Connect with us

International

ലക്ഷക്കണക്കിന് യു എസ് പൗരന്മാരുടെ ഫോണുകള്‍ ചോര്‍ത്തുന്നു

Published

|

Last Updated

വാഷിംഗ്ടണ്‍: സുരക്ഷാ പ്രശ്‌നങ്ങളുടെ പേരില്‍ ലക്ഷക്കണക്കിന് അമേരിക്കക്കാരുടെ ഫോണുകള്‍ യു എസ് ദേശീയ സുരക്ഷാ ഏജന്‍സി (എന്‍ എസ് എ) ചോര്‍ത്തുന്നു. അമേരിക്കയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ വെരിസോണ്‍ ഉപഭോക്താക്കളുടെ ഫോണുകളാണ് എന്‍ എസ് എക്ക് ചോര്‍ത്തി നല്‍കുന്നത്. അതീവ രഹസ്യമായ കോടതി ഉത്തരവിലൂടെയാണ് ഫോണുകള്‍ ചോര്‍ത്തുന്നതെന്ന് ബ്രിട്ടനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഏപ്രിലിലാണ് രഹസ്യമായി കോടതി ഉത്തരവ് നല്‍കിയത്.
ആഭ്യന്തര ഫോണുകള്‍ക്കൊപ്പം അമേരിക്കയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള ഫോണുകളും ദിവസേന ചോര്‍ത്തുന്നുണ്ട്. ഇവ എന്‍ എസ് എക്ക് കൈമാറാനാണ് കോടതി ഉത്തരവില്‍ പറയുന്നത്. ഉത്തരവിന്റെ പകര്‍പ്പും പത്രം പുറത്തുവിട്ടിട്ടുണ്ട്. യു എസ് പ്രസിഡന്റായി ബരാക് ഒബാമ അധികാരത്തിലെത്തിയ ശേഷം ഇതാദ്യമായാണ് ഇത്തരത്തില്‍ ലക്ഷക്കണക്കിന് അമേരിക്കക്കാരുടെ ഫോണുകള്‍ വ്യാപകമായി ചോര്‍ത്തുന്നത്.
ദ സീക്രട്ട് ഫോറിന്‍ ഇന്റലിജന്‍സ് സര്‍വൈലന്‍സ് കോര്‍ട്ട് (ഫിസ) ഏപ്രില്‍ 25നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിവരങ്ങള്‍ മൂന്ന് മാസക്കാലയളവില്‍ തുടര്‍ച്ചയായി നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നു. ജൂലൈ 19 വരെ ഫോണുകള്‍ ചോര്‍ത്താനാണ് കോടതി അനുമതി നല്‍കിയിട്ടുള്ളത്. എഫ് ബി ഐ നല്‍കിയ അപേക്ഷ പ്രകാരമാണ് കോടതി ഉത്തരവ്. ഫോണുകള്‍ വിളിക്കുന്നവരുടെയും ലഭിക്കുന്നവരുടെയും നമ്പറുകള്‍, സ്ഥലം, സംഭാഷണത്തിന്റെ ദൈര്‍ഘ്യം എന്നിവയാണ് കമ്പനി എന്‍ എസ് എക്ക് കൈമാറുന്നത്. സംഭാഷണത്തിന്റെ ഉള്ളടക്കം ചോര്‍ത്തുന്നില്ല. ഫോണ്‍ വിശദാംശങ്ങള്‍ എന്‍ എസ് എയുടെ സിസ്റ്റത്തിലേക്ക് നേരിട്ട് നല്‍കുകയാണ്.
എന്നാല്‍, ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണം എന്‍ എസ് എയും വൈറ്റ് ഹൗസും നിഷേധിച്ചിട്ടുണ്ട്. വെരിസോണ്‍ കമ്പനി വക്താവ് എഡ് മക് ഫാദന്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ജോര്‍ജ് ബുഷ് അധികാരത്തിലിരിക്കുന്ന സമയം വ്യാപകമായി ഫോണുകള്‍ എന്‍ എസ് എ ചോര്‍ത്തിയിരുന്നതായി സുരക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരുന്നു.

Latest