Articles
വികസിച്ചത് മരുന്ന് കമ്പനികള്‍

കേരളം പനിച്ച് വിറച്ചപ്പോഴെല്ലാം ഇവിടുത്തെ സെന്‍ട്രല്‍ ജയിലുകളിലും സബ് ജയിലുകളിലും പതിനായിരത്തിനടുത്ത് ജയില്‍പുള്ളികള്‍ കഴിയുന്നുണ്ടായിരുന്നു. കൊതുകുകടി സഹിച്ച്. പുതപ്പോ കൊതുകു വലയോ തടവറക്കുള്ളില്‍ അനുവദിക്കാറില്ല. ഫാനോ എ സിയോ ഇല്ല. എന്നിട്ടും പത്ത് വര്‍ഷത്തിനിടെ കേരളത്തിലെ ജയിലുകളില്‍ നിന്ന് പകര്‍ച്ചപ്പനി മൂലം ആരും മരിച്ചിട്ടില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം തൃശൂര്‍ കുട്ടനെല്ലൂരിലെ സി സി ജോസിന് ലഭിച്ച മറുപടിയില്‍ പറയുന്നത്.
തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങളിലെല്ലാമായി എപ്പോഴും രണ്ടായിരത്തിനടുത്ത് രോഗികള്‍ ഉണ്ടാകാറുണ്ട്. മറ്റു പല കാരണങ്ങള്‍ മൂലം ഇവിടെയും രോഗികള്‍ മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിലും പനി ബാധിച്ച് ആരും കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെയോ അതിന് മുമ്പോ മരിച്ചിട്ടില്ലെന്ന് മൂന്ന് ആശുപത്രികളില്‍ നിന്നും സിറാജിന് ലഭിച്ച വിവരാവകാശ മറുപടിയിലും വ്യക്തമാക്കുന്നു.
കേരളത്തിലെ തെരുവോരങ്ങളിലും കടത്തിണ്ണകളിലും അന്തിയുറങ്ങുന്ന മനോനില തെറ്റിയവരും നാടോടികളും യാചനയും മറ്റുമായി കഴിഞ്ഞുകൂടുന്നവരും ഇത്തരത്തില്‍ മരിച്ചതായി അറിവില്ല. അവരും കൊതുകുവലയോ ഫാനോ എ സിയോ ഉപയോഗിക്കുന്നില്ല. അവരെ മാത്രമായി കൊതുകുകള്‍ വെറുതെ വിടാന്‍ സാധ്യതയുമില്ല. എന്നിട്ടും അവിടെ പനി മരണങ്ങള്‍ ഉണ്ടാകുന്നില്ല. ഓരോ വര്‍ഷവും പുതിയ പേരില്‍ അരങ്ങിലെത്തുന്നു പനികള്‍. വ്യത്യസ്ത രൂപവും ഭാവവും അണിഞ്ഞ്. പുതിയ പുതിയ മരുന്നുകളും അവതരിക്കുന്നു. മാധ്യമങ്ങള്‍ പനിക്കഥകളെഴുതി ഭയപ്പെടുത്തുന്നു. ചില പനികള്‍ വരികയും പോകുകയും ചെയ്തു. ചിലത് ഇപ്പോഴും ഇവിടെ ചുറ്റി സഞ്ചരിക്കുന്നു. അപ്പോള്‍ പനി നിയന്ത്രിക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുമായി സര്‍ക്കാര്‍ ഫണ്ടുകള്‍ വാരിക്കോരി ചൊരിയുന്നു. എന്നിട്ടും പനികളുടെ വരവ് നിലച്ചിട്ടില്ല. മരണങ്ങളുടെ തോത് കുറഞ്ഞിട്ടില്ല. കേന്ദ്ര സംഘവും വിദഗ്ധരും കവടി നിരത്തി തലകുത്തി മറിഞ്ഞിട്ടും പരിഹാര മാര്‍ഗങ്ങള്‍ തുറന്നിട്ടുമില്ല.
