ആത്മായനം
ഓര്മകള്ക്ക് ക്ലാവ് പിടിക്കാത്ത സമ്മാനങ്ങള്
സമയാസമയങ്ങളിൽ മാതാപിതാക്കളിൽ നിന്ന് ലഭിക്കേണ്ട ശിക്ഷണങ്ങളിലെ പാകക്കുറവാണ് ഈ പരാജയത്തെ വിളിച്ച് വരുത്തിയത്. അവരോടുള്ള സമീപനങ്ങൾ, പറയുന്ന വാക്കുകൾ, കൊടുക്കുന്ന സമ്മാനങ്ങൾ എല്ലാം അവരുടെ ജീവിതത്തിൽ പ്രകാശമാകുന്ന വെളിച്ചത്തരികളാകണം. അല്ലാത്തവയൊക്കെയും തിരിഞ്ഞുകൊത്തും.
പ്രിയപ്പെട്ട രക്ഷിതാക്കളേ… നമ്മുടെ പരലോകത്തേക്കുള്ള കരുതിവെപ്പും ഭൗമിക ജീവിതത്തിന്റെ അഴകുമാണ് നമ്മുടെ മക്കൾ. നമുക്ക് സ്വർഗം ലഭിക്കാൻ കാരണമാകുന്ന കൺകുളിർമയുള്ള മക്കളായി അവർ മാറണം. എത്രയെത്ര മാതാപിതാക്കൾ മക്കളിലൂടെ വലിയ ആത്മീയോന്നതികൾ വരിച്ചിട്ടുണ്ട്. സ്വർഗീയ വല്ലരികൾ പ്രാപ്യമാകുംവിധം വലിയ വിശുദ്ധികൾ നേടിയിട്ടുണ്ട്!! അതേ സമയം മക്കൾ കാരണം കണ്ണീർ കുടിച്ച് നൊന്ത് കഴിയേണ്ടി വന്ന മാതാപിതാക്കളുമുണ്ടേറെ. ഹതഭാഗ്യർ.
സമയാസമയങ്ങളിൽ മാതാപിതാക്കളിൽ നിന്ന് ലഭിക്കേണ്ട ശിക്ഷണങ്ങളിലെ പാകക്കുറവാണ് ഈ പരാജയത്തെ വിളിച്ച് വരുത്തിയത്. അവരോടുള്ള സമീപനങ്ങൾ, പറയുന്ന വാക്കുകൾ, കൊടുക്കുന്ന സമ്മാനങ്ങൾ എല്ലാം അവരുടെ ജീവിതത്തിൽ പ്രകാശമാവുന്ന വെളിച്ചത്തരികളാകണം. അല്ലാത്തവയൊക്കെയും തിരിഞ്ഞുകൊത്തും.
ഊണുമുറക്കും സന്തോഷങ്ങളും മാറ്റി വെച്ച് ലാളിച്ച് വളർത്തിയ മക്കൾ മാതാപിതാക്കളുടെ കൊലയാളിയും അപമാനവും ദുരിതവുമൊക്കെയായി മാറിയ എത്രയേറെ സംഭവങ്ങൾക്ക് സാക്ഷിയാണ് നമ്മൾ.
നെടുമ്പാശേരിയിലെ അപകടത്തിന്റെ നടുക്കം നമുക്ക് മാറിയിട്ടില്ല. പണത്തിന്റെ ഹുങ്കാരത്തിൽ മദ്യപിച്ച് മാതാപിതാക്കൾ സമ്മാനിച്ച വാഹനത്തിൽ സഞ്ചരിച്ച് മൂന്ന് ജീവനുകളെ അപഹരിച്ച ആ കൗമാരക്കാരൻ നമുക്കെത്ര വേദനയാണ് തന്നത്. അവനോടുള്ള ഇഷ്ടത്തിൽ ആ മാതാപിതാക്കൾ എന്ത് സമ്മാനമായിരുന്നു കൂട്ടരേ കൊടുക്കേണ്ടിയിരുന്നത്. പതിനെട്ട് വർഷങ്ങൾക്കിടെ അവർ കൊടുത്ത സമ്മാനങ്ങളത്രയും ആ കുഞ്ഞിന് എന്ത് പ്രയോജനമാണ് ചെയ്തിട്ടുണ്ടാവുക. മദ്യപാനവും നന്മയില്ലാത്ത കൂട്ടുകെട്ടുമടക്കം അനാശ്യാസ പ്രവണതകളിൽ നിന്ന് തിരികെ നടത്തുന്ന സമ്മാനങ്ങൾ വാങ്ങിക്കൊടുക്കാൻ അവർ മറന്നുപോയിരിക്കുന്നു.
