Connect with us

Palakkad

ഗായത്രീ നദീതട പ്ലാന്‍ ക്ലസ്റ്റര്‍ പദ്ധതി രേഖാ പ്രകാശനം 13 ന്

Published

|

Last Updated

പാലക്കാട്: ഗായത്രീ നദീതട പ്ലാന്‍ ക്ലസ്റ്റര്‍ പദ്ധതി രേഖയും ജലവിഭവ അറ്റ്‌ലസും ഈ മാസം 13 ന് രാവിലെ 10 ന് വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ജില്ലാതല സെമിനാറില്‍ പ്രകാശനം ചെയ്യും. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്റെ അധ്യക്ഷതയില്‍ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം പി കെ ബിജു എം പി നിര്‍വഹിക്കും.
എം എല്‍ എ മാര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, വകുപ്പ് മേധാവികള്‍, സാങ്കേതിക വിദഗ്ധര്‍ പങ്കെടുക്കും. സെമിനാറില്‍ പദ്ധതി രേഖ അവതരണത്തിന് പുറമെ വിവിധ വകുപ്പുമേധാവികളും സാങ്കേതിക വിദഗ്ധരും പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ചയും ഉണ്ടായിരിക്കും. ജലവിഭവ അറ്റ്‌ലസ് പ്രകാശനം എ കെ ബാലന്‍ എം എല്‍ എ യും, പദ്ധതിരേഖ പ്രകാശനം (ആലത്തൂര്‍ ബ്ലോക്ക്) എം ചന്ദ്രന്‍ എം എല്‍ എ യും, (നെന്മാറ ബ്ലോക്ക്) വി ചെന്താമരാക്ഷന്‍ എം എല്‍ എ യും, ഡിജിറ്റല്‍ രേഖാ പ്രകാശനം ലാന്റ് യൂസ് കമ്മീഷനര്‍ പി മേരിക്കുട്ടിയും നിര്‍വഹിക്കും. ലാന്റ് യൂസ് ബോര്‍ഡ് കൃഷി ഓഫീസര്‍ വി ബിന്ദു പദ്ധതിരേഖ, ലാന്റ് യൂസ് ബോര്‍ഡ് ജിയോളജിക്കല്‍ അസിസ്റ്റന്റ് എം വി ശശിലാല്‍ ജലവിഭവ അറ്റ്‌ലസ്അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ഇ ഹനീഫ, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ചന്ദ്രന്‍, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ഗീത പങ്കെടുക്കും. ജില്ലയുടെ 70 ശതമാനത്തിലധികം ഭൂപ്രദേശം ഉള്‍പ്പെടുന്നതും ജില്ലയുടെ ഏറ്റവും പ്രധാന ജലസ്രോതസായ ഭാരതപുഴയുടെ ജീവന്‍ നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന നദീതടവുമാണ് ഗായത്രിപുഴയുടേത്. പുഴയുടെ സംരക്ഷണത്തിന് നീര്‍ചാലുകള്‍ ആരംഭിക്കുന്ന മലതലപ്പ് മുതല്‍ പുഴയുടെ പതനം വരെ വ്യാപിച്ചു കിടക്കുന്ന നദീതടത്തെ ചെറുനീര്‍ത്തട ക്ലസ്റ്ററുകളായി വിഭജിച്ചു കൊണ്ടാണ് ഗായത്രി നദീതട പദ്ധതി നടപ്പിലാക്കുന്നത്.
കൃഷി, വനം, ജലസേചനം എന്നീ വകുപ്പുകളുടെയും എം ജി എന്‍ ആര്‍ ഇ ജി എസ്, ഐ ഡബ്ല്യൂ എം പി തുടങ്ങിയ നടപ്പുപദ്ധതികളുടെയും സംയോജനത്തിലൂടെ നിര്‍വഹണ പഥത്തില്‍ എത്തിക്കുവാനും ചെറുനീര്‍ത്തടത്തില്‍ ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങളുടെ മുന്‍ഗണന നിശ്ചയിക്കുവാനും ചറുനീര്‍ത്തടങ്ങളെ പ്രാധാന്യമനുസരിച്ച് പട്ടികപ്പെടുത്തുവാനും ചെറുനീര്‍ത്തട തലത്തിലും ബ്ലോക്ക് തലത്തിലും സംഘടിപ്പിച്ച സെമിനാറുകളില്‍ തീരുമാനമായിട്ടുണ്ട്.

Latest