Connect with us

Eranakulam

കുസാറ്റ് ബഡ്ജറ്റ്: കൊച്ചി സര്‍വ്വകലാശാലയില്‍ അക്കാദമിക് ഓഡിറ്റ്‌

Published

|

Last Updated

കൊച്ചി: അധ്യാപക-പഠന നിലവാരം ഉയര്‍ത്തുന്നതു ലക്ഷ്യമിട്ട് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില അക്കാദമിക് ഓഡിറ്റ് നടപ്പില്‍ വരുത്തും. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെയും യു ജി സിയുടെയും മാര്‍ക്ഷ നിര്‍ദ്ദേശങ്ങള്‍ പിന്‍തുടരുമെന്ന് സര്‍വ്വകലാശാല ബജററ് അവതരിപ്പിച്ചുകൊണ്ട് സിന്‍ഡിക്കേറ്റ് ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ പ്രൊഫസര്‍ ലോപ്പസ് മാത്യു പറഞ്ഞു. പരീക്ഷാ ഫലം മെച്ചപ്പെടുത്താന്‍ സമഗ്ര പദ്ധതി നടപ്പില്‍ വരുത്തും.
അക്കാദമിക് ഓഡിറ്റിനു പുറമേ സര്‍വ്വകലാശാലയുടെ ഭരണ തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് വേണ്ടി അഡ്മിനിസ്‌ട്രേറ്റീവ് ഓഡിറ്റും നടപ്പിലാക്കും. അരുവിത്തുറയില്‍ സര്‍വ്വകലാശാലക്ക് പ്രാദേശിക കേന്ദ്രം സ്ഥാപിക്കാന്‍ നടപടിയെടുക്കും. സര്‍വ്വകലാശാലയുടെ സദ്ഫലങ്ങള്‍ അകലെയുള്ളവര്‍ക്ക് പോലും പ്രയോജനപ്പെടുത്തുന്നതിന്ന് വേണ്ടി ആലപ്പുഴയിലും തിരുവനന്തപുരത്തും പ്രേദേശിക കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള പ്രാഥമിക ശ്രമങ്ങല്‍ നടന്നുവരികയാണ്. പ്രാദേശിക കേന്ദ്രങ്ങളില്‍ ബി. കോം, എല്‍ എല്‍ ബി കോഴ്‌സുകള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നതായി പ്രൊഫ. ലോപ്പസ് മാത്യു ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
സര്‍വ്വകലാശാലയില്‍ സമഗ്ര ഇ-ഗവേണന്‍സ് നടപ്പിലാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച അഞ്ച് കോടി രൂപ ഉപയോഗിച്ച് ഇന്റര്‍ യൂണിവേഴ്‌സിറ്റി കണക്ടിവിറ്റി, ഡാറ്റാ സെന്റര്‍, കാംപസ് നെറ്റ് വര്‍ക്കിംഗ്, ഡോക്യുമെന്റേഷന്‍ മാനേജ്‌മെന്റ് സിസ്റ്റം, ബയോ മെട്രിക് ഹാജര്‍, കേന്ദ്രീകൃത അഡ്മിഷന്‍, പരീക്ഷാ ഫിനാന്‍സ് വകുപ്പുകളുടെ കമ്പ്യൂട്ടര്‍ വത്കരണം എന്നിവ നടപ്പിലാക്കും. നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററുമായി ഇതു സംബന്ധിച്ച ചര്‍ച്ച ആരംഭിച്ചു കഴിഞ്ഞു.
സ്വാശ്രയ സ്ഥാപനങ്ങളുടേതടക്കം 220.63 കോടി രൂപ വരവും 233.96 കോടി രൂപ ചിലവും പ്രതീക്ഷിക്കുന്ന 13.33 കോടിയുടെ കമ്മി ബജറ്റാണ് ഇക്കുറി കൊച്ചി സര്‍വ്വകലാശാലയുടേത്. സ്വാശ്രയ സ്ഥാപനങ്ങളുടെ വരവ് ചിലവ് കണക്കുകള്‍ ഒഴിവാക്കിയാല്‍ കമ്മി 33.50 കോടി ആയി ഉയരും.
സര്‍ക്കാരില്‍ നിന്ന് അനുവദിച്ച നോണ്‍-പ്ലാന്‍ ഗ്രാന്റിനു പുറമേ യു ജി സി ശമ്പള കുടിശ്ശികയായി ലഭിക്കാനുള്ള 16.70 കോടി രൂപ കൂടി ലഭിക്കും എന്ന പ്രതീക്ഷയിലാണ് കമ്മി 13.33 കോടി രൂപയെന്ന് കണക്കുകൂട്ടുന്നതെന്ന് പ്രൊഫ. ലോപ്പസ് മാത്യു പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നോണ്‍-പ്ലാന്‍ ഗ്രാന്റില്‍ അമ്പത് ശതമാനം വര്‍ദ്ധന നല്‍കിയത് സര്‍വ്വകലാശാലയെ സംബന്ധിച്ച് ഏറെ ആശ്വാസമായെങ്കിലും കമ്മി തുടരുകയാണെന്നദ്ദേഹം പറഞ്ഞു.
