Connect with us

Ongoing News

മര്‍കസും മലേഷ്യയിലെ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയും ധാരണാപത്രം ഒപ്പുവെച്ചു

Published

|

Last Updated

കൊലാലംപൂര്‍: മലേഷ്യയിലെ വ്യാഖ്യാത ഇസ്‌ലാമിക സര്‍വ കലാശാലയായ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി ഓഫ് മലേഷ്യയുമായി മര്‍കസ് ധാരണ പത്രം ഒപ്പുവെച്ചു. വൈജ്ഞാനിത വിനിമയം, ഉന്നത പഠന കോഴ്‌സുകളുടെ ഏകീകരണം, ഗവേഷണം, തുടങ്ങി വിദ്യാഭ്യാസ രംഗത്തെ നൂതന സംരംഭങ്ങളില്‍ ഇരു സര്‍വ്വകലാശാലയും പരസ്പരം കൈകോര്‍ക്കും. 1983 ല്‍ ആരംഭിച്ച ഐ.ഐ.യു.എം.ല്‍ 13 ഫാക്വല്‍റ്റികളിലായി ഡിഗ്രി, പിജി, പി.എച്ച്.ഡി. കോഴ്‌സുകള്‍ നിലവിലുണ്ട്. സ്വദേശികളും വിദേശികളുമായി 60000 ല്‍ പരം ബിരുദ ധാരികള്‍ ഇവിടെ പഠനം പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

അഞ്ചാം തവണയാണ് കാരന്തൂര്‍ മര്‍കസിന് അന്താരാഷ്ട്ര ഇസ്ലാമിക സര്‍വ്വകലാശാലയുടെ അംഗീകാരം ലഭിക്കുന്നത്. ലോകത്തെ ഏറ്റവും പഴക്കമുള്ള അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റി, ജോര്‍ദ്ദാനിലെ അമ്മാന്‍ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി, യമനിലെ ദാറുല്‍ മുസ്തഫ യൂണിവേഴ്‌സിറ്റി, തുര്‍ക്കിയിലെ മുഹമ്മദുല്‍ ഫാത്തിഹ് വഖ്ഫ് സര്‍വ്വകലാശാല എന്നിവയുമായി നേരത്തെ തന്നെ മര്‍കസ് ധാരണാപത്രം ഒപ്പ് വെച്ചിരുന്നു. മര്‍കസ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രസ്തുത സ്ഥാപനങ്ങളില്‍ ഉന്നത പഠന സൗകര്യം ലഭിക്കുന്നുണ്ട്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ ഇതിനോടകം വ്യാപിച്ചു കിടക്കുന്ന മര്‍കസ് സര്‍വ്വകലാശാലയുമായുള്ള സഹകരണ കരാര്‍ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ഐ.ഐ.യു.എം. ഡയറക്ടര്‍ ദാത്തോ ശ്രീ. ഡോ.എസ്.കമറുദ്ദീന്‍ പറഞ്ഞു.

ഡയറക്ടറുടെ ചേമ്പര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ (മര്‍കസ് ചാന്‍സിലര്‍) ദാത്തോ ശ്രീ. ഡോ. എസ്. കമറുദ്ദീന്‍ (ഡയറക്ടര്‍ ഓഫ് ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി ഓഫ് മലേഷ്യ) എന്നിവര്‍ ധാരണാ പത്രം ഒപ്പു വെച്ചു. മര്‍കസ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. അബ്ദുല്‍ അസീസ് ബര്‍ഗൂത്, ഡോ. തമീം ഉസാമ (പ്രൊഫസര്‍ ഓഫ് ഡിപ്പാര്‍ട്ട്‌മെന്റ് ഉസൂലുദ്ദീന്‍ ആന്റ് റിലീജ്യസ് കംപാരറ്റീവ് സ്റ്റഡി), ഡോ. അബ്ദുറഹിമാന്‍ ബിന്‍ ചിക്( അസി. പ്രൊഫ.), ദാത്തോ റോസ് ലാന്‍, ദാത്തോ ഡോ. റഹിമാന്‍, ഡോ. ഷാജു ജമാലൂദ്ദീന്‍, ഉസ്ത മജീദ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Latest