Connect with us

Gulf

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ

Published

|

Last Updated

ദുബൈ: ഇന്നലെ പുലര്‍ച്ചെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ പെയ്തു. താഴ്ന്ന പ്രദേശങ്ങളിലും വിവിധ പ്രദേശങ്ങളിലെ റോഡുകളിലും വെള്ളം കയറിയത് ഗതാഗതവും കാല്‍നട യാത്രയും ദുസ്സഹമാക്കി. ദുബൈക്ക് പുറമേ അബുദാബി, ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ, ഫുജൈറ തുടങ്ങിയ എമിറേറ്റുകളിലാണ് ശക്തമായ മഴ പെയ്തത്. അതിരാവിലെ വാഹനങ്ങളുമായി വിവിധ ആവശ്യങ്ങള്‍ക്കായി റോഡില്‍ ഇറങ്ങിയവരും ഓഫീസിലേക്ക് പോകാന്‍ ശ്രമിച്ചവരുമെല്ലാം മഴക്കെടുതികളില്‍പ്പെട്ടത്.

റോഡുകളില്‍ വെള്ളം കയറിയത് വാഹനങ്ങള്‍ റോഡില്‍ നിശ്ചലമാവാന്‍ ഇടയാക്കി. അര്‍ധരാത്രിക്ക് ശേഷമാണ് മഴ ആരംഭിച്ചത്. അല്‍ നഹ്ദയില്‍ നിന്നും ദുബൈയിലേക്കു സഞ്ചരിക്കവേയായിരുന്നു മഴ കോരിച്ചൊരിയാന്‍ തുടങ്ങിയതെന്ന് ദുബൈയില്‍ താമസിക്കുന്ന ജോണ്‍ എബ്രഹാം പറഞ്ഞു.
ചിലയിടങ്ങളില്‍ ചെറിയ വാഹനാപകടങ്ങളുമുണ്ടായി. രാജ്യത്ത് തണുപ്പ് കൂടിയിട്ടുണ്ട്. ആകാശം മേഘാവൃതമായതിനാല്‍ ഒ്ട്ടുമിക്ക ഇടങ്ങളിലും നേരം പുലര്‍ന്നിട്ടും രാത്രിയുടെ പ്രതീതിയായിരുന്നു.
രാവിലെ വന്‍ ഗതാഗത തിരക്കനുഭവപ്പെടാറുള്ള ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, അല്‍ ഇത്തിഹാദ് റോഡ് എന്നിവിടങ്ങളില്‍ മഴ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ പലരും പതുക്കെയാണ് വാഹനമോടിച്ചത്. ഇതുമൂലം ഇന്നലെ രാവിലെ പലര്‍ക്കും കൃത്യസമയത്ത് ഓഫീസുകളിലെത്താന്‍ സാധിച്ചില്ല. ഇന്നലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഷാര്‍ജ നിവാസികളാണ് മഴയില്‍ ഏറെ കഷ്ടപ്പെട്ടത്. കാര്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിപോയെന്ന് അബുഷഗാറയിലെ താമസക്കാരില്‍ ചിലര്‍ വ്യക്തമാക്കി. വ്യവസായ മേഖലയിലും സമാനമായ സ്ഥിതിയായിരുന്നു. ഈ മേഖലകളിലെല്ലാം റോഡുകളലില്‍ മിക്കതും വെള്ളത്തിനടിയിലായിരുന്നു. ആറരക്ക് വീ്ട്ടില്‍ നിന്നു ഇറങ്ങിയാല്‍ 7.30ക്ക് ഓഫീസില്‍ എത്താറുണ്ടെങ്കിലും മഴ കാരണം എട്ടുമണിക്കേ എത്താനായുള്ളുവെന്ന് ഷാര്‍ജ നിവാസിയായ മുഹമ്മദ് റഊഫ് വെളിപ്പെടുത്തി. മഴ കാരണം ഉയര്‍ന്ന പ്രദേശങ്ങളില്‍ താപനിലയില്‍ അഞ്ചു ശതമാനത്തോളം കുറവുണ്ടായിട്ടുണ്ട്. തീരപ്രദേശങ്ങളിലും ഉള്‍നാടന്‍ മേഖലകളിലും 11 മുതല്‍ 15 വരെ സെന്റിഗ്രീഡായിരുന്നു ഇന്നലെ രാവിലത്തെ താപനില. റാസല്‍ഖൈമയിലും വ്യാപകമായി മഴ പെയ്തു. ഞായറാഴ്ച വൈകുന്നേരം നാലു മണി വരെ എമിറേറ്റില്‍ 1.4 മില്ലി മീറ്റര്‍ മഴ പെയ്തതായി കലാവസ്ഥാ കേന്ദ്രം സ്ഥിരീകരിച്ചു. മോശം കാലാവസ്ഥ തുടരുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

Latest