Connect with us

Wayanad

മോട്ടോര്‍വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കി: ഇന്നലെ മാത്രം 17300 രൂപ പിഴ ഈടാക്കി

Published

|

Last Updated

മാനന്തവാടി: മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന കര്‍ശനമായി തുടരുന്നു. മാനന്തവാടി ജോയിന്റ് ആര്‍.ടി.ഒയുടെ കീഴില്‍ ഇന്നലെ മാത്രം 17,300 രൂപ പിഴ ഈടാക്കി.
25 കേസുകളും രജിസ്റ്റര്‍ ചെയ്തു. മാനന്തവാടി ജോയിന്റ് ആര്‍.ടി.ഒ മധുസൂദനന്റെ നിര്‍ദേശ പ്രകാരം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സെപ്കടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
മാനന്തവാടി ബസ്സ്‌സ്റ്റാന്‍ഡില്‍ നടത്തിയ പരിശോധനയില്‍ വേഗപൂട്ടില്ലാതെ സര്‍വ്വീസ് നടത്തിയ രണ്ട് കെ.എസ്.ആര്‍.ടി.സി. ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കി. നിലമ്പൂര്‍, കല്‍പ്പറ്റ ഡിപ്പോകളിലെ ബസ്സുകളാണിവ. മുബൈല്‍ ഫോണ്‍ ഉപയോഗിച്ച പിക്ക് വാന്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദ് ചെയ്യാനുള്ള നടപടിയും സ്വീകരിച്ചു. ഹെല്‍മെറ്റില്ലാതെ ബൈക്കോടിച്ച ഏഴുപേര്‍ക്കെതിരെയും ലൈസന്‍സില്ലാത്ത നാലു പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. പ്രായപൂര്‍ത്തിയാവാതെ ബൈക്കോടിച്ച ഒരാള്‍ക്കെതിരെയും കേസെടുത്തു.
കല്ലോടി റൂട്ടില്‍ സമാന്തര സര്‍വ്വീസ് നടത്തിയ ഒരു ജീപ്പും പിടികൂടി.
നിരവില്‍പ്പുഴ റൂട്ടില്‍ വിദ്യാര്‍ഥികളെ കയറ്റാതെ സര്‍വ്വീസ് നടത്തിയ ഒരു സ്വകാര്യ ബസ്സിനെതിരെയും വെള്ളമുണ്ട എട്ടേനാലില്‍ പാര്‍ക്ക് ചെയ്ത് സര്‍വ്വീസ് നടത്താത്ത ഒരു ഓട്ടോറിക്ഷക്കെതിരെയും നടപടിയെടുത്തു. മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ അരുണ്‍കുമാര്‍, വിജയന്‍, അസിസ്റ്റന്റ് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷെല്ലി, ബിജുകുമാര്‍ എന്നിവരാണ് വാഹന പരിശോധന നടത്തിയത്.

Latest