Connect with us

National

ജപ്പാന്‍ അമേരിക്കയില്‍ അണുബോംബിട്ടുവെന്ന് ഗുജറാത്ത് പാഠപുസ്തകം

Published

|

Last Updated

അഹമ്മദാബാദ്: രാഷ്ട്രപിതാവ് മഹാത്മഗാന്ധി കൊല്ലപ്പെട്ടത് 1948 ഒക്‌ടോബര്‍ 30ന്. 1945ലെ രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാന്‍ അമേരിക്കയില്‍ അണുബോംബ് വര്‍ഷിച്ചു. ബര്‍ത്തലോമിയോ ഡയസ് 1493ല്‍ കേപ്പ് ഓഫ് ഗുഡ്‌ഹോപ്പ് കണ്ടുപിടിച്ചു… സിറാജിന് തെറ്റിയെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ നിങ്ങള്‍ക്ക് തെറ്റിയിരിക്കുന്നു! എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി ഗുജറാത്ത് സര്‍ക്കാര്‍ പുറത്തിറക്കിയ സാമൂഹിക പാഠാവലിയിലെ വിവരങ്ങളുടെ “കൃത്യത”യാണ് ഇത്. ഇത്തരത്തില്‍ ഒന്നും രണ്ടും മൂന്നുമല്ല 52 നിര്‍ണായകമായ തെറ്റുകള്‍ പുസ്തകത്തില്‍ പലയിടത്തായി ഉണ്ട്. നൂറ് അക്ഷരത്തെറ്റുകള്‍ വേറെയും.

gujrath textbook errorഗുജറാത്ത് കൗണ്‍സില്‍ ഓഫ് എജ്യുക്കേഷന്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് പുറത്തിറക്കിയതാണ് പുസ്തകം. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ പഠിക്കുന്ന 50,000ത്തിലേറെ വിദ്യാര്‍ഥികള്‍ ഈ പുസ്തകത്തെയാണ് ആശ്രയിക്കുന്നത്.

പിഞ്ചുകുട്ടികളില്‍ വര്‍ഗീയത കുത്തിവെക്കാനുള്ള ശ്രമങ്ങളും പാഠപുസ്തകത്തില്‍ അങ്ങിങ്ങായ് ഉണ്ട്.
സ്വാതന്ത്ര്യസമര ചരിത്രത്തില്‍ മിതവാദികളായി അറിയപ്പെട്ട പലരേയും തീവ്രവാദികളായാണ് പുസ്തകത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഇതിന് പുറമെ 1947 ലെ ഇന്ത്യാ വിഭജനത്തെത്തുടര്‍ന്ന് “ഇസ്ലാമിക് ഇസ്ലാമാബാദ്” എന്ന രാജ്യം പിറന്നുവെന്നും ഹിന്ദുകുഷ് പര്‍വതത്തിലെ ഖൈബര്‍ ഖട്ട് ആയിരുന്നു ഇതിന്റെ തലസ്ഥാനമെന്നും പുസ്തകം വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നു.

പുസ്തകം വിവാദമായതോടെ ഇന്റര്‍നെറ്റില്‍ തിരുത്ത് പ്രസിദ്ധീകരിച്ച് രക്ഷപ്പെടാനാണ് അധികൃതരുടെ ശ്രമം. പാഠപുസ്തകം പിന്‍വലിക്കാനാകില്ലെന്നും പകരം തെറ്റായ കാര്യങ്ങള്‍ തിരുത്തി ഇന്റര്‍നെറ്റില്‍ പ്രസിദ്ധപ്പെടുത്തുമെന്നും ഗുജറാത്ത് സ്‌റ്റേറ്റ് ബോര്‍ഡ് ഓഫ് സ്‌കൂള്‍ എക്‌സിക്യുട്ടീവ് പ്രസിഡന്റ് നിതിന്‍ പെതാനി പറഞ്ഞു.

---- facebook comment plugin here -----

Latest