Connect with us

Sports

റഹീം നബിക്ക് പിറകെ അമേരിക്കന്‍ ക്ലബ്‌

Published

|

Last Updated

മുംബൈ: ഇന്ത്യയുടെ പ്ലെയര്‍ ഓഫ് ദ ഇയര്‍, മോഹന്‍ ബഗാന്‍ ഡിഫന്‍ഡര്‍ സയ്യിദ് റഹീം നബി വിദേശ ലീഗിലേക്ക് ചേക്കേറാനൊരുങ്ങുന്നു. ഫ്രഞ്ച് സ്‌ട്രൈക്കര്‍ തിയറി ഓന്റിയും അയര്‍ലന്‍ഡ് സൂപ്പര്‍ താരം റോബി കീനും പന്തു തട്ടുന്ന അമേരിക്കയിലെ മേജര്‍ ലീഗ് സോക്കര്‍ (എം എല്‍ എസ്) ആണ് ലക്ഷ്യം. എം എല്‍ എസ് ക്ലബ്ബായ ഡി സി യുനൈറ്റഡില്‍ സെപ്തംബറില്‍ ട്രയല്‍സില്‍ പങ്കെടുക്കും റഹീം നബി. വാഷിംഗ്ടണ്‍ ക്ലബ്ബ് ഇന്ത്യന്‍ താരത്തില്‍ ആകൃഷ്ടനായി ട്രയല്‍സില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, സെപ്തംബറിന് മുമ്പ് തന്നെ ട്രയല്‍സിന് ഹാജരാകാന്‍ ഡി സി യുനൈറ്റഡ് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി റഹീം നബി ട്രയല്‍സ് സെപ്തംബറിലാക്കുകയായിരുന്നു. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ വാണിജ്യ പങ്കാളിയായ റിലയന്‍സ്-ഐ എം ജി ഗ്രൂപ്പാണ് ട്രയല്‍സിന് അവസരമൊരുക്കുന്നത്. ഭയരഹിതനായ ഈ വിംഗര്‍ബാക്കിനൊപ്പം ഇന്ത്യയുടെ നിര്‍മല്‍ഛേത്രി, ഗൗരമാംഗി സിംഗ് എന്നിവരും വാഷിംഗ്ടണിലേക്ക് ട്രയല്‍സിന് പോകുന്നുണ്ട്.
റഹീം നബിയുടെ വീഡിയോ ദൃശ്യങ്ങള്‍ കണ്ട ഡി സി യുനൈറ്റഡ് ഐ എം ജി-ആര്‍ ഗ്രൂപ്പിനെ വിവരമറിയിക്കുകയായിരുന്നു. ഐ എം ജിയിലെ രജിസ്‌ട്രേഷന്‍ പ്രകാരമാണ് വിദേശ ട്രാന്‍സ്ഫറുകള്‍. ഇതില്‍ ഗ്രേഡ് വണ്‍, ഗ്രേഡ് ടു വിഭാഗങ്ങളിലായി കളിക്കാരെ തരംതിരിക്കുന്നു. ഗ്രേഡ് ഒന്നില്‍ 35 മുന്‍നിര താരങ്ങളുണ്ട്.