അബ്ദുൽ ഖാദിർ എന്ന കുഞ്ഞുമോന് ഉമ്മകൊടുത്ത “മോനേ ഒരാളോടും വ്യാജം പറയരുത് ‘ എന്ന വെളിച്ചമുള്ള സമ്മാനം വൻ കൊള്ളസംഘത്തെ ഏറ്റവും നല്ലവരാക്കി പരിവർത്തിപ്പിക്കാൻ പോന്നതായിരുന്നുവല്ലോ. അങ്ങനെയുള്ള സമ്മാനങ്ങൾ ആ മകനെ ശൈഖ് ജീലാനി(ഖ:സി) ആക്കി മാറ്റി.
രക്ഷിതാക്കളേ… മക്കളെ കുറിച്ച് നമുക്കേറെ കാളലുണ്ട്. ഉള്ളിൽ ആളുന്ന തീയുണ്ട്. മക്കൾ പിഴക്കുമെന്ന ഘട്ടത്തിലൊക്കെയും മഹാന്മാർ അതിനെ പ്രതിരോധിച്ചത് ഹൃദയം തൊട്ടുള്ള പ്രാർഥനകൾ കൊണ്ടാണ്. ബഹുമാനപ്പെട്ട ഉമർ (റ) അവിടുത്തെ മകൻ മദ്യപാനിയായ ഘട്ടത്തിൽ അവന്റെ വിഷയത്തിൽ ഹൃദയമുരുകി പ്രാർഥിച്ചു. മദ്യപാനത്തോട് വല്ലാത്ത രോഷമുണ്ടാകും വിധം തൗബ ചെയ്തു മടങ്ങിയ മകനെയാണ് പിന്നീട് കണ്ടത്. പഠനത്തിൽ പിറകിലായ മകന് വേണ്ടി ദുആ ചെയ്തപ്പോൾ ക്ഷിപ്ര ഫലമുണ്ടായെന്ന് ഇമാം ശഅറാനി(റ) സാക്ഷ്യപ്പെടുത്തുന്നുണ്ട്.
മകൻ മദ്യപാനിയാണെന്ന് കേട്ട് തരിച്ച ഒരു സ്വൂഫി ഗുരുവിന്റെ ആവലാതി “ഞാൻ മോനേ അങ്ങനെയല്ലല്ലോ വളർത്തിയതെന്നായിരുന്നു. മദ്യലഹരിയിൽ തനിക്ക് മുന്നിൽ വന്ന് നിൽക്കുന്ന മകനെ കണ്ടപ്പോൾ ഹൃദയം കത്തിപ്പോയ ആ മഹാൻ പ്രാർഥനയിലായി “എന്റെ മകൻ അലിയ്യിനെ മികവുള്ളവനാക്കാൻ എനിക്ക് സാധിക്കുന്നില്ല. നീ അവന് അദബ് പഠിപ്പിക്കണേ’ എന്ന കണ്ണീർ പ്രാർഥന ഫലം കണ്ടു. ദുഷിച്ച പ്രവർത്തനങ്ങൾ നിർത്തി എന്നു മാത്രമല്ല, പിൽക്കാലത്ത് വലിയ അധ്യാത്മിക പണ്ഡിതനായി അദ്ദേഹം മാറി.
സ്നേഹിതരേ… കലാലയങ്ങളിൽ, കളിയിടങ്ങളിൽ, സൈബറിടങ്ങളിൽ പലവിധേന രൂപപ്പെട്ട കൂട്ടുകെട്ടുകളും മനോഭാവങ്ങളും നമ്മുടെ മക്കളെയും ചാപല്യങ്ങളിലേക്ക് നയിക്കുന്നുണ്ട്. സദുപദേശങ്ങൾ കൊണ്ടും പ്രാർഥനകൾ കൊണ്ടും അത്തരം മുൾക്കെണികളിൽ നിന്ന് അവരെ രക്ഷപ്പെടുത്താനാകണം. അവർ പോകുന്നിടത്തേക്കെല്ലാം തെളിക്കുകയല്ല. തെളിവുള്ളിടങ്ങളിലേക്ക് പോകാൻ വിടുകയാണ് വേണ്ടത്. വൈകാരിക വിക്ഷോഭത്തിൽ പെട്ട് മക്കൾക്കെതിരെ പ്രാർഥിച്ചു പോകുന്ന അവസ്ഥയുണ്ടാകരുത്. അതിലും വലിയ അബദ്ധം മറ്റൊന്നില്ല.
