Satellite images
അക്‌സായ് ചിന്നില്‍ ചൈന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ഉപഗ്രഹ ചിത്രങ്ങള്‍
ആറിടങ്ങളിലാണ് സൈനിക ബങ്കറുകളും ആയുധപ്പുരകളും നിര്‍മിക്കുന്നത്
ന്യൂഡല്‍ഹി | ലഡാക്കിലെ അക്‌സായ് ചിന്നില്‍ ചൈന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ഉപഗ്രഹ ചിത്രങ്ങള്‍. ആറിടങ്ങളിലാണ് സൈനിക ബങ്കറുകളും ആയുധപ്പുരകളും നിര്‍മിക്കുന്നത്. 15 ചതുരശ്ര കിലോമീറ്ററില്‍ നിര്‍മാണം നടക്കുന്നതായാണു വ്യക്തമായിരിക്കുന്നത്.
യഥാര്‍ഥ നിയന്ത്രണരേഖയില്‍നിന്ന് 70 കിലോമീറ്റര്‍ അകലെയാണ് നിര്‍മാണം നടത്തുന്നത്. അക്‌സായ് ചിന്നിലെ ആറിടങ്ങളില്‍ ചൈന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി മാക്‌സര്‍ ടെക്‌നോളജീസ് പുറത്തുവിട്ട ഉപഗ്രഹചിത്രങ്ങളിലാണു വ്യക്തമാവുന്നത്.
സൈനിക ബങ്കറുകളും ആയുധങ്ങള്‍ സൂക്ഷിക്കാനുള്ള സംവിധാനങ്ങളുമാണ് തയ്യാറാക്കുന്നതെന്നാണു സൂചന. അതിനിടെ, ഇന്ത്യയുടെ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ഭൂപടം പ്രസിദ്ധീകരിച്ചതില്‍ ചൈനയെ കടുത്ത പ്രതിഷേധം അറിയിച്ച് ഇന്ത്യ.
സംഭവത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് രാഹുല്‍ ഗാന്ധിയും കര്‍ശന നടപടി വേണമെന്ന് ശശി തരൂരും ആവശ്യപ്പെട്ടു. ഭൂപടം പ്രസിദ്ധീകരിക്കുന്നത് പതിവ് നടപടിയാണെന്നും അമിത വ്യാഖ്യാനം വേണ്ടെന്നുമാണ് വിവാദങ്ങള്‍ക്ക് ചൈനയുടെ മറുപടി.
ദക്ഷിണ ടിബറ്റ് എന്നു ചൈന വിശേഷിപ്പിക്കുന്ന അരുണാചല്‍പ്രദേശും 1962ലെ യുദ്ധത്തില്‍ പിടിച്ചെടുത്ത അക്‌സായ് ചിന്നും സ്വന്തമാണെന്ന് അവകാശപ്പെട്ടാണ് ചൈനയുടെ പ്രകൃതി വിഭവ മന്ത്രാലയം ഭൂപടം പുറത്തിറക്കിയത്.
ഇത്തരം പ്രവൃത്തികള്‍ ചൈനയുടെ ശീലമാണെന്നും അസംബന്ധമായ വാദങ്ങള്‍ കൊണ്ട് ഒരു മാറ്റവും വരുത്താന്‍ കഴിയില്ലെന്നും വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ പറഞ്ഞു.