സര്‍വ്വകലാശാലയിലെ ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിനും വാട്ടര്‍ അതോറിറ്റിയില്‍ നിന്ന് വാണിജ്യ നിരക്കില്‍ വെള്ളം വാങ്ങുന്നതു മൂലമുള്ള കനത്ത ചെലവ് നിയന്ത്രിക്കുന്നതിനും വേണ്ടി 1.25 കോടി ചെലവില്‍ തൃക്കാക്കര കാംപസില്‍ വാട്ടര്‍ ഹാര്‍വെസ്റ്റിംഗ് സ്‌കീം നടപ്പിലാക്കും. കാമ്പസില്‍ സൗരോര്‍ജം അടക്കം ബദല്‍ ഊര്‍ജ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും മാലിന്യ സംസ്‌കരണ പദ്ധതി നടപ്പില്‍ വരുത്തുന്നതിനും ബജറ്റില്‍ പദ്ധതിയിടുന്നു. അക്കാദമിക-വ്യവസായ മേഖലകള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും വിദ്യാര്‍ത്ഥി സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേറ്റര്‍ ആരംഭിക്കും. മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കുന്ന അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അവാര്‍ഡ് നല്‍കുന്നതിനും സ്വാശ്രയ മേഖലയിലെ ബി. ടെക് വിദ്യാര്‍ത്ഥികള്‍ക്കായി മെറിറ്റ് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നതിനും ബജറ്റില്‍ വ്യവസ്ഥയുണ്ട്. സര്‍വ്വകലാശാലയിലെ അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥരുടെ പരിശീലനത്തിനു വേണ്ടി 25 ലക്ഷം വകയിരുത്തി. നോണ്‍-പ്ലാന്‍ മേഖലയിലെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് വിവിധ ഫീസിനങ്ങളിലും മറ്റം അഞ്ച് ശതമാനം വാര്‍ഷിക വര്‍ദ്ധന വരുത്താനും ബി.—ടെക് സ്വാശ്രയ കോഴ്‌സുകളിലെ (2014 അക്കാദമിക് പ്രവേശനം) എന്‍ ആര്‍ ഐ സംവരണം പത്തില്‍ നിന്നും പതിനഞ്ചായി ഉയര്‍ത്താനും ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്. സ്വാശ്രയ മേഖലയിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓവര്‍ ഹെഡില്‍ നിലവിലുള്ള 20 ശതമാനം ലവി 25 ശതമാനമായി ഉയര്‍ത്തും.
സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് നടത്തുന്ന എം ബി എ (ട്രാവല്‍ ആന്റ് ടൂറിസം), എം ബി എ(ഐ ബി) എന്നീ കോഴ്‌സുകളുടെ പകുതി സീറ്റുകള്‍ ഫ്രീ സീറ്റായി കണക്കാക്കും. ഈ ഫ്രീ സീറ്റുകള്‍ക്ക് സെമസ്റ്റര്‍ ഫീസ് 20,000 രൂപ മാത്രം ഈടാക്കുമ്പോള്‍ ബാക്കി സീറ്റുകളില്‍ 45,000 രൂപ ഫീസ് തുടരും. 2013 പ്രവേശനം മുതല്‍ ഇതു നടപ്പില്‍ വരും. എസ് എം എസ്സിന് പുതിയ മന്ദിരം നിര്‍മ്മിക്കും.
എ ഐ സി ടി ഇ യുടെ പരിധിയില്‍ വരുന്ന വിവിധ അക്കാദമിക് കോഴ്‌സുകളില്‍ കേന്ദ്ര നിര്‍ദ്ദേശപ്രകാരം വിദേശികള്‍, മറ്റ് ഇന്ത്യന്‍ വംശജര്‍, ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഇന്ത്യാക്കാരുടെ മക്കള്‍ തുടങ്ങിയവര്‍ക്കായി സൂപ്പര്‍ ന്യൂമറി ക്വാട്ട ഏര്‍പ്പെടുത്തും. സ്വാശ്രയ മേഖലയില്‍ ബി.ടെക്, എം.—ടെക്ക് സായാഹ്ന കോഴ്‌സുകള്‍ തുടങ്ങും. എസ് ഒ ഇ, കുസെക്, എന്നിവിടങ്ങളിലെ അധ്യാപകരുടെ നിയമനത്തിന് സര്‍ക്കാര്‍ അംഗീകാരം നേടിയെടുക്കാനും ശമ്പളം അനുവദിപ്പിക്കാനും സത്വര നടപടി സ്വീകരിക്കും.
കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ. രാമചന്ദ്രന്‍ തെക്കേടത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബജറ്റ് സമ്മേളനത്തില പ്രൊ-വൈസ് ചാന്‍സലര്‍ ഡോ. ഗോഡ്‌ഫ്രെ ലൂയിസ്, സിന്‍ഡിക്കേറ്റ് അംഗങ്ങളായ ശ്രീ സണ്ണി പി ജോസ്, ഡോ കെ എ സക്കറിയ, ഡോ. കെ സാജന്‍, ഡോ. എ മുജീബ്, ഡോ. കെ മോഹന്‍ കുമാര്‍, ഡോ. കെ വാസുദേവന്‍, ഡോ. ഫിലിപ് കുര്യന്‍, പ്രൊഫ. നെടുമുടി ഹരികുമാര്‍, ശ്രീ ഐ കെ ജയദേവ്, ഡോ. മെഹ്മൂദാ ബീഗം, ശ്രീ എം ഷെരീഫ്, ശ്രീ ടോണി റാഫി, സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ. എ രാമചന്ദ്രന്‍, ഫിനാന്‍സ് ഓഫീസര്‍ സെബാസ്റ്റ്യന്‍ ഔസേപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.