Connect with us

Malappuram

ചേലേമ്പ്രയില്‍ എട്ട് കോടിയുടെ നിക്ഷേപ തട്ടിപ്പ്

Published

|

Last Updated

മലപ്പുറം: ചേലേമ്പ്ര പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന അല്‍-അമീന്‍ എന്റര്‍പ്രൈസസ് എന്ന സ്ഥാപനം എട്ട് കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയതായി പരാതി.
മുസ്‌ലിം ലീഗിന്റെ കീഴിലുളള സോഷ്യോ ഇസ്‌ലാമിക് സൊസൈറ്റിയുടെ പ്രവര്‍ത്തന ഫണ്ട് സ്വരൂപിക്കാനെന്ന പേരിലാണ് 2008ല്‍ സൊസൈറ്റി രൂപവത്കരിച്ച് നിക്ഷേപം സ്വീകരിച്ചത്. 400 ലീഗ് പ്രവര്‍ത്തകരില്‍നിന്ന് 25,000 രൂപ വീതമാണ് സ്വീകരിച്ചിരുന്നത്. ഇപ്പോള്‍ 1548 ഓഹരി ഉടമകളാണ് സ്ഥാപനത്തിനുള്ളത്. പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിക്ക് കീഴിലാണ് ഈ ബിസിനസ് നടക്കുന്നതെന്ന് വിശ്വസിപ്പിച്ചാണ് ലീഗുകാരായ ഇത്രയും പേരെ നിക്ഷേപകരാക്കിയതെന്നാണ് ഓഹരി ഉടമകള്‍ പറയുന്നത്.
യാതൊരുവിധ രജിസ്‌ട്രേഷനോ, നിയമസാധുതകളോ സ്ഥാപനത്തിനുണ്ടായിരുന്നില്ല. ഓഹരി ഉടമകളുടെ കൈയില്‍നിന്ന് സ്വരൂപിച്ചതും ലാഭ വിഹിതവുമടക്കം 7.5 കോടിയോളം രൂപ ചില വ്യക്തികള്‍ അവരുടെ സ്വന്തം ബിസിനസ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണെന്നാണ് തുടക്കം മുതലുളള ആക്ഷേപം. വളളിക്കുന്ന് മണ്ഡലം ലീഗ് കമ്മിറ്റി വൈസ് പ്രസിഡന്റും പഞ്ചായത്ത് ലീഗ് പ്രസിഡന്റും അല്‍-അമീന്‍ എന്റര്‍പ്രൈസസ് ചെയര്‍മാനും പ്രവാസി ലീഗ് സെക്രട്ടറിയും ചേര്‍ന്ന് സംഘടന അറിയാതെ പല സ്ഥലങ്ങളിലും റിയല്‍ എസ്റ്റേറ്റ് ഇടപാട് നടത്തിയതായാണ് ഓഹരി ഉടമകള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
അമിത വാഗ്ദാനങ്ങള്‍ നല്‍കി സ്വരൂപിച്ച പണത്തിന് അല്‍അമീന്‍ എന്റര്‍പ്രൈസിസിന്റെ പേരിലുളള രശീതിയാണ് നല്‍കിയതെങ്കിലും ഇതിനുളള ബോണ്ടുകള്‍ നല്‍കിയത് നാല് വ്യക്തികളാണ്. ഇതിനെ ഇത്രയും കാലം ലീഗ് കമ്മിറ്റി ചോദ്യം ചെയ്യാതിരുന്നതും പരാതിക്കിടയാക്കിയിട്ടുണ്ട്. അല്‍-അമീന്‍ എന്റര്‍ പ്രൈസിസിന്റെ ലാഭത്തില്‍ നിശ്ചിത ശതമാനം ലീഗിന്റെ ജീവകാരുണ്യപ്രവര്‍ത്തനത്തിന് നീക്കിവെക്കുമെന്നായിരുന്നു രൂപവത്കരണ വേളയില്‍ അറിയിച്ചിരുന്നത്. എന്നാല്‍, പറയത്തക്ക യാതൊരു ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടില്ലെന്നും അവര്‍ ആരോപിക്കുന്നു.
