Articles
തിരിച്ചടികളുടെ പാഠങ്ങള്‍; രണ്ടു ഉദാഹരണങ്ങള്‍

കേരളത്തിലെ 62 ശതമാനം കുട്ടികള്‍ക്കും യഥാസമയം ഭക്ഷണം പോലും കഴിക്കാനാകുന്നില്ല. 19 ശതമാനം കുട്ടികള്‍ക്ക് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാകുന്നില്ല. 36 ശതമാനം കുട്ടികള്‍ക്ക് വീട്ടില്‍ സ്വസ്ഥതയില്ല. 30 ശതമാനം പേര്‍ക്ക് കളിക്കാനുള്ള സ്വാതന്ത്ര്യമില്ല. 36 ശതമാനത്തിന് സഹപാഠികളുമായി കൂട്ട് കൂടാനാകുന്നില്ല. 40 ശതമാനത്തിനും രക്ഷിതാക്കളെ വിശ്വാസമില്ല. മാതാപിതാക്കള്‍ക്കൊപ്പം കഴിയുന്ന 16 ശതമാനത്തിനും അവരില്‍ നിന്ന് സ്‌നേഹവും പരിചരണവും ലഭിക്കുന്നില്ല. 65 ശതമാനവും അക്കാദമികവും കുടുംബപരവുമായ പ്രശ്‌നങ്ങള്‍ നേരിടുന്നു (അവലംബം അപ്പോളോ ആശുപത്രിയുടെ പഠനം). ഇതെല്ലാം മൂലം മാനസിക വൈകല്യങ്ങള്‍ പല കുട്ടികളിലും കാണുന്നു. അവര്‍ നശീകരണക്കാരും പിടിവാശിക്കാരുമായാണ് മാറുന്നതെന്നും 2009ലെ ഈ പഠനം മുന്നറിയിപ്പ് തരുന്നു.
ഇപ്പോള്‍ അതില്‍ നിന്നും മാറിയിരിക്കുന്നു കാര്യങ്ങള്‍. വീട്ടകങ്ങളിലെ സാഹചര്യങ്ങള്‍ കൂടുതല്‍ സംഘര്‍ഷഭരിതമാകുന്നു. ചെറുപ്രായത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെടുകയോ ഭീതിപ്പെടുത്തുന്ന കാഴ്ചകള്‍ക്ക് സാക്ഷികളാകുകയോ പീഡനങ്ങള്‍ക്ക് വിധേയരാകുകയോ ചെയ്യുന്ന കുഞ്ഞുങ്ങള്‍ക്ക് വിഷാദരോഗങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണെന്ന് കോഴിക്കോട്ടെ മനോരോഗ വിദഗ്ധന്‍ ഡോ. പി എന്‍ സുരേഷ്‌കുമാര്‍ പറയുന്നു. ഇത്തരം പീഡനങ്ങള്‍ അവരില്‍ വലിയൊരാഘാതമാണ് വരുത്തുന്നത്. അത് ശാരീരികമായ വളര്‍ച്ചയെ, സ്വഭാവ രൂപവത്കരണത്തെ, പഠനത്തെ എല്ലാം തന്നെ ബാധിക്കാം. കൃത്യമായി കൗണ്‍സലിംഗും ചികിത്സയും ലഭ്യമാക്കിയില്ലെങ്കില്‍ വിവാഹ ജീവിതത്തെപോലും അത് സാരമായി ബാധിക്കാനിടയുണ്ടെന്നും അദ്ദേഹം പറയുന്നു.
