Connect with us

Sports

മാത്യു ഹൊഗാര്‍ഡ് വിരമിച്ചു

Published

|

Last Updated

ലണ്ടന്‍: 2005 ല്‍ ആഷസ് വീണ്ടെടുക്കാന്‍ ഇംഗ്ലണ്ടിനെ സഹായിച്ച പേസ് ബൗളര്‍ മാത്യു ഹൊഗാര്‍ഡ് വിരമിച്ചു. പതിനേഴ് വര്‍ഷം നീണ്ട കരിയറിന് മുപ്പത്താറാം വയസിലാണ് ഹൊഗാര്‍ഡ് തിരശീലയിട്ടത്. ട്വിറ്ററിലൂടെയാണ് മുന്‍ സൂപ്പര്‍ താരം വിരമിക്കല്‍ അറിയിച്ചത്. 67 ടെസ്റ്റുകളില്‍ 30.50 ശരാശരിയില്‍ 248 വിക്കറ്റുകളാണ് ഹൊഗാര്‍ഡിന്റെ പേരില്‍. ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി ഏറ്റവുമധികം വിക്കറ്റെടുത്തവരില്‍ എട്ടാം സ്ഥാനമാണ് ഹൊഗാര്‍ഡിന്. ഇരുപത്താറ് ഏകദിനങ്ങളും കളിച്ച ഹൊഗാര്‍ഡ് കൗണ്ടിയില്‍ യോക്‌ഷെറിനും ലിസെസ്റ്റര്‍ഷെറിനും കളിച്ചു.
രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് അഞ്ച് വര്‍ഷം മുമ്പ് പടിയിറങ്ങിയ ഹൊഗാര്‍ഡ് കൗണ്ടിയില്‍ ലിസെസ്റ്റര്‍ഷെറിനായി അടുത്ത സീസണ്‍ കൂടി പന്തെറിയാമെന്ന തീരുമാനം പിന്‍വലിച്ചാണ് കരിയര്‍ അവസാനിപ്പിക്കാന്‍ മുതിര്‍ന്നത്. ഡങ്കന്‍ ഫ്‌ളെചര്‍ ഇംഗ്ലണ്ട് പരിശീലകനായിരുന്ന കാലത്താണ് ഹൊഗാര്‍ഡ് തിളങ്ങിയത്.
2004 ല്‍ ബാര്‍ബഡോസില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഹാട്രിക്ക് നേടിയ ഹൊഗാര്‍ഡിന്റെ മികവില്‍ ഇംഗ്ലണ്ട് പരമ്പര ജയിച്ചു. ദക്ഷിണാഫ്രിക്കയിലും മികവ് പുലര്‍ത്തി. ജോഹന്നസ്ബര്‍ഗ് ടെസ്റ്റില്‍ പന്ത്രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ഹൊഗാര്‍ഡ് ദക്ഷിണാഫ്രിക്കക്കെതിരെ ഇംഗ്ലണ്ടിന് അവിസ്മരണീയ ജയം സമ്മാനിച്ചു. 2005 ആഷസില്‍ മികവിന്റെ പൂര്‍ണത കണ്ടു. പതിനാറ് വിക്കറ്റുകള്‍ വീഴ്ത്തിയ ഹൊഗാര്‍ഡ് ബ്രെറ്റ് ലിയെ എക്‌സ്ട്രാ കവറിലൂടെ ബൗണ്ടറി കടത്തി ബാറ്റു കൊണ്ടും ആഷസില്‍ ഇംഗ്ലണ്ടിന് ജയം സമ്മാനിച്ചു.

Latest