എല്ലാ പനിമരണ വാര്‍ത്തകളിലും അവര്‍ ഒന്നോ രണ്ടോ നാലോ അഞ്ചോ ആഴ്ചയെങ്കിലും ആശുപത്രികളിലെ ചികിത്സയിലായിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. പനിയല്ല ഭയാനകം. പനിയെ അടിച്ചൊതുക്കുന്ന മരുന്നുകളും ചികിത്സകളുമാണെന്ന് ആധുനിക വൈദ്യശാസ്ത്ര ഗ്രന്ഥങ്ങള്‍ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. പനിക്ക് മരുന്ന് പ്രയോഗങ്ങള്‍ ആവശ്യമേ ഇല്ലെന്ന് സമ്മതിക്കുന്ന അലോപ്പതി ഡോക്ടര്‍മാരും ഒട്ടേറെയുണ്ട്. എന്നിട്ടും ഇവിടെ പലപ്പോഴും പനി മരണത്തിലേക്കുള്ള വാതിലുകളാകുന്നു ആശുപത്രികള്‍. അവിടുത്തെ ചികിത്സകള്‍. എന്നിട്ടും അതൊരു ചര്‍ച്ചയേ അല്ല. ആ ചികിത്സാരീതി തിരുത്താനും ആരും തയ്യാറാകുന്നില്ല.
പനിഭീതിയുടെ വാര്‍ത്തകള്‍ കണ്ട് ജനം പേടിക്കുന്നുണ്ട്. പനിമരണക്കണക്കുകള്‍ ഉയരുന്നുമുണ്ട്. അപ്പോള്‍ ആഘോഷിക്കുന്നത് സ്വകാര്യ ആശുപത്രികളും മരുന്ന് കമ്പനികളുമാണ്. എന്നാല്‍ സര്‍ക്കാറിനോ ആരോഗ്യ വകുപ്പിനോ പനിയെക്കുറിച്ചുള്ള ആശങ്കയൊന്നുമില്ല. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ എത്ര പേര്‍ പനി ബാധിച്ച് മരിച്ചു എന്നൊരു കണക്ക് പോലും ആരോഗ്യ വകുപ്പ് സൂക്ഷിക്കുന്നില്ല. വിവരാവകാശ പ്രകാരം സിറാജിന് ലഭിച്ച മറുപടികളിലാണിത് വ്യക്തമാക്കുന്നത്. 2006 മുതല്‍ ലഭ്യമായ കണക്കുകളിലും പത്രങ്ങളില്‍ വായിച്ചതിന്റെ ഭീകരതയൊന്നുമില്ല. അഞ്ച് വര്‍ഷത്തിനിടെ അവരുടെ കണക്കു ബുക്കില്‍ മരിച്ചവര്‍ 1652 പേരേയുള്ളൂ.
ആളെ കൊല്ലുന്നതില്‍ മുമ്പന്‍ എലിപ്പനിയാണ്. 756 പേര്‍ എലിപ്പനി ബാധിച്ച് മരിച്ചപ്പോള്‍ 416 പേരുടെത് എലിപ്പനിയാണോ എന്ന് സംശയിക്കുന്നു. രണ്ടാം സ്ഥാനത്ത് ഡെങ്കിപ്പനിയാണ്. 83 പേരുടെത് ഡെങ്കി എന്ന് ഉറപ്പിക്കുമ്പോള്‍ 157 പേരുടേത് സംശയമാണ്. എച്ച് വണ്‍ എന്നിനാണ് മൂന്നാം സ്ഥാനം. 146 മരണം. മലമ്പനി ബാധിച്ച് 33 പേരും ജപ്പാന്‍ ജ്വരം മൂലം 19 പേരും ടൈഫോയ്ഡ് മൂലം 15 പേരും സ്ഥിരീകരിക്കാത്ത പനി മൂലം 27 പേരും ഈ കാലയളവില്‍ മരിച്ചതിന്റെയും കണക്കുകളേയുള്ളൂ ഇവിടെ.
