Kerala
സി എം ആര്‍ എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാട്; പിണറായി വിജയന്‍ ഒന്നാം പ്രതിയായി വിജിലന്‍സ് എഫ് ഐ ആര്‍
രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്
തിരുവനന്തപുരം | സി എം ആര്‍ എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഒന്നാം പ്രതിയായി വിജിലന്‍സ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അഴിമതിനിരോധന നിയമപ്രകാരമാണ് ആദ്യ കേസ്. കുഴല്‍പ്പണ ഇടപാട് ആരോപണവുമായി ബന്ധപ്പെട്ടാണ് രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് വിജിലന്‍സ് കേസെടുത്തത്.
പിണറായി വിജയനും മുഹമ്മദ് റിയാസും ഒരു കേസില്‍ മാത്രമാണ് പ്രതിയാകുന്നത്. വീണ ടി രണ്ട് കേസുകളിലും പ്രതിയാണ്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ഉടന്‍ രൂപീകരിക്കാനാണ് തീരുമാനം. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ പിണറായി വിജയന്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്തിരിക്കുന്നത്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്താനായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ കേസെടുത്ത് അന്വേഷണം നടത്താമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരിവിടുകയായിരുന്നു. സര്‍ക്കാരിന്റെ അനുമതിയില്ലാതെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഡി ജി പി ഇറക്കിയ ഉത്തരവ് കോടതി റദ്ദാക്കിയിരുന്നു.
ഇ ഡി നല്‍കിയ കത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷം എഫ് ഐ ആര്‍ എന്നതായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഈ വാദം തള്ളിയാണ് പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്നും നേരിട്ട് എഫ് ഐ ആര്‍ ഇടാമെന്നും ഹൈക്കോടതി വ്യക്തമാക്കിയത്. ഇഡിയുടെ വാദം ശരിവെച്ചാണ് ഇ ഡി കത്തിന്റെ അടിസ്ഥാനത്തില്‍ നേരിട്ട് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. കെ എം ഷാജഹാന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്.
സിഎംആര്‍എല്‍-എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് സീല്‍ചെയ്ത കവറില്‍ ചില വിവരങ്ങള്‍ ഇഡി സംസ്ഥാന സര്‍ക്കാരിന് കൈമാറിയിരുന്നു. ഇതില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരായി വിവരങ്ങളാണ് ഉണ്ടായിരുന്നത്. ഇതേ വിവരങ്ങള്‍ സീല്‍ ചെയ്ത കവറില്‍ ഇ ഡി ഹൈക്കോടതിക്കും കൈമാറിയിരുന്നു. ഈ വിവരങ്ങളെല്ലാം ഹൈക്കോടതി പരിശോധിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇ ഡി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്.
ContentHighlights:
Vigilance filed two FIRs naming Pinarayi Vijayan as the prime accused in the CMRL-Exalogic financial transaction case. The action followed interim orders from the Kerala High Court rejecting the government’s stance. Veena Vijayan has been named as an accused in both cases.

