Connect with us

Gulf

സോളാര്‍ പാര്‍ക്ക് ശൈഖ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു

Published

|

Last Updated

ദുബൈ: ദുബൈയുടെ മുന്നേറ്റത്തില്‍ മറ്റൊരു നാഴികക്കല്ലായ മുഹമ്മദ് ബിന്‍ റാശിദ് സോളാര്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്തു. ദുബൈ-അല്‍ ഐന്‍ റോഡില്‍ സീഹ് അല്‍ ദഹാലിലാണ് സൗരോര്‍ജം വൈദ്യുതോര്‍ജമാക്കി മാറ്റുന്ന ഉദ്യാനം. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്്തൂമാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. 1,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം ഇതോടെ പ്രവര്‍ത്തനമാരംഭിച്ചു. ആദ്യഘട്ടത്തില്‍ 13 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കും. ഓരോ വര്‍ഷം 240 ലക്ഷം കിലോവാട്ട് വൈദ്യുതിയാണ് ലക്ഷ്യം.

100 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഉദ്യാനമാണ് രണ്ടാം ഘട്ടത്തിലേത്. ഇതിന്റെ തറക്കല്ലിടലും ശൈഖ് മുഹമ്മദ് നിര്‍വഹിച്ചു. രണ്ടാം ഘട്ടം സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെയായിരിക്കും. 1,200 കോടി ദിര്‍ഹമാണ് സൗരോര്‍ജ ഉദ്യാനത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. സുസ്ഥിര ഊര്‍ജ പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. 2030 ആസൂത്രണ പദ്ധതിയനുസരിച്ച് യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍ സൗരോര്‍ജ ഉദ്യാനങ്ങള്‍ നിലവില്‍ വരും. 20 ജിഗാവാട്ട് വൈദ്യുതി ഉത്പാദനമാണ് ലക്ഷ്യം.
ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദിവ) യുമായി ബന്ധിപ്പിച്ചിട്ടുള്ള ഒന്നാം ഘട്ടത്തില്‍ നിന്നും 13 മെഗാവാട്ട് വൈദ്യുതിയാണ് ലഭിക്കുകയെന്ന് ദിവ സി ഇ ഒയും എം ഡിയുമായ സഈദ് മുഹമ്മ് അല്‍ തായര്‍ വ്യക്തമാക്കി.
അടുത്ത വര്‍ഷം ഏപ്രില്‍ 15, 16 തീയതികളില്‍ നഗരം വേദിയാകുന്ന വേള്‍ഡ് ഗ്രീന്‍ ഇക്കണോമി സമ്മിറ്റിന് സോളാര്‍ പാര്‍ക്ക് അഭിമാനപൂര്‍വം സമര്‍പ്പിക്കും. ബൃഹത്തായ ഈ പദ്ധതിയിലൂടെ പുതിയ അറിവുകളും ദിവക്ക് ലഭിക്കും. എഞ്ചിനീയറിംഗ് രംഗത്തും പദ്ധതി ഒരു നാഴികക്കല്ലായിമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗരോര്‍ജം മറ്റ് ഇന്ധനങ്ങളുടെ ലഭ്യത സംരക്ഷിക്കപ്പെടുന്നതിനൊപ്പം അന്തരീക്ഷത്തില്‍ കാര്‍ബണിന്റെ അലളവ് കുറക്കാനും സഹായകമാവും. രണ്ടാം ഘട്ടത്തിനായി സബ് സ്റ്റേഷന്‍ നിര്‍മിക്കാന്‍ എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്‍സി സര്‍വീസില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചതായി ദിവയുടെ സ്ട്രാറ്റജി ആന്‍ഡ് ബിസിനസ് ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വലീദ് സല്‍മാന്‍ വ്യക്തമാക്കി.

Latest