2006ല്‍ എറണാകുളം ജില്ലയിലായിരുന്നു ഏറ്റവും കൂടുതല്‍ പനിമരണങ്ങള്‍. 2007ല്‍ തൃശൂര്‍ ഒന്നാം സ്ഥാനം തട്ടിയെടുത്തു. 2008ല്‍ ആലപ്പുഴയും അടുത്ത വര്‍ഷം കാസര്‍കോടും തൊട്ട വര്‍ഷങ്ങളില്‍ വയനാടും കോഴിക്കോടും കോട്ടയവും ഒന്നാം സ്ഥാനം പങ്കിട്ടു. ഏറ്റവും ഒടുവില്‍ തലസ്ഥാന ജില്ലയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഇങ്ങനെയൊക്കെയാണെങ്കിലും പകര്‍ച്ചപ്പനിക്കോ പ്രതിരോധത്തിനോ പ്രത്യേക ഫണ്ടുകള്‍ ലഭ്യമല്ലെന്ന് മറ്റൊരു ചോദ്യത്തിനുത്തരമായി പറയുന്നു. എന്നാല്‍ സാംക്രമിക രോഗങ്ങളുടെ പ്രതിരോധത്തിനായി ജില്ലകള്‍ക്ക് ഫണ്ടുകള്‍ നല്‍കുന്നുമുണ്ട്. ഇതിന്റെ കണക്കുകള്‍ നല്‍കിയിട്ടില്ല. അതേ സമയം 2004 മുതല്‍ 2014 വരെയുള്ള കാലയളവില്‍ പനിയുള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികളുടെ നിയന്ത്രണത്തിനും പ്രതിരോധത്തിനുമായി വകയിരുത്തിയ തുക 20.3 കോടിയാണ്. 2004-05ല്‍ ഒരു കോടി രൂപയാണ് ഇതിനായി നീക്കിവെച്ചത്. 2005-06ല്‍ 8,90,000 രൂപയായി ചുരുക്കി. 2007-08ല്‍ 2.75 കോടിയായി ഉയര്‍ത്തി. 2012- 13 ല്‍ 3.20 കോടിയായി വര്‍ധിപ്പിച്ചു. 2013- 14ല്‍ എട്ട് കോടിയായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.
അപ്പോള്‍ പനിഭീതികളുടെ വാര്‍ത്തകള്‍ക്ക് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ഉയര്‍ത്താന്‍ സാധിക്കുന്നുണ്ട്. അതും മല പോലെ. പക്ഷേ, അതെന്ത് ചെയ്യുന്നു എന്നാരും ശ്രദ്ധിക്കുന്നില്ല. അന്വേഷണമില്ല. അതില്‍ ഏറെയും ചെലവഴിക്കപ്പെടുന്നില്ലെന്ന കാര്യവും നമുക്കജ്ഞാതം. എന്നാല്‍ ഇതെക്കുറിച്ചുള്ള വാര്‍ത്ത വന്നത് ഈ ജൂലൈയില്‍ തന്നെയായിരുന്നു. എട്ട് കോടി രൂപയില്‍ പ്രാഥമികമായി അനുവദിച്ച 5.3 കോടിയില്‍ 14 ജില്ലകള്‍ ചെലവഴിച്ചത് 9.73 ലക്ഷം രൂപ മാത്രം. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, മലപ്പുറം ജില്ലകള്‍ ഒരു രൂപ പോലും ചെലവഴിച്ചുമില്ല.
മുന്‍ വര്‍ഷങ്ങളില്‍ പനിമരണത്തില്‍ റിക്കാര്‍ഡിട്ട ജില്ലയാണ് ആലപ്പുഴ. ഒന്നാം സ്ഥാനത്തേക്ക് മത്സരിച്ചുകൊണ്ടിരിക്കുകയാണ് മലപ്പുറം. മന്ത് രോഗവും ഡിഫ്ത്തീരിയയും അഞ്ചാം പനിയും കണ്ടെത്തിയതിലും മലപ്പുറമാണ് മുന്നില്‍. എന്നിട്ടാണ് അനുവദിച്ച ഫണ്ടില്‍ തൊടാതെയുള്ള മലപ്പുറം മാതൃക. ആരോഗ്യ മന്ത്രി വിശദീകരണം തേടിയിരുന്നുവെങ്കിലും നടപടിയൊന്നും കണ്ടില്ല.