മാനസികരോഗങ്ങളുള്ളവരുടെ കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളില്‍, മാതാപിതാക്കള്‍ കലഹിക്കുന്ന വീടുകളില്‍, വിവാഹബന്ധം വേര്‍പെടുത്തിയവരുടെ കുടുംബങ്ങളിലെ കുട്ടികളെയെല്ലാം വിഷാദരോഗം പിടികൂടാനുള്ള സാധ്യത കൂടുതലാണ്. മാതാപിതാക്കളുടെ സ്‌നേഹമോ പരിചരണമോ ലഭിക്കാത്ത കുട്ടികളില്‍ വിഷാദത്തിനുള്ള സാധ്യതയേറെയാണെങ്കില്‍ പീഡനങ്ങളുടെ ദുരന്തങ്ങള്‍ താണ്ടിയെത്തുന്ന കുട്ടികളുടെ സ്ഥിതി എത്ര പരിതാപകമായിരിക്കുമെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മാനസിക രോഗ വിദഗ്ധന്‍ ഡോ. എ അഷ്‌റഫ് അലി ചോദിക്കുന്നത്. ശരീരത്തിന് ഒടിവോ ചതവോ സംഭവിച്ചാല്‍ എങ്ങനെയാണോ നാം സൂക്ഷിക്കുന്നത് അങ്ങനെയുള്ള ശ്രദ്ധയും പരിചരണവുമാണ് ഇത്തരം കുട്ടികള്‍ക്ക് നല്‍കേണ്ടത്. അല്ലാത്തപക്ഷം അവരും സാമൂഹികവിരുദ്ധരായി മാറാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് തരുന്നു. പീഡനങ്ങള്‍ക്കും ക്രൂരതകള്‍ക്കും ഇരകളാകുന്ന കുട്ടികളില്‍ നിന്ന് ഭാവിയില്‍ തിരിച്ചടികള്‍ നേരിടുക തന്നെ ചെയ്യും. കൊടുത്തതിന്റെ ഇരട്ടിയായി തിരിച്ചുകിട്ടുകയും ചെയ്യും. കീറിയ വസ്ത്രം തുന്നിക്കെട്ടാം, പക്ഷേ മുറിവേറ്റ ഒരു കുഞ്ഞിന്റെ ഹൃദയത്തെ തുന്നിക്കെട്ടുക അസാധ്യമെന്ന് മഹദ് വചനം. ജന്മം നല്‍കിയ പിതാവിനെയും നൊന്തുപെറ്റ മാതാവിനെയും ഒരിക്കല്‍ പോലും കാണേണ്ടെന്ന് പറയുന്ന കുഞ്ഞുങ്ങളില്‍ നിന്ന് എങ്ങനെയാണ് പ്രതീക്ഷയുടെ പൂക്കള്‍ വിടരുക? ആശങ്കകളുടെ ഭാവിയില്‍ വെളിച്ചം പരക്കുന്നതെങ്ങനെയാണ്? ഇരുള്‍മൂടിയ അത്തരം ജീവിതങ്ങള്‍ എവിടെയാണ് എത്തിച്ചേര്‍ന്നിട്ടുള്ളത്?
———————————————————————————————————
ഷക്കീര്‍ എന്നായിരുന്നു ആ പയ്യന്റെ പേര്. പതിനഞ്ച് വയസ്സ്. സാംസ്‌കാരികകേരളം ഇന്നും മറന്നുകാണില്ല അവന്‍ കാണിച്ചുകൂട്ടിയ ആ ക്രൂരത. ജാസില എന്ന ഏഴ് വയസ്സുകാരിയെ അതിദാരുണമായി ലൈംഗിക പീഡനത്തിനിരയാക്കി കൊലപ്പെടുത്തി അവന്‍. തൃശൂര്‍ ചെന്ത്രാപ്പിന്നിയില്‍ നിന്ന് 2006ല്‍ കേട്ട ആ പൈശാചികതയിലേക്ക് നയിച്ച സംഭവമെന്തായിരുന്നു? അവന്റെ ജീവിതവും കടന്നുവന്ന വഴികളും തന്നെയായിരുന്നു. ഒടുവില്‍ 2009 മാര്‍ച്ച് 27ന് രാത്രി വിഷം കഴിച്ച് ഷക്കീര്‍ ചെറിയ ജീവിതം കൊണ്ട് വലിയ പാഠങ്ങള്‍ സമ്മാനിച്ചാണ് മണ്ണോട് ചേര്‍ന്നത്. ശിഥിലമായ കുടുംബബന്ധത്തില്‍ നിന്ന് വരുന്ന ഒരു കുട്ടിക്ക് എത്രത്തോളം അധഃപതിക്കാനാകുമെന്ന പാഠമായിരുന്നു അത്.
