Connect with us

National

മോഡിക്ക് ബംഗളൂരുവില്‍ വന്‍ സുരക്ഷയൊരുക്കും

Published

|

Last Updated

ബംഗളൂരു: ബി ജെ പി ബംഗളൂരുവില്‍ സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പ് റാലിയുടെ മുന്നോടിയായി ഗുജറാത്ത് സ്‌പെഷ്യല്‍ പോലീസ് ബംഗളൂരുവിലെ പാലസ് ഗ്രൗണ്ട് സന്ദര്‍ശിക്കും. ഈ മാസം 17ന് നടക്കുന്ന റാലിയില്‍ ഗുജറാത്ത് മുഖ്യമന്ത്രിയും ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ മോഡി പങ്കെടുക്കുന്നുണ്ട്. ഗുജറാത്ത് പോലീസും ബംഗളൂരു പോലീസും ചേര്‍ന്ന് സ്ഥലം വിശദമായ പരിശോധനക്ക് വിധേയമാക്കും.
പ്രധാനമന്ത്രിക്കും പ്രസിഡന്റിനും നല്‍കുന്ന തരത്തിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ സ്ഥലത്ത് ഒരുക്കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതായി ബി ജെ പി വക്താവ് പറഞ്ഞു. നേരത്തെ ബി ജെ പിയും ബംഗളൂരു സിറ്റി പോലീസും ഇത് സംബന്ധിച്ച ചര്‍ച്ച നടത്തിയിരുന്നു. റാലിയുടെ ചുമതലയുള്ള ആര്‍ അശോക്, എം എല്‍ എ മുനിരാജു, സിറ്റി പ്രസിഡന്റ് സുബ്ബണ്ണ, ബംഗളൂരു പോലീസ് കമ്മീഷ്ണര്‍ രാഘവേന്ദ്ര, അഡീഷനല്‍ പോലീസ് കമ്മീഷണര്‍ ബി ദയാനന്ദ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. പാറ്റ്‌നയില്‍ മോഡി പങ്കെടുത്ത ബി ജെ പിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ ബോംബ് സ്‌ഫോടനങ്ങള്‍ നടന്ന പശ്ചാത്തലത്തിലാണ് സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കുന്നത്.