Connect with us

Editorial

ദുഷിപ്പുകളെ മറി കടക്കാന്‍

Published

|

Last Updated

ജനാധിപത്യം ലോകത്തെ ഏറ്റവും ഉത്കൃഷ്ടമായ ഭരണ സംവിധാനമാകുന്നത് അത് ജനങ്ങളുടെ ആധിപത്യം ആകുമ്പോള്‍ മാത്രമാണ്. പണാധിപത്യത്തിനോ മസില്‍ ആധിപത്യത്തിനോ അത് വഴി മാറുകയും ക്രിമിനലുകളും നിയമലംഘകരും രംഗം കൈയടക്കുകയും ചെയ്യുമ്പോള്‍ ജനാധിപത്യം അര്‍ഥശൂന്യമാകുന്നു. ഏകാധിപത്യത്തേക്കാള്‍ ദുഷിക്കുന്നു. തിരഞ്ഞെടുപ്പുകള്‍ പ്രഹസനങ്ങളാകുന്നു. ഈ സാധ്യത തടയാനുള്ള ഉത്തരവാദിത്വം നിയമനിര്‍മാണ സഭകള്‍ക്കാണ്. അവ അത് നിര്‍വഹിക്കാതിരിക്കുമ്പോള്‍ നീതിന്യായ വിഭാഗവും ഭരണ നിര്‍വഹണ വിഭാഗവും ഇടപെടുന്നു. ഇത്തരം ഇടപെടലുകളുടെ പരമ്പര തന്നെ ഈയിടെയുണ്ടായി. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികളെ അയോഗ്യരാക്കണമെന്ന് സുപ്രീം കോടതി വിധിച്ചപ്പോള്‍ അതിനെ ഓര്‍ഡിനന്‍സ് കൊണ്ട് മറികടക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ ഈ ഓര്‍ഡിനന്‍സ് കീറി ചവറ്റു കൊട്ടയില്‍ എറിയണമെന്ന് പ്രഖ്യാപിച്ച് താരമാകുന്നതും സര്‍ക്കാര്‍ അത് പിന്‍വലിക്കുന്നതും രാജ്യം കണ്ടു. കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലു പ്രസാദ് യാദവും മെഡിക്കല്‍ സീറ്റ് കേസില്‍ റശീദ് മസ്ഊദും അയോഗ്യരാകുകയും ചെയ്തു. പോലീസ് കസ്റ്റഡിയില്‍ കഴിയുന്നവരെയും വിചാരണ തടവുകാരെയും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണമെന്നും പരമോന്നത കോടതി നിഷ്‌കര്‍ഷിച്ചിരുന്നു. എന്നാല്‍ അതിനെതിരെ കൊണ്ടുവന്ന ജനപ്രാതിനിധ്യഭേദഗതി കോടതി ശരി വെച്ചു.
രാഷ്ട്രീയത്തിന്റെ ക്രിമിനല്‍വത്കരണം അവസാനിപ്പിക്കാനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏറ്റവും ഒടുവില്‍ നടത്തിയ നീക്കവും ജനശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തപ്പെട്ടവരെ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണമെന്നാണ് കമ്മീഷന്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അഞ്ച് വര്‍ഷമോ അതിലധികമോ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തപ്പെട്ടവരെ മത്സരിക്കാന്‍ അനുവദിക്കരുതെന്നാണ് കമ്മീഷന്റെ നിര്‍ദേശം. തിരഞ്ഞെടുപ്പ് നടക്കുന്നതിന് ആറ് മാസം മുമ്പ് ക്രിമിനല്‍ കേസുകളില്‍ പെട്ടവരാണെങ്കില്‍ അവരെ മത്സരത്തില്‍ നിന്ന് വിലക്കണം. പബ്ലിക് ഇന്ററസ്റ്റ് ഫൗണ്ടേഷന്‍ സമര്‍പ്പിച്ച ഹരജിയില്‍ കമ്മീഷന്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് അതീവ പ്രാധാന്യമുള്ള നിര്‍ദേശം മുന്നോട്ട് വെച്ചത്. പ്രതിക്കെതിരെ ആരോപിച്ച കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടാല്‍ മാത്രമേ വിലക്ക് വേണ്ടതുള്ളൂ എന്നും കമ്മീഷന്‍ പറയുന്നു.
