Connect with us

Wayanad

ഓണപ്പൂക്കളമൊരുക്കാന്‍ കര്‍ണാടകത്തില്‍ വിരിയുന്നത് ആറായിരം ഏക്കര്‍ പാടങ്ങള്‍

Published

|

Last Updated

ഗുണ്ടല്‍പേട്ട: കൃഷിപാടെ മറക്കുന്ന മലയാളിക്ക് അത്തം മുതല്‍ പൂവിടാന്‍ കര്‍ണാടകം വിളയിക്കുന്നത് ലക്ഷങ്ങളുടെ വര്‍ണ വിസ്മയം. സുല്‍ത്താന്‍ ബത്തേരി -മൈസൂര്‍ ദേശീയ പാതയോരത്ത് ഗുണ്ടല്‍പേട്ടക്കടുത്ത മദ്ദൂര്‍ ഗ്രാമം ഇപ്പോള്‍ ചെണ്ടുമല്ലി പാടങ്ങളുടെ നിറച്ചാര്‍ത്തണിഞ്ഞിരിക്കുകയാണ്.
മൂന്ന് മാസം മുമ്പ് ആരംഭിച്ച സീസണല്‍ പുഷ്പ കൃഷിക്കിനി വിളവെടുപ്പുകാലമാണ്. പൂവിളിയും പൂക്കളവും തിരുവോണവുമറിയാത്ത മദ്ദൂര്‍ ഗ്രാമത്തിലെ സാധാരണക്കാരായ ദരിദ്ര കൃഷിക്കാരാണ് മലയാളിയുടെ മുറ്റങ്ങളില്‍ നിറം തീര്‍ക്കാന്‍ മഴയത്തും പൊരിവെയിലത്തും പുലര്‍ച്ചെ മുതല്‍ സന്ധ്യമയങ്ങും വരെ പൂപ്പാടങ്ങളില്‍ വിയര്‍പ്പൊഴുക്കുന്നത്. മദ്ദൂര്‍ ഗ്രാമത്തില്‍ മാത്രം ആറായിരത്തോളം ഏക്കര്‍ സ്ഥലത്താണ് പുഷ്പ കൃഷി. ചെണ്ടുമല്ലിയാണ് പ്രധാന ഇനം. കേരളത്തില്‍ നിന്നെത്തുന്ന പൂ കച്ചവടക്കാരെ കൂടാതെ മരുന്നു നിര്‍മാണത്തിന് ഉപയോഗിക്കാന്‍ നേത്രരോഗ മരുന്നുകമ്പനിക്കാരും കോഴിത്തീറ്റ കമ്പനിക്കാരും ചെണ്ടുമല്ലിക്കായി ഇവിടെയെത്തുന്നുണ്ട്. ജമന്തിയും വാടാമല്ലിയും മറ്റിനം പൂക്കളും സമീപത്തെ മൈസൂര്‍, ഹാസന്‍ ജില്ലകളിലെ നിരവധി ഗ്രാമങ്ങളിലുണ്ട്. വന്‍കിട ഭൂവുടമകളുടെതാണ് പൂപ്പാടങ്ങളുള്ള ഭൂമി. മലയാളികള്‍ സ്ഥലം പാട്ടത്തിനെടുത്ത് ഇവിടെ കൃഷി നടത്തുന്നുണ്ട്.
തദ്ദേശീയരായ ഗ്രാമീണ കൃഷിക്കാരും കേരളത്തില്‍ നിന്നെത്തിയ സംരംഭകരും പൂപ്പാടങ്ങളില്‍ വന്‍ പ്രതീക്ഷ പുലര്‍ത്തി പുഷ്പ കൃഷിക്കിറങ്ങിയിട്ടുണ്ട്. മദ്ദൂരില്‍ ഇനിയുള്ള ആഴ്ചകള്‍ വിളവെടുപ്പിന്റെ തിരക്കാകും. ഒമ്പത് രൂപയാണ് ഇപ്പോള്‍ ചെണ്ടുമല്ലി കിലോക്ക് വില. ഓണമടുത്തതോടെ 15രൂപ വരെയായി ഉയരും.

Latest