നിയമപരമായ പ്രവര്‍ത്തക സമിതിയോ, ജനറല്‍ ബോഡിയോ ഇക്കാലമത്രയും നടത്തിയിട്ടില്ല. ഓഡിറ്റ് ചെയ്ത കണക്കുകള്‍ ഓഹരി ഉടമകള്‍ക്ക് ഇതുവരെ നല്‍കിയിട്ടില്ലെന്നും പഞ്ചായത്ത് ലീഗ് കമ്മിറ്റി പ്രസിഡന്റ്, ട്രഷറര്‍, ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ്, മണ്ഡലം വൈസ് പ്രസിഡന്റ് എന്നിവരടക്കം കമ്മിറ്റിയില്‍ ഉണ്ടായിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്. തട്ടിപ്പ് പുറത്തായതോടെ ലീഗിന്റെ വിവിധ വാര്‍ഡ് കമ്മിറ്റികള്‍, പഞ്ചായത്ത് കമ്മിറ്റി, മണ്ഡലം കമ്മിറ്റി എന്നിവര്‍ക്ക് ഷെയര്‍ ഉടമകള്‍ പരാതി നല്‍കുകയും ആഗസ്റ്റ് 23ന് മുമ്പായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, നാല് തവണ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഡോ. വി പി അബ്ദുല്‍ ഹമീദ് , സെക്രട്ടറി ബക്കര്‍ ചെര്‍ന്നൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇരുവിഭാഗത്തേയും വിളിച്ച് വരുത്തി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമൊന്നുമെടുക്കാതെ കൂടുതല്‍ സമയം തേടുകയാണുണ്ടായത്.
കഴിഞ്ഞ കഴിഞ്ഞ ജൂണ്‍ 23ന് മറ്റു ചില ഷെയര്‍ ഉടമകള്‍ വളളിക്കുന്ന് മണ്ഡലം കമ്മിറ്റി മുമ്പാകെ പരാതി നല്‍കിയെങ്കിലും പരിഹരിക്കാതെ അതിലും സമയം തേടുകയായിരുന്നു. ഇതോടെ 48 ഓഹരി ഉടമകള്‍ സ്ഥാപനത്തിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി സ്ഥാപനത്തിന്റെ ചെയര്‍മാനും മറ്റ് ഭാരവാഹികള്‍ക്കും വക്കീല്‍ നോട്ടീസയച്ചിട്ടുണ്ട്.
അടുത്ത മാസം അഞ്ചിന് ചേലേമ്പ്ര യു പി സ്‌കൂളില്‍ ഓഹരി ഉടമകളും ലീഗ് പ്രവര്‍ത്തകരും ഒത്ത് ചേര്‍ന്ന് ഭാവി കാര്യങ്ങള്‍ തീരുമാനമെടുക്കും. പ്രശ്‌നം ഒത്തുതീര്‍ക്കാന്‍ മണ്ഡലം കമ്മിറ്റി തിരക്കിട്ട ശ്രമം തുടങ്ങിയിട്ടുണ്ടെങ്കിലും ചേലേമ്പ്രയില്‍ മുസ്‌ലിംലീഗിന് സമാന്തര കമ്മിറ്റിയുണ്ടാക്കാനാണ് പണം നഷ്ടപ്പെട്ടവരുടെ തീരുമാനം.
വിഭാഗീയത ശക്തമായി നിലനില്‍ക്കുന്ന ഇവിടെ ഇരു വിഭാഗത്തോടും താത്പര്യമില്ലാത്തവര്‍ ചേര്‍ന്നാണ് സമാന്തര കമ്മിറ്റ് രൂപം നല്‍കുന്നത്. എന്നാല്‍ അല്‍-അമീന്‍ എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിന് മുസ്‌ലിംലീഗുമായി ബന്ധമില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി കെ പി അമീര്‍ പറഞ്ഞു.

Latest