പനി മൂലം ശരീരോഷ്മാവ് 102 ഡിഗ്രിയിലെത്തുമ്പോള്‍ രോഗിയും ബന്ധുക്കളും ഭയപ്പെടുന്നു. ചികിത്സ ഫലിക്കാത്ത ശരീരത്തില്‍ എന്ത് ചികിത്സ നടത്താനും അവര്‍ ഡോക്ടര്‍ക്ക് അനുവാദം നല്‍കുന്നു. എന്നാല്‍ കായികാധ്വാനമുള്ള ജോലി ചെയ്യുമ്പോള്‍ ശരീരോഷ്മാവ് 104 ഡിഗ്രിയെത്തുന്നുണ്ട്. ഇതവര്‍ അറിയുന്നേയില്ല. അതിനെ പനിയെന്ന് വിളിച്ച് അലറിക്കരയുന്നുണ്ടോ? ഡോ. ജേക്കബ് വടക്കന്‍ചേരി ചോദിക്കുന്നു. പനിക്കൊപ്പം ഛര്‍ദിയും വയറിളക്കവും കൂടി ഉണ്ടായാലോ? ഭീതി പിന്നെയും പായുകയാണ്. പക്ഷേ, വയറിളക്കം കൂടി ഉണ്ടെങ്കില്‍ പനി പെട്ടെന്ന് കുറയുകയാണ് ചെയ്യുക. കാരണം ഛര്‍ദിച്ചും വയറിളകിയും പുറത്ത് പോകുന്നത് ശരീരത്തിനകത്തെ വിഷ വസ്തുക്കളാണ്. അപ്പോള്‍ ധാരാളം വെള്ളം കുടിച്ച് നിര്‍ജലീകരണമെന്ന അപകടാവസ്ഥയുണ്ടാകാതെ ശ്രദ്ധിക്കുക മാത്രം ചെയ്താല്‍ മതിയെന്ന് തിരൂരിലെ ഡോ. പി പി രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ക്കുന്നു.
മിക്ക ആശുപത്രികളും പനി ചികിത്സയുടെ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ചികിത്സ നടത്തുന്നതെന്ന് ഇത്തവണ ആരോഗ്യ വകുപ്പ് തന്നെ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടാണ് രോഗികളുടെ ആരോഗ്യ നില വഷളാകുന്നതെന്നും മരണത്തിലേക്കുവരെ നയിക്കുന്ന സാഹചര്യം ഉണ്ടാക്കുന്നതെന്നുമായിരുന്നു കണ്ടെത്തല്‍. ഇതിന്റെ പശ്ചാത്തലത്തില്‍ ചികിത്സാ മാര്‍ഗരേഖ പുതുക്കുമെന്നും ആരോഗ്യ വകുപ്പ് പ്രഖ്യാപനവും നടത്തി. രണ്ട് ദിവസങ്ങള്‍ക്കകം പുതുക്കിയ ചികിത്സാ മാനദണ്ഡങ്ങള്‍ പ്രസിദ്ധപ്പെടുത്തുമെന്നായിരുന്നു ജൂണ്‍ മൂന്നിന്റെ പത്രക്കുറിപ്പ്. എന്നാല്‍ പിന്നെയും പനിമരണങ്ങളുണ്ടായി. അനാരോഗ്യകരമായ പ്രവണതകള്‍ തുടര്‍ന്നു. അതിന്നും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
എന്നാല്‍ അലോപ്പതി ഡോക്ടര്‍മാര്‍ എല്ലാവരും ഇങ്ങനെ ചെയ്യുന്നില്ല. സത്യസന്ധമായ ചികിത്സാ രീതികളും പനി ചികിത്സയുടെ ആധികാരിക രീതിയും എങ്ങനെയാണ്?
(അതെക്കുറിച്ച് നാളെ)