നമ്മുടെ പ്രാർഥനയോടൊപ്പം സ്വാലിഹീങ്ങളെ കൊണ്ട് ദുആ ചെയ്യിപ്പിക്കുന്നതിലും ശ്രദ്ധ വേണം. മക്കളെ തിരുദൂതർക്കരികെ (സ) കൊണ്ട് വരികയും ദുആ ചെയ്യിപ്പിക്കുകയും സ്വഹാബത്തിന്റെ ചര്യയായിരുന്നു.കുട്ടികൾക്ക് കൊടുക്കുന്ന സമ്മാനങ്ങൾ നന്മയിലേക്ക് പാലം പണിയുന്നതാകണം. നല്ലത് ചെയ്യാൻ പ്രചോദനമാകുന്ന എന്നെന്നുമോർക്കുന്ന സമ്മാനങ്ങൾ!
ബഹുമാന്യരായ നജ്മുദ്ദീൻ ഗിസ്സി(റ) അയവിറക്കുന്ന അനുഭവമിങ്ങനെ: “ഒരു ദിവസം നോമ്പെടുത്താൽ ഉപ്പ രണ്ട് ദിർഹം സമ്മാനം തരുമായിരുന്നു. അങ്ങനെയാണ് ഏഴാം വയസ്സിൽ നോമ്പെടുക്കാൻ ശീലിച്ചത്. അന്ന് ഒരുപാട് നോമ്പെടുത്ത് സമ്മാനം വാങ്ങിയിട്ടുണ്ട് ഞാൻ. “നന്മകൾ ചെയ്യുന്നവർക്കെല്ലാം ദുആ സമ്മാനമായി കൊടുക്കൽ തിരുനബി(സ)യുടെ സ്വഭാവമായിരുന്നു. ഇമാം നവവി (റ) ശർഹു മുസ്ലിമിൽ രേഖപ്പെടുത്തുന്നു: “നല്ല പെരുമാറ്റത്തിനും പ്രവർത്തനങ്ങൾക്കും ജനങ്ങൾക്കിടയിൽ വെച്ച് കുട്ടികളെ പ്രശംസിക്കുകയും അവരെ സന്തോഷിപ്പിക്കുന്ന സമ്മാനങ്ങൾ നൽകുകയും വേണം’. പ്രചോദിപ്പിക്കപ്പെട്ട നന്മയെ ജീവിതകാലം മുഴുക്കെ നിലനിർത്താൻ അവർ ശ്രദ്ധിക്കുമെന്നതാണ് അതിന് കാരണം.
പ്രിയപ്പെട്ടവരേ… നമ്മുടെ മക്കൾക്ക് നല്ല കൂട്ടുകാരെ നമ്മൾ നിർദേശിക്കണം. നന്മയുടെ സംഘങ്ങളിൽ അവരെ ചേർക്കണം. അവരുടെ പെരുമാറ്റങ്ങളും സംസാരങ്ങളും നിരീക്ഷിക്കുകയും സദുപദേശങ്ങൾ നൽകുകയും വേണം. മയത്തോടെ തിരുത്തണം. ഹാർദമായി പ്രചോദിപ്പിക്കണം. അമിത നിയന്ത്രണങ്ങൾക്ക് പകരം ക്രിയാത്മക രീതികൾ പ്രയോഗിക്കണം. നമ്മൾ അവരുടെ നല്ല മാതൃകകളാകണം. മാതാപിതാക്കൾക്കിടയിലെ സംസാരങ്ങൾ ആദരവോടെയും സ്നേഹപൂർണവുമാകണം. നമ്മുടെ പാരസ്പര്യങ്ങൾ, ഇടപാടുകൾ, ചിട്ടകൾ, ആരാധനകൾ എല്ലാം ക്രമം തെറ്റാത്തതാകണം. നിലവാരമില്ലാത്ത സംസാരങ്ങളും സന്ദേശങ്ങളും സ്റ്റാറ്റസും പോസ്റ്റും നമ്മുടെ ഭാഗത്ത് നിന്നുണ്ടാകരുത്. ഓർക്കുക.. നമ്മളാകുന്ന കണ്ണാടികളാണ് അവരെ പ്രതിഫലിപ്പിക്കുന്നത്.
Content Highlights:
Proper guidance and heartfelt prayers from parents shape children into righteous individuals rather than material gifts. Bad company and lack of upbringing can lead youth astray, requiring gentle correction. Parents must set a good example and pray for their children to foster moral excellence.



