Connect with us

Ongoing News

പഴശ്ശിയുടെ മണ്ണില്‍ വീരേതിഹാസം രചിക്കാന്‍

Published

|

Last Updated

പുകഞ്ഞു പാറുന്ന ചുരത്തിനപ്പുറം കാടിനെ വകഞ്ഞൊഴുകുന്ന കബനി നദി. അതിന്റെ തീരങ്ങളില്‍ കാപ്പിയും ഏലവും പൂത്തു പരക്കുന്ന ഗന്ധം… പക്ഷേ വയനാട്ടിലിത്തവണ കബനി നദി പോലെ ശാന്തമല്ല തിരഞ്ഞെടുപ്പിന്റെ ഓളങ്ങള്‍. നേര്‍ക്കുനേര്‍ പോരാട്ടത്തിനായി ഇടതും വലതും ബി ജെ പിയും ഒപ്പം രണ്ടും കല്‍പ്പിച്ചിറങ്ങിയ സ്വതന്ത്രനും ഇത്തവണ വയനാടിന്റെ വിധിയെഴുത്തില്‍ നിര്‍ണായകമാകും. മൂന്ന് ജില്ലകളിലായി പരന്ന് കിടക്കുന്ന മണ്ഡലത്തില്‍ ജയിക്കുന്നവരെ തീരുമാനിക്കുന്നത് തോട്ടം തൊഴിലാളികളും ആദിവാസികളും ന്യൂനപക്ഷവിഭാഗങ്ങളുമാണ്. മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലെ മലയോര മേഖലകള്‍ ഉള്‍പ്പെടുന്നതാണ് വയനാട് മണ്ഡലം. മറ്റു മണ്ഡലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും അതിന് അനുബന്ധമായി വന്ന പ്രതിഷേധങ്ങളും ഏറ്റവും അധികം ചര്‍ച്ചയാവുക ഈ മണ്ഡലത്തില്‍ തന്നെയായിരിക്കും. യു ഡി എഫിന്റെ ഉരുക്കുകോട്ടകളിലൊന്നായി വിലയിരുത്തപ്പെടുന്ന മണ്ഡലത്തില്‍ പതിവില്‍ നിന്ന് വിപരീതമായി കടുത്ത മത്സരമാണ് ഇത്തവണ നടക്കുന്നത്.

