങ്കാന മേഖലയിലെ എട്ട് ലോക്‌സഭാ മണ്ഡലങ്ങളിലും നാല്‍പ്പത്തിയേഴ് നിയമസഭാ മണ്ഡലങ്ങളിലും ബി ജെ പി സ്ഥാനാര്‍ഥികളെ നിര്‍ത്തും. 119 നിയമസഭാ മണ്ഡലങ്ങളും പതിനേഴ് ലോക്‌സഭാ മണ്ഡലങ്ങളും ഉള്‍ക്കൊള്ളുന്ന തെലങ്കാനയില്‍ ഈ മാസം മുപ്പതിനാണ് തിരഞ്ഞെടുപ്പ്. 175 നിയമസഭാ മണ്ഡലങ്ങളും 25 ലോക്‌സഭാ മണ്ഡലങ്ങളുമാണ് സീമാന്ധ്രയില്‍ ഉള്ളത്. ഇവിടെ മെയ് ഏഴിനാണ് തിരഞ്ഞെടുപ്പ്.

---- facebook comment plugin here -----

Latest