Connect with us

Malappuram

ചുവട് പിഴച്ചപ്പോള്‍ അക്ബറലിക്ക് നഷ്ടമായത് ജീവിത പ്രതീക്ഷകള്‍

Published

|

Last Updated

കോട്ടക്കല്‍: ഉയരങ്ങളിലേക്കുള്ള ചാട്ടം ചുവട് പിഴച്ചപ്പോള്‍ വീണുപോയത് അക്ബറലിയുടെ പ്രതീക്ഷകള്‍. നന്നെ ചെറുപ്പത്തില്‍ ജീവിതം കിടപ്പിലായതിന്റെ ദുരിതത്തില്‍ നിന്നും കരകയറാനാകുമെന്ന പ്രതീക്ഷയിലാണ് ഈ ഇരുപത്കാരന്‍.
ഹൈജമ്പില്‍ ഉയരങ്ങള്‍ കീഴടക്കുന്നതിനിടയിലാണ് ചങ്കുവെട്ടി കളത്തില്‍ മുഹമ്മദ് ബാവയുടെ മകന്‍ അക്ബറലിക്ക് ചുവട് പിഴച്ചത്. 2007ല്‍ രാജാസ് സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് നടന്ന കായിക മത്സരത്തിലെ ഹൈജബിംഗിനിടെ തല കുത്തി വീണ അക്ബറലിയുടെ കഴുത്തിന് പരുക്കേല്‍ക്കുകയായിരുന്നു. ഇതോടെ ശരീരം പൂര്‍ണമായും തളര്‍ന്നു. പരസഹായം ഇല്ലാതെ പ്രാഥമിക കാര്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ കഴിയാത്ത സ്ഥിതിയിലായി. സ്വകാര്യ ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മൂന്ന് മാസത്തിന് ശേഷം ഇവിടെ നിന്നും തിരിച്ചയച്ചു. പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ഏഴ് മാസത്തോളം ചികിത്സ തേടി.
ശാരീരിക തളര്‍ച്ചക്കൊപ്പം സാമ്പത്തിക ശേഷിയും ക്ഷയിച്ചപ്പോള്‍ ആയൂര്‍വേദം പരീക്ഷിക്കുകയായിരുന്നു. തുടക്കത്തില്‍ സ്‌കൂള്‍ അധികൃതര്‍ സഹായിച്ചെങ്കിലും അത് പിന്നീടുണ്ടായില്ല. കോട്ടക്കല്‍ പഞ്ചായത്തായിരുന്ന കാലത്തും ചില സഹായം കിട്ടിയതൊഴിച്ചാല്‍ ഇതും നിലച്ചു. മകന്റെ ചികിത്സക്കായി പിതാവും ആവുന്നത് ചെയ്തു. ചികിത്സിച്ചാല്‍ ഭേതമാകുന്നതാണ് അക്ബറലിയുടെ പരുക്കെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പക്ഷേ ഭീമമായ തുക വഹിക്കാന്‍ കുടുംബത്തിനാവുന്നില്ല. സമൂഹത്തിലെ കനിവ് തേടുകയാണ് ഈ യുവാവ്.

Latest