മാതാവിന്റെ വഴിതെറ്റിയ ജീവിതത്തിനുള്ള പാരിതോഷികമായിരുന്നു അവന്റെ ജന്മം. മാതാവ് വേറെ വിവാഹം കഴിച്ചു. അവനെ അനാഥാലയത്തില്‍ തള്ളി. അവിടെ നിന്ന് മാതാവിന്റെ അരികിലേക്ക് ഓടിയെത്തിയെങ്കിലും പുതിയ ഭര്‍തൃഗൃഹത്തില്‍ സുഖപൊറുതിയിലായിരുന്നു ആ മാതാവ്. അവര്‍ അവനെ നിഷ്‌കരുണം പുറത്താക്കി വാതിലടച്ചു. തൃശൂര്‍ ജുവനൈല്‍ ഹോമിലെ ലൈബ്രേറിയനായിരുന്ന സി ആര്‍ രാമകുമാറിനോട് സക്കീര്‍ തന്റെ ജീവിതം പറഞ്ഞിട്ടുണ്ട്.
അതിലെ ചില വാക്കുകള്‍ ഇങ്ങനെ വായിക്കാം: കടപ്പുറത്ത് ചെന്നിരുന്നാല്‍ ഓരോരോ ചേട്ടന്‍മാര്‍ വന്ന് ബൈക്കില്‍ കയറ്റിക്കൊണ്ടുപോകും. പത്തോ ഇരുപതോ രൂപ തരും; അല്‍പ്പം കഞ്ചാവും. അതും കൊണ്ടാണ് തിരിച്ചു വരിക. വെറുതെ കിട്ടിയ ലഹരി നുണഞ്ഞ് അടിമയായി തീര്‍ന്നു. പണത്തേക്കാളേറെ പലപ്പോഴും അവരുടെ കൂടെ ചെന്നത് ആ കഞ്ചാവ് ബീഡിക്കുവേണ്ടിയാണ്. വിശപ്പ് സഹിക്കാമായിരുന്നു. പക്ഷേ, കഞ്ചാവ് ബീഡി കിട്ടിയില്ലെങ്കില്‍…….
രണ്ട് വര്‍ഷത്തോളം ഒരുപറ്റം സാമൂഹികവിരുദ്ധരുടെ ഇരയായി തീര്‍ന്നതിന്റെ ഉത്പന്നമായി മാറുകയായിരുന്നു ഷക്കീറെന്ന് രാമകുമാര്‍ പറയുന്നു. “അവനെ കുറിച്ച് പഠിക്കാന്‍ ഞങ്ങള്‍ നാട്ടില്‍ ചെന്നു. അവന്റെ മരണശേഷമായിരുന്നു അത്. രക്ഷിതാക്കള്‍, ബന്ധുക്കള്‍, നാട്ടുകാര്‍, താമസിച്ചു പഠിച്ച ഓര്‍ഫനേജ്, സ്‌കൂള്‍ തുടങ്ങി അവനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നെല്ലാം പതിനഞ്ച് ദിവസമെടുത്ത് വിവരങ്ങള്‍ ശേഖരിച്ചു. ഇതില്‍ നിന്നും കടപ്പുറത്തെ രണ്ട് വര്‍ഷത്തെ സഹവാസമാണ് അവന്റെ ജീവിതം കലുഷിതമാക്കിയതെന്ന് ഞങ്ങള്‍ക്ക് നൂറ് ശതമാനവും ബോധ്യപ്പെട്ടു.” രാമകുമാര്‍ സാക്ഷ്യപ്പെടുത്തുന്നു.
2011 ജൂണ്‍ ആദ്യ വാരത്തിലായിരുന്നു കുമളി മേപ്പാറ കോളനിയില്‍ നാലര വയസ്സുകാരിയായ പെണ്‍കുട്ടി അതിക്രൂരമായി ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. നാട് നടുങ്ങിയ കൊലപാതകത്തെക്കുറിച്ച് അന്വേഷിച്ച പോലീസിനെ പോലും വഴിതെറ്റിച്ചു വിട്ടു 13 കാരനായ പ്രതി. കൊടും കുറ്റവാളികള്‍ പോലും ചെയ്യാനറയ്ക്കുന്ന രീതിയിലാണ് ആ കുരുന്നു പെണ്‍കുട്ടിയെ കൊന്ന് മരപ്പൊത്തില്‍ ഒളിപ്പിച്ചത്. അവനും അരക്ഷിതമായ കുടുംബത്തില്‍ നിന്നും വന്നവനായിരുന്നു. എത്ര വേണമെങ്കിലുമുണ്ട് അരക്ഷിതമായ ചുറ്റുപാടില്‍ വളരുന്ന കുട്ടികള്‍ കുറ്റകൃത്യങ്ങളിലേക്ക് പിച്ചവെച്ചു നടന്നതിനുള്ള ഉദാഹരണങ്ങള്‍.