Connect with us

Kerala

മോഡിയുടെ ശിവഗിരി സന്ദര്‍ശനം: പ്രതിഷേധം ശക്തമാകുന്നു

Published

|

Last Updated

തിരുവനന്തപുരം: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ ശിവഗിരി സന്ദര്‍ശനത്തിനെതിരായ പ്രതിഷേധം വ്യാപകമാകുന്നു. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ശിവഗിരി മഠത്തിന്റെ നിലപാടിനെതിരെ പരസ്യമായി രംഗത്തുവരികയാണ്.

കേരളീയ നവോത്ഥാനത്തിന്റെയും അധ:സ്ഥിത വിമോചനത്തിന്റെയും നെടുംതൂണായ ശ്രീനാരായണ പ്രസ്ഥാനത്തെ സംഘപരിവാറിന് തീറെഴുതിക്കൊടുക്കാനുള്ള നീചമായ ശ്രമത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് പുരോഗമന സാംസ്‌കാരിക പ്രവര്‍ത്തകരോട് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു.
ഇന്ത്യയിലെ പല സംസ്ഥാന മുഖ്യമന്ത്രിമാരിലൊരാളും പല രാഷ്ട്രീയ നേതാക്കളിലൊരാളും മാത്രമല്ല നരേന്ദ്ര മോഡി. നൂറ്റാണ്ടുകളുടെ സമര, സംവാദ, കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയകളിലൂടെ രൂപപ്പെട്ട ഇന്ത്യന്‍ ഭരണഘടന, രാഷ്ട്ര സുരക്ഷിതത്വം, സംസ്ഥാന പുന:സംഘടന, സിവില്‍ ക്രിമിനല്‍ കോഡുകള്‍ എന്നിവയെയെല്ലാം നഗ്നമായി ലംഘിക്കുന്ന ഒരു കുറ്റവാളിയാണ് മോഡി. മാനവികതയെയും അതിന്റെ കരുണാര്‍ദ്രമായ നിലപാടുകളെയും പിച്ചിച്ചീന്തിയ മോഡിയുടെ ചെയ്തികളെ അന്താരാഷ്ട്ര സമൂഹം അപലപിക്കുകയും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ മോഡി വിചാരണക്ക് വിധേയനാകണം എന്ന് അഭിപ്രായപ്പെടുകയും ചെയ്തിട്ടുള്ളതാണ്.
ആയിരക്കണക്കിന് മുസ്‌ലിംകളെ കൊന്നൊടുക്കുകയും ബലാല്‍സംഗം ചെയ്യുകയും പതിനായിരക്കണക്കിനാളുകളെ ഭവനരഹിതരാക്കുകയും ചെയ്ത 2002ലെ വംശഹത്യക്ക് രാഷ്ട്രീയവും സാമുദായികവും ധാര്‍മികവുമായ നേതൃത്വം കൊടുത്തത് മോഡിയല്ലാതെ മറ്റൊരാളല്ല എന്ന് ലോകര്‍ മുഴുവന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കോര്‍്പറേറ്റ് സാമ്രാജ്യത്വത്തിന്റെ ടിപ്പണി അനുസരിച്ചുള്ള വികസനമാതൃകയുടെ പേരിലാണ് ഇപ്പോള്‍ മോഡി കൊട്ടിഘോഷിക്കപ്പെടുന്നത്.
തലതിരിഞ്ഞ ഈ മനുഷ്യാവകാശവിരുദ്ധ വികസന മോഡലിനെയാണ് മോഡി മാജിക് എന്ന് വിളിക്കുന്നത്. മോഡി മാജിക് എന്ന സാമൂഹിക ദുര്‍മന്ത്രവാദത്തിന്റെ തീക്കുണ്ഡത്തില്‍ വീണടിയുന്ന ഈയാംപാറ്റകളായി കേരളീയരെയും അധ:പതിപ്പിക്കാനുള്ള പരിശ്രമമാണ് വര്‍ക്കല ശിവഗിരിയില്‍ മോഡിയെ എഴുന്നള്ളിപ്പിക്കാനുള്ള തീരുമാനത്തിന്റെ പിറകിലുള്ളതെന്ന് പുരോഗമന കലാസാഹിത്യ സംഘം ജനറല്‍ സെക്രട്ടറി പ്രൊഫ. വി എന്‍ മുരളി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.