Connect with us

Editorial

വിവാഹത്തിലെ ധൂര്‍ത്ത്

Published

|

Last Updated

വിവാഹച്ചടങ്ങുകളിലെ ആര്‍ഭാടവും ധൂര്‍ത്തും നിയന്ത്രിക്കാന്‍ നടപടി അനിവാര്യമാണെങ്കിലും ഇതുസംബന്ധിച്ച നിയമനിര്‍മാണത്തിന്, പൗരാവകാശങ്ങളുടെ പേരില്‍ കോടതികള്‍ പോലും തടസ്സം നില്‍ക്കുന്നതായി സാമൂഹിക നിതി മന്ത്രി എം കെ മുനീര്‍. വിവാഹ ധൂര്‍ത്ത് നിയന്ത്രിക്കുന്നത് സംബന്ധിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തിയത്. എങ്കിലും ആര്‍ഭാട വിവാഹത്തിനെതിരെ സമൂഹത്തെ ബോധവത്കരിക്കുന്നതിന് മാധ്യമങ്ങളിലൂടെ പ്രചാരണം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറയുകയുണ്ടായി.
പരിപാവനമായ ചടങ്ങാണ് വിവാഹം. മനുഷ്യന്റെ ലൈംഗിക സാന്മാര്‍ഗികതക്ക് സഹായകമായ ചടങ്ങെന്ന നിലയില്‍ ഒരു പുണ്യകര്‍മം കൂടിയായാണ് മതവിശ്വാസികള്‍ ഇതിനെ കാണുന്നത്. ലളിതമായിരുന്നു മുന്‍കാലങ്ങളില്‍ വിവാഹങ്ങള്‍. പന്തല്‍ നിര്‍മാണം മുതല്‍ ഭക്ഷണ വിതരണത്തിലും അവസാനം ഒരുക്കു സാധനങ്ങള്‍ തിരികെയെത്തിക്കുന്നതിനും അയല്‍ക്കാരും സുഹൃത്തുക്കളും സജീവമായി സഹകരിക്കുന്ന അന്നത്തെ വിവാഹച്ചടങ്ങുകള്‍ അയല്‍പക്ക, സുഹൃദ് കൂട്ടായ്മക്കും സഹകരണത്തിനും ആക്കം പകര്‍ന്ന ആഘോഷങ്ങളുമായിരുന്നു.
ഇന്ന് ധൂര്‍ത്തിന്റെ പര്യായമായി മാറിയിരിക്കുന്നു വിവാഹങ്ങള്‍. വിവാഹ നടത്തിപ്പുകാരുടെ സാമ്പത്തികോന്നതിയും പത്രാസും പ്രകടിപ്പിക്കാനുള്ള അവസരമായാണ് ഇതിനെ ഉപയോഗപ്പെടുത്തുന്നത്. ക്ഷണക്കത്തില്‍ തുടങ്ങുന്നു ധൂര്‍ത്തിന്റെ അതിപ്രസരം. വിവാഹത്തിന്റെ തീയതിയും സ്ഥലവും ഓര്‍മപ്പെടുത്താനുള്ള ഉപാധി എന്നതിലുപരി വിലയേറിയ ആഡംബര വസ്തുവാണിന്നത്തെ ക്ഷണക്കത്തുകള്‍. വരന്റെയും വധുവിന്റെയും വസ്ത്രം, പന്തല്‍, ഭക്ഷണം, വിവാഹാനന്തര സത്കാരങ്ങള്‍ തുടങ്ങിയവക്കെല്ലാം കോടികളാണ് സമ്പന്നരുടെ വിവാഹങ്ങളില്‍ പൊടിപൊടിക്കുന്നത്. ഒരേ തീന്‍മേശയില്‍ത്തന്നെ വിളമ്പുന്ന ചോറുകള്‍ മാത്രം നാലോ അഞ്ചോ തരമാണ്. ഉപവിഭവങ്ങളായി പല തരം പത്തിരികളും. പൊറോട്ട, ചപ്പാത്തി തുടങ്ങിയവയും. മാര്‍ക്കറ്റുകളില്‍ ലഭ്യമായ എല്ലാ തരം മത്സ്യമാംസാദികളും പൗരസ്ത്യ, പാശ്ചാത്യ നാടന്‍ രീതികളില്‍ പാചകം ചെയ്തു പ്രദര്‍ശിപ്പിക്കുന്നതിന് പുറമെ വൈവിധ്യമാര്‍ന്ന പഴങ്ങളും മധുരപലഹാരങ്ങളും വേറെയും. പണക്കൊഴുപ്പ് പ്രകടിപ്പിക്കാനായി പ്രദര്‍ശിപ്പിക്കുന്ന ഈ ആഹാര പദാര്‍ഥങ്ങളിലേറെയും അതിഥികളുടെ ഉദരങ്ങളിലെത്താതെ ഉച്ചിഷ്ടത്തിന്റെ സഞ്ചികളിലൂടെ മണ്ണില്‍ കഴിച്ചുമൂടപ്പെടുകയാണ്. അയല്‍ക്കാരില്‍ പലരും ഒരു നേരത്തെ ആഹാരത്തിന് വകയില്ലാതെ ദീര്‍ഘനിശ്വാസവുമായി കൊടിയ ദുരിതത്തില്‍ കഴിയവെയാണ് ഈ അത്യാര്‍ഭാടവും ധൂര്‍ത്തും. സമ്പന്നന്റെ ഈ ധാരാളിത്തം സാധാരണക്കാരനും അനുകരിക്കാന്‍ ശ്രമിക്കുകയും ഒടുവില്‍ കടത്തില്‍ മുങ്ങിത്താണ് ജീവിതം തകരുകയും ചെയ്യുന്നുവെന്നതാണിതിന്റെ ദുരന്തപൂര്‍ണമായ മറ്റൊരു വശം.
പട്ടിണിയിലും പ്രാരാബ്ധത്തിലുമായി കഴിഞ്ഞിരുന്ന കേരളീയ സമൂഹത്തില്‍ ഗള്‍ഫ് കുടിയേറ്റം സൃഷ്ടിച്ച സമ്പന്നതയുടെ ഫലമായി അരങ്ങേറിയ വിവാഹ ധൂര്‍ത്ത്, പണ്ഡിതരുടെയും അധികാരി വര്‍ഗത്തിന്റെയും പൊതുസമൂഹത്തിന്റെയും ചര്‍ച്ചക്ക് വിഷയീഭവിച്ചിട്ടുണ്ട്. കേരളത്തിലെ സുന്നി പണ്ഡിത നേതൃത്വം, വിവാഹച്ചടങ്ങുകളിലുള്‍പ്പെടെ സമുദായത്തെ ഗ്രസിച്ച ധൂര്‍ത്തിന്റെ ഭവിഷ്യത്തും മിതവ്യയത്തിന്റെ അനിവാര്യതയും അടിക്കടി ഉണര്‍ത്താറുണ്ട്. വിവിധ മത, സാമുഹിക സംഘടനകളും വിവാഹധൂര്‍ത്തിനെതിരെ ക്യാമ്പയിന്‍ സംഘടിപ്പിച്ചു വരുന്നു. സര്‍ക്കാര്‍ തലത്തിലും പലപ്പോഴായി പ്രശ്‌നം ചര്‍ച്ചക്കു വന്നതാണ്. വിവാഹധൂര്‍ത്ത് മൂലം കേരളീയ കുടുംബങ്ങള്‍ കടക്കെണിയിലാകുന്നത് തടയാനായി സംസ്ഥാന വനിതാ കമ്മീഷനും കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പത്തിന നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു.
ഇത്തരം നീക്കങ്ങളെയെല്ലാം വിഫലമാക്കി വിവാഹധൂര്‍ത്ത് പെരുകുന്നതിന് പിന്നില്‍ നിലവിലെ കമ്പോള കേന്ദ്രീകൃതമായ വ്യവസ്ഥിതിയും മലയാളിയെ ആഴത്തില്‍ ബാധിച്ച ഉപഭോഗ സംസ്‌കൃതിയുമാണ് പ്രധാനമായും. ഇവക്കെതിരെ സമൂഹത്തെ ബോധവത്കരിക്കേണ്ട പ്രമുഖ വനിതാ, കുടുംബ മാസികകള്‍ ഉപഭോഗ സംസ്‌കാരത്തിന്റെ പ്രചാരകരായി അധഃപതിച്ചിരിക്കയുമാണ്. ധൂര്‍ത്തിനെതിരെ ഗീര്‍വാണം നടത്തുന്ന മന്ത്രിമാരും ജനപ്രതിനിധികളുമാകട്ടെ, തങ്ങളുടെ മക്കളുടെ വിവാഹച്ചടങ്ങുകളില്‍ ധൂര്‍ത്തിന്റെ സകല സീമകളും ലംഘിക്കുകയും ഔദ്യോഗിക സംവിധാനങ്ങള്‍ പോലും ദുരുപയോഗിക്കുകയും ചെയ്യുന്നു. നിയന്ത്രിക്കപ്പെടുന്നില്ലെങ്കില്‍ വിവാഹധൂര്‍ത്ത് മുലം കടക്കെണിയിലാകുന്ന കുടുംബങ്ങളുടെ എണ്ണം പെരുകുകയും വലിയൊരു സാമൂഹിക വിപത്തായി മാറുകയും ചെയ്യും. ജനപ്രതിനിധികളുടെയും മത, സാമൂഹിക നേതാക്കളുടെയും കൂട്ടായ ചര്‍ച്ചകളിലൂടെ ഇതിനൊരു പ്രായോഗിക പരിഹാരം അനിവാര്യമാണ്.