ഇത്തരം വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയില്ലേ എന്ന ആശങ്ക ഒരു വശത്ത് നിലനില്‍ക്കുന്നുണ്ട്. പക്ഷേ, ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ സ്ഥാനാര്‍ഥി പട്ടികയില്‍ നിര്‍ബാധം കടന്നു കൂടുന്നുവെന്ന വസ്തുത ഇത്തരം തിരുത്തലുകള്‍ അനിവാര്യമാക്കുകയാണ്. ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ നീതിന്യായ ഇടപെടല്‍ നിലവില്‍ വന്നിട്ടും രാഷ്ട്രീയ പാര്‍ട്ടികളുടെ മനോഭാവത്തില്‍ മാറ്റം വന്നിട്ടില്ലെന്ന് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ഥി പട്ടിക തെളിയിക്കുന്നു. രാജസ്ഥാനില്‍ 20 ശതമാനം സ്ഥാനാര്‍ഥികളും കളങ്കിത വ്യക്തികളാണെന്നാണ് സന്നദ്ധ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്.
2005ലെ സുഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗൂഢാലോചകരിലൊരാളെന്ന് സി ബി ഐ കണ്ടെത്തിയ ഗുലാബ് ചന്ദ് കതാരിയ ബി ജെ പി പട്ടികയിലുണ്ട്. ഭന്‍വാരി ദേവി ബലാത്സംഗ കേസില്‍ ഇപ്പോള്‍ ജയിലിലുള്ള മഹിപാല്‍ മദേര്‍നയും മല്‍ഖാന്‍ ബിഷ്‌ണോയിയും മത്സരിക്കുന്നില്ലെങ്കിലും അവരുടെ ബിനാമികള്‍ കോണ്‍ഗ്രസിന് വേണ്ടി ഗോദയിലുണ്ട്. മദേര്‍നയുടെ ഭാര്യയെയും ബിഷ്‌ണോയിയുടെ മാതാവിനെയും മത്സരിപ്പിച്ചാണ് ഈ ക്രിമനലുകളുടെ സാന്നിധ്യം ഉറപ്പിച്ചത്. ധാരാ സിംഗ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ജാമ്യത്തിലിറങ്ങിയ രാജേന്ദ്ര റാത്തോഢ് ബി ജെ പിയുടെ സ്ഥാനാര്‍ഥിയാണ്. മധ്യപ്രദേശില്‍ പ്രമുഖ പാര്‍ട്ടികളുടെ 30 ശതമാനം സ്ഥാനാര്‍ഥികളും കേസില്‍ നിയമ നടപടി നേരിടുന്നവരോ അത്തരക്കാരുമായി ബന്ധമുള്ളവരോ ആണ്. പാര്‍ഥിപൂരില്‍ നിന്ന് മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുഖ്‌ലാല്‍ പ്രസാദ് കൊലക്കേസില്‍ പ്രതിയാണ്.
ഛത്തീസ്ഗഢില്‍ ഗുരുതരമായ കേസുകളില്‍ പ്രതികളായ 11 പേരാണ് മത്സരരംഗത്തുള്ളത്. ഡല്‍ഹിയിലും സ്ഥിതി വിഭിന്നമല്ല. ഇവര്‍ക്കൊക്കെ നല്ല ജയസാധ്യത കല്‍പ്പിക്കപ്പെടുന്നുവെന്നതാണ് വിരോധാഭാസം. തിരഞ്ഞെടുപ്പ് അസാധ്യമാക്കുന്ന തരത്തില്‍ എല്ലാ പക്ഷത്തും ഇത്തരക്കാര്‍ നിറയുമ്പോള്‍ നിഷേധ വോട്ട് ഉപയോഗിക്കുകയല്ലാതെ സമ്മതിദായകന് മുന്നില്‍ വഴിയില്ലാതാകും. നിഷേധ വോട്ടിന്റെ ആധിക്യം വലിയ പ്രതിസന്ധിയാകുമെന്നുറപ്പാണ്. അതുകൊണ്ട് സ്ഥാനാര്‍ഥി പട്ടിക കളങ്കിത വ്യക്തിത്വങ്ങളെ കൊണ്ട് നിറയുന്ന സ്ഥിതി അവസാനിപ്പിച്ചേ തീരൂ. നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച് കടന്നു കൂടുന്ന പ്രവണത നിയന്ത്രിക്കാതെ മുന്നോട്ടു പോകാനാകില്ല. ഏറ്റവും ഒടുവില്‍ കമ്മീഷന്‍ സുപ്രീം കോടതിയില്‍ വെച്ച നിര്‍ദേശത്തെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തിരിക്കുകയാണ്. രാഷ്ട്രീയ പകപോക്കലിന് ഈ നിര്‍ദേശം ദുരുപയോഗം ചെയ്യുമെന്നാണ് സര്‍ക്കാറിന്റെ ആശങ്ക. അത്തരം സാധ്യത മറികടക്കാവുന്ന തരത്തില്‍ നിയമനിര്‍മാണം വരണം. കോടതികളെയും ഉദ്യോഗസ്ഥ വൃന്ദത്തെയും കാത്തുനില്‍ക്കാതെ ജനപ്രതിനിധി സഭകള്‍ തന്നെ ശുദ്ധീകരണത്തിന് മുന്‍കൈ എടുക്കട്ടെ. ആത്യന്തികമായി രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വയം വിചാരണക്ക് വിധേയമാകട്ടെ.