സിറ്റിംഗ് എം പി. എം ഐ ഷാനവാസ് തന്നെയാണ് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി. സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും കിസാന്‍സഭ സംസ്ഥാന സെക്രട്ടറിയുമായ സത്യന്‍ മൊകേരിയാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി. 2011ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഏറനാട് മണ്ഡലത്തില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് രണ്ടാമതെത്തിയ പി വി അന്‍വറും ശക്തമായി മത്സരരംഗത്തുണ്ട്.
മണ്ഡലത്തിലെ സിറ്റിംഗ് എം പിയായ എം ഐ ഷാനവാസിന് സാമുദായിക സംഘടനകളുമായുള്ള അടുപ്പവും 2009ലെ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ വലിയ ഭൂരിപക്ഷമായ 15,3439 എന്ന മാന്ത്രിക നമ്പറുമാണ് ഇത്തവണവും ഷാനവാസിനെ കളത്തിലിറക്കാന്‍ യു ഡി എഫിനെ പ്രേരിപ്പിച്ചതെന്ന് വ്യക്തം. കര്‍ഷക കടാശ്വാസ കമ്മീഷന്‍ അംഗമെന്ന നിലയില്‍ തോട്ടം തൊഴിലാളികളും കര്‍ഷകരും ഏറെയുള്ള മണ്ഡലത്തിന്റെ മനസ്സറിയാന്‍ കഴിയുന്ന സത്യന്‍ മൊകേരിയാണ് എല്‍ ഡി എഫിനായി ചുരം കയറിയെത്തിയത്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട ഏറനാട് നിയമസഭാ മണ്ഡലത്തില്‍ നിന്നും സ്വതന്ത്രനായി മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തിയ പി വി അന്‍വറും വയനാടിന്റെ മണ്ണില്‍ പോരാട്ടത്തിനെത്തിയിട്ടുണ്ട്. ശക്തമായ ത്രികോണ മത്സരത്തിന് തന്നെയാകും വയനാട് ഇത്തവണയും സാക്ഷ്യം വഹിക്കുക.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യപ്പെടുന്ന സംസ്ഥാനത്തെ പ്രധാന മണ്ഡലങ്ങളില്‍ ഒന്നാണ് വയനാട്. കരട് വിജ്ഞാപനമിറങ്ങിയതിന് ശേഷവും മലയോര ജനതക്കിടയിലുള്ള ആശങ്ക നിലനില്‍ക്കുന്നത് യു ഡി എഫിനെ തന്നെയാണ് ബാധിക്കുന്നത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സമരപരമ്പരകള്‍ അരങ്ങേറിയ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് കാലത്തും അതിന്റെ അലയൊലികള്‍ മുഴങ്ങി കേള്‍ക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷം മണ്ഡലത്തില്‍ വികസന പ്രവര്‍ത്തനങ്ങളൊന്നും നടന്നിട്ടില്ലെന്നാണ് എല്‍ ഡി എഫ് പ്രചാരണ രംഗത്ത് മുഖ്യമായി ഉയര്‍ത്തുന്നത്. ഷാനവാസിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് യു ഡി എഫിലും ലീഗിലുമുണ്ടായ അസ്വാരസ്യങ്ങളും ഉഭയകക്ഷി ചച്ചയില്‍ ലീഗ് ആവശ്യപ്പെട്ട വയനാട് സീറ്റ് അവര്‍ക്ക് അനുവദിക്കാത്തതും ഇടതുമുന്നണി ചര്‍ച്ചയാക്കുന്നുണ്ട്. യു ഡി എഫ് പ്രവര്‍ത്തകര്‍ക്കിടയിലെ അകല്‍ച്ച വോട്ടാക്കി മാറ്റാനാണ് എല്‍ ഡി എഫ് ശ്രമം. വയനാട് പാക്കേജ് നടപ്പിലാക്കാത്തതും ദേശീയപാത 21 മുത്തങ്ങയിലൂടെയുള്ള രാത്രിയാത്ര നിരോധനം പിന്‍വലിക്കാന്‍ കഴിയാത്തതും എല്‍ ഡി എഫിന്റെ പ്രധാന ആയുധങ്ങളാണ്.
നിലമ്പൂര്‍ നഞ്ചന്‍കോട് റെയില്‍വേ, ചുരം ബദല്‍ റോഡ് തുടങ്ങിയ വിഷയങ്ങളിലും കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒന്നും നടന്നില്ലെന്നും എല്‍ ഡി എഫ് നേതാക്കള്‍ പറയുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് വലിയ വിജയം നേടിയെങ്കിലും അട്ടിമറിക്കാനാവുമെന്ന ആശ്വാസത്തിലാണ് എല്‍ ഡി എഫ്. യു ഡി എഫിന്റെ പരമ്പരാഗത വോട്ടുകളില്‍ കാര്യമായ ചോര്‍ച്ചയുണ്ടാകില്ലെന്നാണ് യു ഡി എഫിന്റെ വിശ്വാസം. വയനാട് മെഡിക്കല്‍ കോളജിനും നിലമ്പൂര്‍ നഞ്ചന്‍കോട് റെയില്‍പാതയുടെയും പ്രാരംഭ നടപടികള്‍ക്ക് സംസ്ഥാന ബജറ്റില്‍ തുക വകയിരുത്തിയതും ആദിവാസി മേഖലയില്‍ ഭൂമി വിതരണം നടത്താന്‍ കഴിഞ്ഞതും വോട്ടായി മാറുമെന്നാണ് യു ഡി എഫിന്റെ പ്രതീക്ഷ. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കെ മുരളീധരന് കിട്ടിയ വോട്ടുകള്‍ കൂടി ഷാനവാസിന്റെ പെട്ടിയിലാകുമെന്നാണ് കോണ്‍ഗ്രസുകാരുടെ ആശ്വാസം.
ഷാനവാസിനെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കിയതില്‍ യു ഡി എഫിനുള്ളിലുണ്ടായ അതൃപ്തി തനിക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് വാദിക്കുന്ന യു ഡി എഫും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് വാദിക്കുന്ന പാര്‍ട്ടിയുടെ നേതാവ് എല്‍ ഡി എഫില്‍ നിന്നും മത്സരിക്കുമ്പോള്‍ മലയോര മേഖലയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ ആരും തയ്യാറാകുന്നില്ലെന്നുള്ള പ്രചരണവുമായാണ് അന്‍വര്‍ വോട്ടര്‍മാരെ കാണുന്നത്. നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതു വലതു മുന്നണികളെ വിറപ്പിച്ച് രണ്ടാമതെത്തിയ അന്‍വര്‍ പെട്ടിയിലാക്കുന്ന വോട്ടും ഇത്തവണ വയനാട്ടില്‍ വിധി നിര്‍ണയിക്കുന്നതിലെ പ്രധാന ഘടകമാകും.
ബി ജെ പി സ്ഥാനാര്‍ത്ഥിയായി പി ആര്‍ രശ്മില്‍ നാഥ്, ആം ആദ്മി സ്ഥാനാര്‍ത്ഥിയായി അഡ്വ പി പി എ സഗീര്‍, സി പി ഐ എം എല്‍ സ്ഥാനാര്‍ത്ഥിയായി സാം പി മാത്യു തുടങ്ങി 15 സ്ഥാനാര്‍ഥികളാണ് ഇത്തവണ വയനാട്ടില്‍ മത്സരരംഗത്തുള്ളത്. രണ്ടാം ഘട്ട പ്രചാരണത്തിന് തുടക്കമായതോടെ വയനാട്ടില്‍ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ആവേശവും വര്‍ധിച്ചിട്ടുണ്ട്.

 

---- facebook comment plugin here -----

Latest