Connect with us

Ongoing News

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് റെക്കോര്‍ഡ് ജയം: മുഖ്യമന്ത്രി

Published

|

Last Updated

 മലപ്പുറം പ്രസ് ക്ലബിന്റെ

മീറ്റ് ദ ലീഡര്‍ പരിപാടിയില്‍

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രസംഗത്തിന്റെ പ്രസക്ത  ഭാഗങ്ങള്‍:  

ടി പി ചന്ദ്രശേഖരന്‍ വധക്കേസിനെ കുറിച്ചുള്ള വി എസ് അച്യുതാനന്ദന്റെ നിലപാട് മാറ്റം ജനങ്ങളെ ബോധ്യപ്പെടുത്തണം. നേതാക്കളുടെ വാക്കുകള്‍ക്കനുസരിച്ചാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന സ്വീകാര്യത. അതിനാല്‍ നിലവിലുള്ള നിലപാടില്‍ നിന്ന് മാറുമ്പോള്‍ ജനങ്ങളെ കൂടി അക്കാര്യം ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വമുണ്ട്. വി എസിന്റെ മലക്കം മറിച്ചില്‍ ന്യായീകരണമില്ലാത്തതാണ്. ഇപ്പോഴുണ്ടായ മാറ്റത്തിന് പുതുതായി എന്താണ് ലഭിച്ചത്.? ഈ മാറ്റം രാഷ്ട്രീയമായി സി പി എമ്മിനെ രക്ഷിക്കില്ലെന്നും അക്രമ രാഷ്ട്രീയത്തിന് എതിരെയുള്ള വിധിയെഴുത്താകും തിരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം വി എസിനെ മാത്രമല്ല, ജനങ്ങളെയെല്ലാം ബാധിക്കുന്നതാണ്. കേരളത്തിലെ ജനങ്ങളുടെ മനസിലെ സംശയങ്ങളാണ് വി എസ് നേരത്തെ പറഞ്ഞത്.   പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭ  പുനഃസംഘടിപ്പിക്കുകയല്ല, മാറ്റങ്ങളുണ്ടാകുമെന്നാണ് താന്‍ പറഞ്ഞത്. എന്തെല്ലാം മാറ്റങ്ങളുണ്ടാകുമെന്ന് മുന്‍ വിധിയോടെ പറയാനാകില്ല. ആഭ്യന്തര വകുപ്പില്‍  ഇത്തവണയും മാറ്റമുണ്ടാകുമോ എന്ന ചോദ്യത്തിന് അങ്ങനെ വേണമെന്ന് നിര്‍ബന്ധമുണ്ടോയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എ കെ ആന്റണിയെ പാകിസ്ഥാന്‍ ചാരനെന്ന് വിളിച്ച നരേന്ദ്ര മോദിയുടേത് സഭ്യതകള്‍ ലംഘിച്ച് കൊണ്ടുള്ള പരാമര്‍ശമാണ്. അദ്ദേഹം പരസ്യമായി മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭാ സീറ്റ് മുസ്‌ലിം ലീഗിന് വാഗ്ദാനം ചെയ്തതല്ല, അവര്‍ക്ക് അവകാശപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ സാഹചര്യങ്ങള്‍ അനുകൂലമായതിനാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് റെക്കോര്‍ഡ് വിജയമുണ്ടാകും.  തിരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാറിനെ കുറിച്ചുള്ള വിലയിരുത്തലാകും. സാധാരണ നിലയിലാണെങ്കില്‍ ഇക്കാര്യം പ്രതിപക്ഷം സ്വാഗതം ചെയ്യേണ്ടതാണ്. എന്നാല്‍ കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ അന്നത്തെ പ്രതിപക്ഷം തിരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാറിന്റെ കൂടി വിലയിരുത്തലാകുമോയെന്നു ചോദിച്ചപ്പോള്‍ ആകില്ലെന്നായിരുന്നു അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്‍ പറഞ്ഞത്. അന്ന് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് ചെയ്തത്.  പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിന്റെ ഫലം വന്നാല്‍ സംസ്ഥാനത്തു ഭരണ മാറ്റമുണ്ടാകുമെന്ന കഴിഞ്ഞ ദിവസം വി എസ് അച്യുതാനന്ദന്‍ പറഞ്ഞിരുന്നല്ലോയെന്ന ചോദ്യത്തിനു അതു പ്രവര്‍ത്തിച്ചുകാണിക്കാന്‍ പറയണമെന്നും കഴിഞ്ഞ പ്രാവശ്യം സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടിട്ടും അധികാരത്തില്‍ പിടിച്ചിരുന്ന ആളാണിത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയം പോലും തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് യു ഡി എഫ് പൂര്‍ത്തിയാക്കിയത്. സംസ്ഥാന വിഷയങ്ങള്‍ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുന്നതിനെ ഇടതുപക്ഷം ഭയപ്പെടുകയാണ്. ദേശീയ പ്രശ്‌നങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കാനാണ് അവര്‍ക്ക് താത്പര്യമെന്നും അദ്ദേഹം പറഞ്ഞു.  ജനങ്ങള്‍ സമാധാനപ്രിയരാണ്, നിയമവാഴ്ച വേണമെന്ന് ആഗ്രഹിക്കുന്നവരാണ്. ഇതിനെതിരെയാണ് കൊലപാതക രാഷ്ട്രീയം. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് നാടിന്റെ വികാരമുണര്‍ത്തിയ കേസാണ്. അരിയില്‍ ശുക്കൂറിന്റെ വധവും ഇത്തരത്തിലാണ്. രാഷ്ട്രീയ പാര്‍ട്ടി കാണിക്കേണ്ട മിതത്വം പോലും സി പി എം കാണിക്കുന്നില്ല, അതിന്റെ തുടര്‍ച്ചയാണ് തൃശൂര്‍ പെരിഞ്ഞനത്ത് നടന്ന ക്വട്ടേഷന്‍ സംഘത്തെ ഏല്‍പിച്ച്‌കൊണ്ടുള്ള കൊലപാതകം. രാഷ്ട്രീയ പാര്‍ട്ടി തന്നെ ക്വട്ടേഷന്‍ നല്‍കുന്നുവെന്നത് വളരെ ഗൗരവതരത്തില്‍ കാണേണ്ടതാണ്. ഇത്തരത്തിലുള്ള വിഷയങ്ങള്‍  യു ഡി എഫ് തിരഞ്ഞെടുപ്പില്‍ പ്രചരാണത്തിനായി ഉപയോഗിക്കും.  നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസിലെ ജീവനക്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ ആരെയും സംരക്ഷിക്കാന്‍ ശ്രമമുണ്ടായിട്ടില്ലെന്നും നിയമം അതിന്റെ വഴിക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് നീതി കോണ്‍ഗ്രസോ യു ഡി എഫോ ചെയ്തിട്ടില്ല. ഒരു തരത്തിലുള്ള ഇടപെടലുകളും ഉണ്ടായിട്ടില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അബ്ദുന്നാസര്‍ മഅ്ദനിയുടെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കുകയോ ജാമ്യം അനുവദിക്കുകയോ ചെയ്യണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. വിചാരണകൂടാതെ ഒരു വ്യക്തിയെ അനന്തമായി ജയിലില്‍ പാര്‍പ്പിക്കുന്നത് ശരിയല്ല, വ്യക്തിസ്വാതന്ത്ര്യത്തിന് മേലുളള കടന്ന് കയറ്റവും ഭരണഘടനാ ലംഘവനവുമാണത്. നിരവധി രോഗങ്ങളാല്‍ ബുദ്ധിമുട്ടുകയാണ് മഅ്ദനി. അദ്ദേത്തിന് ആവശ്യമായ ചികിത്സ ലഭ്യമാക്കേണ്ടതുണ്ട്. മറ്റൊരു സംസ്ഥാനത്തിന്റെ പരിധിയിലുള്ള ക്രിമിനല്‍ കേസായതിനാല്‍ സംസ്ഥാന സര്‍ക്കാറിന് ഇടപെടുന്നതിന് പരിമിതിയുണ്ട്. എങ്കിലും ഇക്കാര്യങ്ങളെല്ലാം കര്‍ണാടക സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Latest