Connect with us

Idukki

തൊടുപുഴയില്‍ മുജാഹിദ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി; എട്ട് പേര്‍ക്ക് പരുക്ക്

Published

|

Last Updated

തൊടുപുഴയില്‍ മുജാഹിദ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുന്നു

തൊടുപുഴ: മുജാഹിദ് ഔദ്യോഗിക വിഭാഗത്തിലെ ഇരു ഗ്രൂപ്പുകള്‍ തമ്മില്‍ വെള്ളിയാഴ്ച  ജുമുഅ നിസ്‌കാരത്തിന് ശേഷം പളളിക്ക് മുന്നില്‍ ഏറ്റുമുട്ടി. ഔദ്യോഗിക വിഭാഗത്തിന്റെ കൈവശമുളള സലഫി മസ്ജിദിന് മുന്നിലാണ് സംഭവം. ജിന്ന് വിവാദത്തിന്റെ പേരില്‍ സംഘടനയില്‍ നിന്നും പുറത്താക്കപ്പെട്ടവരും നിലവിലുളള ഭാരവാഹികളും തമ്മിലാണ് ഇടഞ്ഞത്. നിസ്‌കാരത്തിന് എത്തിയ സ്്ത്രീകളും കുട്ടികളും അടക്കമുളള നിരവധി പേരുടെ മുന്നില്‍ വെച്ചാണ് സംഭവം. പരിക്കേറ്റ ഇരു വിഭാഗത്തിലും പെട്ട എട്ടോളം പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

അടുത്ത കാലത്ത് ജിന്ന് വിവാദമെന്ന പേരില്‍ സംഘടനയില്‍ ഭിന്നതയുണ്ടായിരുന്നു. ജിന്നു സേവ ശരിയാണെന്ന് വാദിച്ച് ചിലര്‍ രംഗത്തെത്തുകയും ഇവരെ സംഘടനയില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. ഐ എസ് എമ്മിന്റെയും കെ എന്‍ എമ്മിന്റെയും ജില്ലാ ഭാരവാഹികളായിരുന്ന ഷിയാസ്, എം എ നിസാര്‍ തുടങ്ങിയവരെയാണ് പുറത്താക്കിയത്. നടപടിക്കെതിരെ ഇവര്‍ തൊടുപുഴ മുന്‍സിഫ് കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിന് ശേഷവും ഇവര്‍ തങ്ങളുടെ നിലപാടുകള്‍ പ്രചരിപ്പിക്കുന്നതിനായി സംവാദങ്ങളും മറ്റും നടത്തിയിരുന്നു.

വിമത വിഭാഗം ഇന്നലെ നിസ്‌കാരത്തിന് ശേഷം “മതം സുരക്ഷയാണ് ” എന്ന ലഘുലേഖ വിതരണം ചെയ്തതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. ഇത് ഔദ്യോഗിക പക്ഷം തടഞ്ഞു. 15 മിനുട്ടോളം പളളിക്ക് മുന്നില്‍ ഇരുകൂട്ടരും തമ്മിലടിച്ചു. ഇതേ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയവരും വഴിപോക്കരും സംഘര്‍ഷം ഭയന്ന് സ്ഥലം വിട്ടു. അതേസമയം പ്രസ്ഥാനത്തിന് വിരുദ്ധമായ ആശയങ്ങള്‍ പ്രചരിപ്പിച്ചതിന്റെ പേരില്‍ പുറത്താക്കപ്പെട്ടവര്‍ ബോധപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് കെ എന്‍ എം ജില്ലാ ഭാരവാഹികള്‍ ആരോപിച്ചു. എന്നാല്‍ തികച്ചും ഇസ്‌ലാമികമായ ദര്‍ശനങ്ങള്‍ പ്രചരിപ്പിച്ചതിനാണ് തങ്ങളെ പുറത്താക്കിയതെന്നാണ് മറുവിഭാഗത്തിന്റെ നിലപാട്.