Connect with us

National

മല്യക്കെതിരെ ക്രിമിനല്‍ കേസെടുത്തു

Published

|

Last Updated

ബംഗളൂരു: മദ്യരാജാവ് വിജയ് മല്യക്കും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് കമ്പനിക്കുമെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. യൂസര്‍, പാസഞ്ചര്‍ സര്‍വീസ് ഫീസുകള്‍ അടക്കാത്തതിനെ തുടര്‍ന്ന് ബംഗളൂരു ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് നല്‍കിയ ക്രിമിനല്‍ പരാതിയിലാണ് കേസെടുത്തത്.
മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ബി ഐ എ എല്‍ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് അസി. പോലീസ് കമ്മീഷണര്‍ കമല്‍പാന്ത് അറിയിച്ചു. തിങ്കളാഴ്ചയാണ് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസമാണ് കോടതി ഉത്തരവ് ലഭിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമം 403 (കബളിപ്പിച്ച് സ്വത്ത് അപഹരിക്കുക), 406 (കുറ്റകരമായ വിശ്വാസ വഞ്ചന), 418 (വഞ്ചന), 120 ബി (കുറ്റകരമായ ഗൂഢാലോചന) എന്നിവ പ്രകാരം കേസെടുക്കണമെന്നാണ് പരാതിയിലുള്ളത്.
2008- 12 കാലയളവില്‍ ആഭ്യന്തര, വിദേശ യാത്രക്കാരില്‍ നിന്ന് കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ഈടാക്കിയ യൂസര്‍ ഫീയും പാസഞ്ചര്‍ സര്‍വീസ് ഫീയും ബി ഐ എ എല്ലിന് തിരിച്ചടച്ചില്ല. ആദ്യ കാലത്ത് കുറച്ച് തുക അടച്ചിരുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ) നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ ഫീസുകള്‍ ഈടാക്കാന്‍ സ്വകാര്യ വിമാന കമ്പനികള്‍ക്ക് അധികാരമുണ്ടായത്. ഈ ഫീസുകള്‍ സ്വകാര്യ വിമാന കമ്പനികള്‍ വാങ്ങണമെന്നും ശേഷം ഇത് വിമാനത്താവള നടത്തിപ്പുകാര്‍ക്ക് നല്‍കണമെന്നും നിര്‍ദേശിച്ച് ഡി ജി സി എ 2008 സെപ്തംബര്‍ രണ്ടിന് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ബി ഐ എ എല്ലിന്റെ കണക്കനുസരിച്ച് 208 കോടി രൂപയാണ് കിംഗ്ഫിഷറിന്റെ പക്കലുള്ളത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി കിംഗ്ഫിഷര്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നില്ല.
അതേസമയം, ബി ഐ എ എല്ലിന്റെ നടപടികളെ കുറിച്ച് അറിയില്ലെന്നും വിവരം ലഭിച്ചിട്ടില്ലെന്നും യു ബി ഗ്രൂപ്പ് വക്താവ് അറിയിച്ചു. ഒരു സിവില്‍ തര്‍ക്കത്തിന് ക്രിമിനല്‍ പരിവേഷം നല്‍കിയതിനാല്‍ തങ്ങളുടെ ഭാഗത്ത് നിയമപരമായ പ്രതിരോധങ്ങള്‍ ഉണ്ടെങ്കിലും ബി ഐ എ എല്ലിന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങാന്‍ നിര്‍ബന്ധിതരാകും. വിഷയം അന്വേഷിക്കാന്‍ പോലീസ് അധകൃതര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയതിനാല്‍ അവരുമായി സഹകരിക്കും. യു ബി ഗ്രൂപ്പിന്റെ കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍ വൈസ് പ്രസിഡന്റ് പ്രകാശ് മീര്‍പുരി പറഞ്ഞു.

Latest