Connect with us

National

ഗെയിംസ് അഴിമതി: കല്‍മാഡിക്കെതിരെ നടപടിയെടുക്കാന്‍ സി വി സി ശിപാര്‍ശ

Published

|

Last Updated

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടക സമിതിയുടെ ചെയര്‍മാനായിരുന്ന സുരേഷ് കല്‍മാഡിക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ (സി വി സി) ശിപാര്‍ശ ചെയ്തു. കല്‍മാഡി സത്യം മറച്ചുവെച്ചതായി അഴിമതി കേസ് അന്വേഷിച്ചതില്‍ നിന്ന് വ്യക്തമായതായി സി വി സി അറിയിച്ചു.
കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടക സമിതി അഴിമതിയും സ്വജനപക്ഷപാതവും നടത്തിയെന്ന പരാതികളില്‍ സാധാരണ അന്വേഷണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന സി വി സി നേരിട്ട് അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന്, വിശദ അന്വേഷണത്തിന് സി ബി ഐക്ക് കൈമാറി. സി ബി ഐ റിപ്പോര്‍ട്ട് പരിശോധിച്ചതിന് ശേഷം അന്വേഷണം അവസാനിപ്പിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചു. തുടര്‍ന്ന് കല്‍മാഡിക്കെതിരെ നടപടി സ്വീകരിക്കാനും ഇതിന്‍മേലുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചു.
ഗെയിംസ് സമിതിയുടെ ജോയിന്റ് ഡയറക്ടറായിരുന്ന ആര്‍ കെ സച്ചേതിക്കെതിരെ അനധികൃത സ്വത്ത് സമ്പാദന കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കല്‍മാഡിയുടെ അടുത്തയാളാണ് സച്ചേതി. മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരെയാണ് സമിതിയില്‍ നിയമിച്ചതെന്ന പരാതി കമ്മീഷന് ലഭിച്ചിരുന്നു. സച്ചേതിക്ക് പിന്‍വാതില്‍ നിയമനമാണ് ലഭിച്ചത്. യുവജനകാര്യ മന്ത്രാലയത്തിലെ വിജിലന്‍സ് ഓഫീസറില്‍ നിന്ന് സി വി സി തല്‍സ്ഥിതി വിവര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. വിജിലന്‍സ് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ സി വി സി അതൃപ്തി പ്രകടിപ്പിച്ചു. കുറച്ച് സി ബി ഐ ഉദ്യോഗസ്ഥര്‍ കേസില്‍ ഉള്‍പ്പെട്ടതായി സി വി സി കണ്ടെത്തിയിട്ടുണ്ട്. വിവരാവകാശ നിയമ പ്രകാരം സമര്‍പ്പിച്ച അപേക്ഷയിലാണ് സി വി സി ഇക്കാര്യം അറിയിച്ചത്.
2010 ഒക്‌ടോബര്‍ മൂന്ന് മുതല്‍ 14 വരെ ന്യൂഡല്‍ഹിയില്‍ നടത്തിയ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ പദ്ധതികളില്‍ വ്യാപക ക്രമക്കേടുകളാണ് നടന്നത്. തുടര്‍ന്ന് മുന്‍ സി എ ജി. വി കെ ശുംഗ്ലുവിന്റെ നേതൃത്വത്തില്‍ ഉന്നതതല സമിതിയെ അന്വേഷണത്തിന് പ്രധാനമന്ത്രി നിയോഗിച്ചു. വ്യാപക സാമ്പത്തിക ക്രമക്കേട് നടന്നതായി സമിതി കണ്ടെത്തുകയായിരുന്നു. 9000 പദ്ധതികള്‍ക്കായി 13000 കോടി രൂപയിലേറെയാണ് 37 സര്‍ക്കാര്‍ വകുപ്പുകള്‍ ചെലവഴിച്ചത്.
ഇതുസംബന്ധിച്ച സി വി സിയുടെ ചോദ്യങ്ങള്‍ക്ക് പല വകുപ്പുകളും മൂന്ന് വര്‍ഷത്തിലേറെയായിട്ടും മറുപടി നല്‍കിയിട്ടില്ല.